video
play-sharp-fill
മലയോരകർഷകരുടെ മനംതൊട്ട് കേരളയാത്ര: കാർഷിക ദുരന്തം നാടിന് സമ്മാനിക്കുന്ന മേഖല സാമ്പത്തിക ഉടമ്പടിയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം: ജോസ് കെ.മാണി

മലയോരകർഷകരുടെ മനംതൊട്ട് കേരളയാത്ര: കാർഷിക ദുരന്തം നാടിന് സമ്മാനിക്കുന്ന മേഖല സാമ്പത്തിക ഉടമ്പടിയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം: ജോസ് കെ.മാണി

സ്വന്തം ലേഖകൻ

തിരുവമ്പാടി: കര്‍ഷകരക്ഷ സുപ്രധാന മുദ്രാവാക്യമാക്കി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ സ്വീകരണകേന്ദ്രങ്ങളില്‍ ആവേശം തിരതല്ലി. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട് ജില്ലകളിലെ സ്വീകരണത്തിന് ശേഷമാണ് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചത്. സ്വീകരണകേന്ദ്രങ്ങളിലും കടന്നുവന്ന വഴികളിലും യാത്രയെ കാത്തുനിന്ന കര്‍ഷകര്‍ യാത്രയുടെ നായകനുമായി തങ്ങള്‍ അനുഭവിക്കുന്ന വേദനകളും ദുരിതങ്ങളും പങ്കുവെച്ചു.

രാഷ്ട്രീയപാര്‍ട്ടികളുടെ പതിവ് പ്രചരണ ജാഥകളില്‍ നിന്നും വിത്യസ്തമായി കര്‍ഷകരുടെ സങ്കടങ്ങള്‍ തൊട്ടറിഞ്ഞ ജാഥ മലയോര മേഖലകളില്‍ ആവേശത്തിന്റെ തിരതല്ലി. കര്‍ഷകര്‍ക്കൊപ്പം സ്ത്രീകളും യുവാക്കളും വിദ്യാര്‍ത്ഥികളും അടങ്ങുന്ന വലിയ ജനകൂട്ടമാണ് ഓരോ സ്വീകരണകേന്ദ്രങ്ങളിലും തടിച്ചുകൂടിയത്. രാവിലെ തൊട്ടില്‍പ്പാലത്ത് നടന്ന സ്വീകരണസമ്മേളനത്തോടെയാണ് കോഴിക്കോട് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്. തുടര്‍ന്ന് കുറ്റ്യാടി, പാലേരി, കടിയങ്ങാട്,പന്തിരിക്കര വഴി ചക്കിട്ടപ്പാറയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കൂരാച്ചുണ്ട് കട്ടിപ്പാറ വഴി തിരുവമ്പാടിയില്‍ വൈകുന്നേരത്തോടെ നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സമാപിച്ചു.

റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ്, അഡ്വ. മുഹമ്മദ് ഇക്ക്ബാല്‍, വി.സി ചാണ്ടി മാസ്റ്റര്‍, ജോണ്‍ പൂതക്കുഴി,  അഡ്വ.മുഹമ്മദ് ഇക്ക്ബാല്‍, പ്രമോദ് നാരയണ്‍, ഉഷാലയം ശിവരാജന്‍, ജോര്‍ജുകുട്ടി അഗസ്തി, റെജി കുന്നംകോട്, സജി കുറ്റിയാനിമറ്റം, ജെന്നിഗ്‌സ് ജേക്കബ്, മുസ്ലീംലീഗ് നേതാവ് സി.പി ചെറിയമുഹമ്മദ്, കോണ്‍ഗ്രസ്സ് നേതാവ് ബാബു പയ്ക്കാട്ട്, ബേബി കാവുവാട്ടില്‍, കെ.കെ നാരായണന്‍, ശ്രീധരന്‍ മുളവണ്ടല, ജിതേഷ് പുതുക്കാട്, ആവള ഹമീദ്, രാജന്‍ വര്‍ക്കി, സുരേന്ദ്രന്‍ പാലേരി, ബോബി ഓസ്റ്റിന്‍, തുടങ്ങി നിരവധി നേതാക്കള്‍ ജില്ലയിലെ ജാഥ പര്യടനങ്ങള്‍ക്ക് നേതൃത്വം നല്‍കി.  
കാര്‍ഷിക ദുരന്തം സമ്മാനിക്കുന്ന മേഖല സമഗ്ര സാമ്പത്തിക ഉടമ്പടിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. കേരളയാത്രയുടെ കോഴിക്കോട് ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസിയാന്‍ കരാറുകള്‍ ഉള്‍പ്പടെയുള്ള ആഗോള സാമ്പത്തിക ഉടമ്പടികള്‍, പ്രതിസന്ധിയിലാക്കിയ കാര്‍ഷിക മേഖലയുടെ പൂര്‍ണ്ണമായ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ദൃതിയില്‍ ഒപ്പിടാന്‍ ശ്രമിക്കുന്ന മേഖല സമഗ്ര സാമ്പത്തിക ഉടമ്പടി.പാര്‍ലമെന്റില്‍ പോലും ചര്‍ച്ചചെയ്യാതെ ഈ ഉടമ്പടിയില്‍ ഒപ്പിടാന്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അമിത വ്യഗ്രത ഇന്ത്യയുടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ പൂര്‍ണ്ണമായും തകര്‍ക്കും. കരാര്‍ നിലവില്‍ വന്നാല്‍ നിയന്ത്രണങ്ങളില്ലാത്ത ഇറക്കുമതി സാധ്യമാകുന്നതോടെ ഇന്ത്യയിലെ കര്‍ഷകന് ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ല എന്ന സാഹചര്യം ഉണ്ടാകും. മലയോര കര്‍ഷകര്‍ നേരിടുന്ന വന്യജീവികളുടെ അക്രമണത്തില്‍ നിന്ന് സംരക്ഷണം നേരിടാന്‍ ആവശ്യമായ നിയമഭേദഗതിക്ക് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള സഹായം വര്‍ദ്ധിപ്പിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.


തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group