
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൈവരിച്ച നേട്ടങ്ങളെ എന്തിന് കേന്ദ്ര ഭരണ നേതൃത്വം ഭയക്കുന്നുവെന്ന് വ്യക്തമാക്കണം, ഒരു പുരോഗതിയും ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് വരുത്തി തീർക്കാൻ മലയാളികളായ കേന്ദ്രമന്ത്രിമാർ ശ്രമിക്കുന്നത് പ്രബുദ്ധ കേരളത്തോടുള്ള വെല്ലുവിളിയാണെന്നും ജോസ് കെ മാണി
കോട്ടയം: വിദ്യാഭ്യാസ-ആരോഗ്യ-അടിസ്ഥാന വികസന കാര്യങ്ങളിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൈവരിച്ച നേട്ടങ്ങളെ എന്തിന് കേന്ദ്ര ഭരണ നേതൃത്വവും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ഭയക്കുന്നുവെന്ന് വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിനു ശേഷം നാൾ ഇന്നുവരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ സഹായങ്ങൾ വാരിക്കോരി നൽകുകയായിരുന്നു. അതുമായി തുലനം ചെയ്യുമ്പോൾ കേരളത്തിന് കിട്ടിയത് തുച്ഛമായ വിഹിതങ്ങളായിരുന്നു.ആ പരിമിതിയിൽ ഒതുങ്ങി നിന്നു കൊണ്ടാണ് വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിലും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മുന്നിൽ വന്നത്.
ഇത് അവസ്ഥയെ അഭിമുഖീകരിച്ച ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്ര അവഗണനക്കെതിരായി ഉയർത്തിക്കൊണ്ടുവന്ന പ്രക്ഷോഭങ്ങൾ ആ പ്രദേശങ്ങളെ കലാപഭൂമിയാക്കി മാറ്റി. എന്നിട്ടും കേരളം ആ പാതയിലേക്ക് പോയില്ല. പദ്ധതി ആസൂത്രണ മികവുകൊണ്ടും ജനകീയ പങ്കാളിത്തം കൊണ്ടും കേന്ദ്ര സഹായത്തിന്റെ ലഭ്യതയില്ലായ്മയെ എല്ലാ രംഗത്തും മറികടന്ന സംസ്ഥാനമാണ് കേരളം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെ കൈവരിച്ച നേട്ടങ്ങളെ ഇപ്പോൾ എന്തിനാണ് രാഷ്ട്രീയ വൈരാഗ്യത്തോടെ പിറകോട്ടടിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത് എന്ന സംശയമാണ് ഉയരുന്നത്. ഒറ്റയ്ക്ക് ഭരിക്കാൻ ശക്തിയില്ലാത്ത ബിജെപി കേന്ദ്രസർക്കാരിനെ നിലനിർത്താൻ സഹായിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരിയാണ് അനർഹമായ സഹായങ്ങൾ ലഭ്യമാക്കുന്നത്.
കേന്ദ്രസഹായ ധനവും കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കാൻ ബീഹാറിനും ആന്ധ്രാപ്രദേശിനും ഇല്ലാത്ത എന്ത് അയോഗ്യതയാണ് കേരളത്തിനുള്ളതെന്ന് മലയാളികളായി കേന്ദ്ര മന്ത്രിസഭയിൽ അംഗങ്ങളായിരിക്കുന്നവരെങ്കിലും ജനങ്ങളോട് തുറന്നു പറയണം. രാഷ്ട്രീയമായി ഞങ്ങൾക്കൊപ്പം നിന്നാൽ മാത്രമേ നിങ്ങളെ സഹായിക്കൂ എന്ന സന്ദേശമാണ് കേന്ദ്ര ധന മന്ത്രി അവതരിപ്പിച്ച 2025ലെ ബജറ്റിലും മുഴച്ചു നിൽക്കുന്നത്.
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചു എന്ന യാഥാർത്ഥ്യം ചൂണ്ടിക്കാണിക്കുമ്പോൾ ഒരു പുരോഗതിയും ഇല്ലാത്ത സംസ്ഥാനമാണ് കേരളം എന്നു വരുത്തി തീർക്കാൻ മലയാളികളായ കേന്ദ്രമന്ത്രിമാർ ശ്രമിക്കുന്നത് പ്രബുദ്ധ കേരളത്തോടുള്ള വെല്ലുവിളിയാണെന്നും ജോസ് കെ മാണി പറഞ്ഞു.