കോൺഗ്രസിന്റെ റോഡ് ഉപരോധ സമര‍ത്തിൽ നടൻ ജോജു ജോർജിന്റെ രോഷ പ്രകടനം;  ജോജു സമരം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി പാർട്ടി പ്രവർത്തകർ;  താരത്തിന്റെ വാഹനത്തിന്റെ പിന്നിലെ ​ഗ്ലാസ്  തല്ലിത്തകർത്ത്  യൂത്ത് കോൺ​ഗ്രസ്  പ്രവർത്തകർ

കോൺഗ്രസിന്റെ റോഡ് ഉപരോധ സമര‍ത്തിൽ നടൻ ജോജു ജോർജിന്റെ രോഷ പ്രകടനം; ജോജു സമരം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി പാർട്ടി പ്രവർത്തകർ; താരത്തിന്റെ വാഹനത്തിന്റെ പിന്നിലെ ​ഗ്ലാസ് തല്ലിത്തകർത്ത് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ

സ്വന്തം ലേഖകൻ

കൊച്ചി∙ ഇന്ധന വിലവർധനയ്ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമര‍ത്തിൽ നടൻ ജോജു ജോർജിന്റെ രോഷ പ്രകടനം.സമരം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണമുയർത്തി താരത്തിന്റെ വാഹനത്തിന്റെ പിന്നിലെ ​ഗ്ലാസ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ തല്ലിത്തകർത്തു.

വൈറ്റിലയിലേക്ക് നടന്റെ വാഹനം കടത്തിവിടാതെ കോൺ​ഗ്രസ് പ്രവർത്തകർ വഴിയിൽ കുത്തിയിരിക്കുകയും പൊലീസ് ഡ്രൈവി​ഗ് സീറ്റിലേക്ക് കയറിയിരുന്നപ്പോൾ പാർട്ടി പ്രവർത്തകർ വാഹനത്തിന്റെ പിന്നിലെ ചില്ല് തല്ലിത്തകർക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോജു മദ്യപിച്ച് ഷോ കാണിച്ചതാണെന്നും മഹിളാ കോൺ​ഗ്രസ് പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ആരോപിച്ചു.നടനെതിരെ പൊലീസ് കേസെടുക്കണമെന്ന ആവശ്യമാണ് ഇപ്പോൾ കോൺ​ഗ്രസ് ഉന്നയിക്കുന്നത്.

അരമണിക്കൂറിൽ ഏറെയായി ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജുവിന്റെ പ്രതിഷേധം. ദേശീയ പാതയിൽ വൻ ഗതാഗത തടസമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ റോഡിൽ ഇറങ്ങിയ ജോജുവും സമരത്തെ അനുകൂലിക്കുന്നവരും തമ്മിൽ വാക്കു തർക്കമുണ്ടായി. രോഗികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഏറെ നേരം വഴിയിൽ കുടുങ്ങിയതോടെയാണ് ജോജു ഉൾപ്പെടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ഇന്ധനവില വർധനയ്ക്കെതിരെയാണ് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് എത്തിയിരിക്കുന്നത്. ജനങ്ങൾക്കു മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്.

കെപിസിസി വർക്കിങ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്. കാറുകളും മുച്ചക്ര വാഹനങ്ങളും ഉൾപ്പടെ 1500 ഓളം വാഹനങ്ങൾ നിരത്തിലിറക്കിയാണ് കോൺഗ്രസ് സമരം. അതേസമയം വലിയ വാഹനങ്ങൾ പൊലീസ് ഇടപെട്ട് ഇടപ്പള്ളിയിൽ നിന്ന് വഴിതിരിച്ചു വിട്ടു.