
ഓപ്പറേഷൻ സിന്ദൂർ; നൂറ് ഭീകരരെ വധിച്ചു, പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകർത്തു; അഞ്ച് ഇന്ത്യൻ സെെനികർക്ക് വീരമൃത്യു : ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ പുറത്തുവിട്ട് സേന
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടി നല്കി പാക്കിസ്ഥാനിലെയും അധീന കശ്മീരിലെയും ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥര്‍ പുറത്തുവിട്ടത്. ഓപ്പറേഷന്റെ പ്രവര്‍ത്തനവും പ്രവര്‍ത്തനഫലവും ലക്ഷ്യപ്രാപ്തിയുമെല്ലാം അതില്‍ വിശദീകരിച്ചു. എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി, ഡിജിഎംഒ ലഫ്. ജന. രാജീവ് ഗായ്, മേജര്‍ ജനറല്‍ എസ്എസ് ശാര്‍ദ, വൈസ് അഡ്മിറല്‍ എഎന്‍ പ്രമോദ് എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്താണ് ഇന്ത്യ തിരിച്ചടിച്ചത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ടാണ് ഞായറാഴ്ച സംയുക്ത വാര്‍ത്താസമ്മേളനം നടന്നത്. ഓപ്പറേഷന് സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം തകര്‍ന്നുവീണുവെന്ന പാക്കിസ്ഥാന്റെ അവകാശവാദം ഇതിനിടെ ചോദ്യമായി ഉയര്‍ന്നിരുന്നു.
‘നിരവധി കേന്ദ്രങ്ങള്‍ നിരീക്ഷണത്തിലുണ്ടായിരുന്നു. പലതില്‍ നിന്നും തിരിച്ചടി ഭയന്ന് ഭീകരര്‍ ഒഴിഞ്ഞുപോയിരുന്നു. തീവ്രവാദികളെ മാത്രമാണ് ലക്ഷ്യംവെച്ചത്. ഒമ്പത് ക്യാംപുകളില്‍ തീവ്രവാദികളുണ്ടെന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ഇവയില്‍ ചിലത് പാക് അധിനിവേശ കശ്മീരിലായിരുന്നു. മറ്റുളളവ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു. കൊടുംഭീകരരെ പരിശീലിപ്പിച്ച ലഷ്കര്‍ ഇ തൊയ്ബയുടെ കേന്ദ്രമായ മുരുദ്കെ തകര്‍ക്കാനായി’- ലഫ്. ജനറല്‍ രാജീവ് ഘായ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലായി നൂറിലധികം ഭീകരരാണ് കൊല്ലപ്പെട്ടതെന്നും യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന് നിയന്ത്രണരേഖ ലംഘിച്ച് സാധാരണക്കാരുളള ജനവാസമേഖലകളിലും ആരാധനാലയങ്ങളിലും ആക്രമണം നടത്തിയെന്നും ഓരോ ആക്രമണങ്ങളെയും ഇന്ത്യ ചെറുത്തുതോല്‍പ്പിച്ചെന്നും രാജീവ് ഘായ് കൂട്ടിച്ചേര്‍ത്തു.
എട്ടാം തിയതി രാത്രി ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ താവളങ്ങള്‍ കേന്ദ്രീകരിച്ചും പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായി. എന്നാല്‍ നമുക്ക് ഒരു തരത്തിലുളള നാശനഷ്ടവുമുണ്ടാക്കാന്‍ പാകിസ്താന് സാധിച്ചില്ല. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന്റെ 30-40 സൈനിക വരെ കൊല്ലപ്പെട്ടു. പാകിസ്താനിലെ ജക്കോബാബാദ്, ബൊലാറി, സര്‍ഗോദ, റഹീം യാര്‍നല്‍, ചക്കാല നൂര്‍ ഖാന് വ്യോമ താവളങ്ങള്‍ ഇന്ത്യ തകര്‍ത്തു. പാകിസ്താനുമായുളള ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 5 സൈനികരാണ് വീരമൃത്യു വരിച്ചതെന്നും സെെന്യ അറിയിച്ചു.
ആക്രമണം നടത്തിയ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചും മിസൈലുകള്‍ ഉപയോഗിച്ചുമാണ് ഇന്ത്യന്‍ മിലിട്ടറി താവളങ്ങളെ പാകിസ്താന് ആക്രമിക്കാന്‍ ശ്രമിച്ചത്. പാകിസ്താന്റെ ആക്രമണങ്ങളെയെല്ലാം പ്രതിരോധിച്ചു. ഏഴാം തിയതിയും എട്ടാം തിയതിയും അതിര്‍ത്തിയിലെ എല്ലാ നഗരങ്ങള്‍ക്കുമുകളിലും ഡ്രോണുകള്‍ എത്തി. അവയെല്ലാം സുരക്ഷാസേന വെടിവെച്ചിട്ടു. സിവിലിയന്‍ വിമാനങ്ങള്‍ പറക്കുന്നതിനിടെയായിരുന്നു പാകിസ്താന്റെ ആക്രമണം.