
കോട്ടയം: പ്രേംനസീർ നായകനായി അഭിനയിച്ച ഉദയായുടെ “വിശപ്പിന്റെ വിളി ” എന്ന ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ച സുമുഖനായ
ആ നടനെ ഒരു പക്ഷേ മലയാളികൾ ഇന്നോർക്കുന്നുണ്ടാവില്ല.
ജോൺ വർക്കി എന്ന ആ നടനാണ് പിന്നീട് മലയാള സിനിമയുടെ ഒറ്റയടി പാതകളെ ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ പടിപ്പുര വാതിൽ വരെ എത്തിക്കാൻ കഴിഞ്ഞ ശശികുമാർ എന്ന സംവിധായകൻ.
141 സിനിമകൾ സംവിധാനം ചെയ്ത ശശികുമാർ
പ്രേംനസീർ എന്ന നടനെ മാത്രം നായകനാക്കി
84 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയും ശശികുമാറാണ് .
1977-ൽ ഇദ്ദേഹത്തിൻ്റെ സംവിധാനത്തിൽ 15 ചിത്രങ്ങളാണ് പുറത്തിറങ്ങിയത് .
ഈ രണ്ട് റെക്കോർഡുകളും ഗിന്നസ്സ് ബുക്ക്സ് ഓഫ് വേൾഡ് റെക്കോർഡ്സിൽ സ്ഥാനം പിടിക്കേണ്ടതാണ് .
എന്നാൽ കേരളത്തിലെ സാംസ്ക്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും
ഉറങ്ങി പോയതാണോ ഉറക്കം നടിച്ചതാണോ എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല .
താൻ സംവിധാനം ചെയ്ത
90 % സിനിമകളും ഹിറ്റുകളും സൂപ്പർ ഹിറ്റുകളുമാക്കിയ സംവിധായകൻ എന്ന ഒരു ബഹുമതി കൂടെ ശശികുമാറിനുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാഭ്യാസകാലത്തുതന്നെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിരുന്ന ജോൺ വർക്കിയെ കുഞ്ചാക്കോയാണ് ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നതും
വിശപ്പിന്റെ വിളിയിൽ വില്ലനായി
അഭിനയിപ്പിക്കുന്നതും .
കൂടാതെ ” ഉമ്മ “എന്ന ചിത്രത്തിന്റെ സഹസംവിധായകനാക്കി സംവിധാനകലയുടെ ബാല പാഠങ്ങൾ പഠിക്കുവാൻ അവസരമൊരുക്കിയതും കുഞ്ചാക്കോ തന്നെയായിരുന്നു .
അബ്ദുൾ ഖാദറിനെ പ്രേംനസീറാക്കിയ നടൻ തിക്കുറിശ്ശി തന്നെയാണ് ജോൺ വർക്കിയെ ശശികുമാറാക്കിയതും.
പിന്നീട് പി സുബ്രഹ്മണ്യത്തിന്റെ
മേരിലാന്റിൽ എത്തിയ ശശികുമാർ ഏതാനും ചിത്രങ്ങൾ സംവിധാനം ചെയ്തെങ്കിലും അദ്ദേഹത്തിന്റെ പേരിലായിരുന്നില്ല
ആ ചിത്രങ്ങൾ പുറത്തിറങ്ങിയത് .
ഇതിൽ വിഷമം തോന്നിയ പ്രേംനസീർ ദക്ഷിണേന്ത്യൻ സിനിമയുടെ ഈറ്റില്ലമായ മദ്രാസിലേക്ക് ശശികുമാറിനെ ക്ഷണിക്കുകയും
പി എ തോമസിന്റെ “ഒരാൾകൂടി കള്ളനായി ” എന്ന ചിത്രത്തിന്റെ സംവിധാനച്ചുമതല ഏൽപ്പിക്കുകയും ചെയ്തു .
പ്രേംനസീർ – ശശികുമാർ കൂട്ടുകെട്ടിൽ ഇറങ്ങിയ 80 ഓളം ചിത്രങ്ങൾ പിന്നീട് മലയാള സിനിമയുടെ തലവര തന്നെ മാറ്റിയെഴുതുകയുണ്ടായി.
ഇവരുടെ സിനിമകളിലൂടെയാണ് സംഗീതപ്രേമികൾ ഇന്നും കേട്ടാസ്വദിക്കുന്ന പല ഗാനങ്ങളും യേശുദാസിന്റെ ശബ്ദമാധുര്യത്തിലൂടേയും
പ്രേംനസീറിന്റെ മുഖശ്രീയിലൂടേയും മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയത്.
” കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോൾ … ”
(പിക്നിക് )
“കുയിലിന്റെ മണിനാദം കേട്ടു .. “. (പത്മവ്യൂഹം)
“നന്ത്യാർവട്ട പൂ ചിരിച്ചൂ …”
(പൂന്തേനരുവി )
” നക്ഷത്രമണ്ഡല നട തുറന്നു …”
(പഞ്ചവടി )
“മുൻകോപക്കാരി …”
(സേതുബന്ധനം)
“മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചൂ …. ”
(പ്രവാഹം)
വേമ്പനാട്ടുകായലിന്ന് ചാഞ്ചാട്ടം….”
(രണ്ടു ലോകം )
“പൂവിളി പൂവിളി പൊന്നോണമായി…”.( വിഷുക്കണി )
“ചിത്രശിലാപാളികൾ കൊണ്ടൊരു ശ്രീകോവിലകം ഞാൻ തീർത്തു… ”
( ബ്രഹ്മചാരി )
“കനകം മൂലം ദുഃഖം
കാമിനിമൂലം ദു:ഖം …”
(ഇന്റർവ്യൂ )
“നാണമാകുന്നു മേനി നോവുന്നു …. ”
(ആട്ടക്കലാശം)
“പൗർണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചൂ പത്മരാഗം പുഞ്ചിരിച്ചൂ …”
( റെസ്റ്റ് ഹൗസ് )
“കാട്ടുചെമ്പകം പൂത്തുലയുമ്പോൾ …”
(വെളുത്ത കത്രീന )
” കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണേ കുയിലാളെ ..”
(കാവാലം ചുണ്ടൻ )
” ആകാശരൂപിണി അന്നപൂർണേശ്വരി …”
( ദിവ്യദർശനം )
“നീലക്കുട നിവർത്തി
വാനം എനിക്കു വേണ്ടി … ”
(രക്തപുഷ്പം )
” ദു:ഖമേ നിനക്കു പുലർകാല വന്ദനം …. ”
(പുഷ്പാഞ്ജലി )
“ചെട്ടികുളങ്ങര ഭരണി നാളിൽ ..”
(സിന്ധു )
“കളഭക്കുറിയിട്ട മുറപ്പെണ്ണേ നിന്റെ കളിയും ചിരിയും എവിടെപ്പോയി …”
( ആരണ്യകാണ്ഡം )
“റംസാനിലെ ചന്ദ്രികയോ
രജനിഗന്ധിയോ …”
(ആലിബാബയും 41 കള്ളന്മാരും )
“തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം …. ”
(ലങ്കാദഹനം )
“കേരളം കേരളം കേളികൊട്ടുണരുന്ന കേരളം …. ”
(മിനിമോൾ)
തുടങ്ങിയ എത്രയോ ചിത്രങ്ങളിലൂടെ എത്രയെത്ര മധുര ഗാനങ്ങളാണ് ശശികുമാർ കലാകേരളത്തിന്
സംഭാവന ചെയ്തത്.
1927 ഒക്ടോബർ 14 – ന് ആലപ്പുഴയിലാണ് ശശികുമാറിന്റെ ജനനം .
ജയഭാരതി , വിൻസെൻറ് ,
കുഞ്ചൻ ,വിജയശ്രീ എന്നീ താരങ്ങളെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയതും ലോകറെക്കോർഡ് സൃഷ്ടിച്ച ഈ സംവിധായകനാണ് .
ഏഴു സ്വരങ്ങൾ കൊണ്ട് സംഗീതത്തിന്റെ തേനും വയമ്പും തീർത്ത രവീന്ദ്രൻ മാസ്റ്ററെ തന്റെ
” ചൂള ” എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും ശശികുമാറിന് സ്വന്തം .
മാത്രമല്ല ഗായകനും നടനുമായിരുന്ന ജോസ് പ്രകാശിനെ വില്ലനായി വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട് ഏറ്റവും മാനറിസങ്ങളുള്ള വില്ലനാക്കിയതും ശശികുമാർ എന്ന സംവിധായകന്റെ ദീർഘവീക്ഷണത്തിന്റെ ദൃഷ്ടാന്തമായിരുന്നു .
മലയാളികളുടെ മനസ്സിൽ ചലച്ചിത്രസംഗീതത്തിന്റെ തേൻനിലാവ് പരത്തിയ മധുരഗാനങ്ങളൊരുക്കി വെള്ളിത്തിരയിവതരിപ്പിച്ച
പ്രിയ സംവിധായകന്റെ ഓർമ്മദിനമാണിന്ന്.
(2014 ജൂലൈ 17 ) അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പ്രിയ ഗാനങ്ങളിലൂടെ കലാകേരളം ശശികുമാർ എന്ന സംവിധായകനെ എന്നുമെന്നും ഓർത്തുകൊണ്ടേയിരിക്കും .