
ദില്ലി: നേപ്പാൾ കലാപം അംഗീകരിക്കാനാവാത്തതെന്ന് കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസ് എംപി. പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനത്തെ വിമർശനത്തോടെ സ്വാഗതം ചെയ്ത അദ്ദേഹം വോട്ടർ പട്ടിക പരിഷ്‌കരണവുമായി ഏകപക്ഷീയമായി മുന്നോട്ട് പോകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിച്ചു. ദില്ലിയിൽ ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേപ്പാളിൽ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന രീതിയിലുള്ള കലാപങ്ങൾ സ്വാഗതം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജെൻ സി പ്രക്ഷോഭത്തിലെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കേണ്ടതുണ്ട്. നേപ്പാളിലെ ചെറിയ അസ്വസ്ഥതകൾ പോലും ഇന്ത്യയെ ബാധിക്കുന്നതാണ്. അവരുടെ നേതാവിനെയും സർക്കാരിനെയും തീരുമാനിക്കാനുള്ള അവകാശം നേപ്പാളിലെ ജനങ്ങൾക്കാണ്. അത് അതുപോലെ സംഭവിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.
പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം സ്വാഗതം ചെയ്‌തു
പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം പ്രതിപക്ഷം ഏറെക്കാലമായി ആവശ്യപ്പെടുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂരിൽ കലാപം തുടങ്ങി രണ്ടു വർഷത്തിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം സ്വാഗതാർഹമാണ്. എല്ലാ വിഭാഗത്തെയും ചേർത്തുനിർത്തുന്ന സാഹചര്യം മണിപ്പൂരിൽ വരണം. പാർലമെന്റ് ഇതുവരെ മണിപ്പൂരിനെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തതും ചർച്ച ചെയ്യപ്പെട്ടേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ബി ടീം
രാജ്യ വ്യാപകമായ വോട്ടർപട്ടിക പരിഷ്‌കരണത്തിൽ വിശ്വാസത്തിന്റെ വിടവുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി മുന്നോട്ട് പോവുകയാണ്. വോട്ടർ പട്ടിക പരിഷ്കരണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു നിയമാവലിയിലും ഇല്ലെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ ബി ടീം എന്ന പദവി നിലനിർത്താനുള്ള പ്രക്രിയയുമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായാണ് കേരളമടക്കം സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പരിഷ്‌കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവരുന്നതെന്നും അദ്ദേഹം വിമർശിച്ചു.