
കൊല്ലം; കപ്പലിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ നാലാം പ്രതിയായ യുവതി അറസ്റ്റിൽ. കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷിനെയാണ് കൊച്ചിയില്‍ നിന്നും പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പുനലൂർ കറവൂർ സ്വദേശി നിഷാദ് നൽകിയ പരാതിയിലാണ് അറസ്റ്റ്. കപ്പലിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിഷാദിൽ നിന്നും പല തവണയായി പതിനൊന്നര ലക്ഷം രൂപയാണ് ചിഞ്ചു അനീഷും സംഘവും തട്ടിയെടുത്തത്.
മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പൽ ജോലിയാണ് നിഷാദിനു നല്കിയ വാഗ്ദാനം. വായ്പ എടുത്താണ് നിഷാദ് പണം നൽകിയത്. സമൂഹ മാധ്യമത്തിലൂടെ പരസ്യം കണ്ടാണ് ജോലിക്ക് അപേക്ഷിച്ചത്.
ഗുഗിൾ മീറ്റ് വഴിയായിരുന്നു ചിഞ്ചു അപേക്ഷകരോട് സംസാരിച്ചിരുന്നത്. ഇത്തരത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് ഇവരടങ്ങുന്ന സംഘം പല ചെറുപ്പക്കാരിൽ നിന്നും തട്ടിയെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 മേയ് മുതൽ നവംബർ വരെ പലതവണയായിട്ടാണ് നിഷാദ് ഇവർക്ക് പണം നൽകിയിരുന്നത്. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനിലിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടും, മൂന്ന് പ്രതികളെ ഇനി പിടികൂടാനുണ്ട്.
വലിയതോതിലുള്ള പരാതി ഉയർന്നതോടെ എറണാകുളത്ത് ഇവർക്കുണ്ടായിരുന്ന ടാലന്റ് വീസ എച്ച്ആർ കൺസൾട്ടൻസി എന്ന സ്ഥാപനം അടച്ചുപൂട്ടിയിരുന്നു.