play-sharp-fill
അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്തത് ഫെയ്‌സ്ബുക്ക് തട്ടിപ്പ്: ഒറ്റ മാസം കൊണ്ട് തൃക്കൊടിത്താനം സ്വദേശിയായ യുവതിയ്ക്ക് നഷ്ടമായത് ഏഴു ലക്ഷം രൂപ; ജോലി കാത്തിരുന്നപ്പോൾ കിട്ടിയത് തട്ടിപ്പിന്റെ പെട്ടി

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്തത് ഫെയ്‌സ്ബുക്ക് തട്ടിപ്പ്: ഒറ്റ മാസം കൊണ്ട് തൃക്കൊടിത്താനം സ്വദേശിയായ യുവതിയ്ക്ക് നഷ്ടമായത് ഏഴു ലക്ഷം രൂപ; ജോലി കാത്തിരുന്നപ്പോൾ കിട്ടിയത് തട്ടിപ്പിന്റെ പെട്ടി

സ്വന്തം ലേഖകൻ
ചങ്ങനാശേരി: ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച യുവതിയ്ക്ക് പല തവണയായി നഷ്ടമായത് ഏഴു ലക്ഷം രൂപ. തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിയും ബി.എസ്.സി നഴ്‌സുമായ യുവതിയ്ക്കാണ് എട്ടു തവണയായി ഏഴു ലക്ഷത്തോളം രൂപ നഷ്ടമായത്. ബയോഡേറ്റയും പണവും നൽകിയ ശേഷം കാനഡക്കാരനായ ഫെ്‌യ്‌സ്ബുക്ക് സുഹൃത്തിന്റെ അക്കൗണ്ട് കാണാതെ വന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ മാസമായിരുന്നു. ബി.എസ്.സി നഴ്‌സായ പെൺകുട്ടി ഫെയ്‌സ്ബുക്കിലൂടെ അമേരിക്കക്കാരനുമായി പരിചയത്തിലാകുകയായിരുന്നു. തുടർന്ന സുഹൃദം തുടരുന്നതിനിടെ യുവാവ് അമേരിക്കയിൽ ബി.എസ്.സി നഴ്‌സുമാർക്ക് ജോലി സാധ്യതയുണ്ടെന്ന് പറയുകയായിരുന്നു. തുടർന്ന് യുവതി ഇയാളുമായി കൂടുതൽ അടുപ്പത്തിലായി. ഇതിനു ശേഷം അമേരിക്കക്കാരൻ യുവതിയുടെ ബയോഡേറ്റയും രേഖകളും ആവശ്യപ്പെട്ടു. ഇത് യുവതി അയച്ചു നൽകുകയും ചെയ്തു. പ്രൊസസിംങ് ഫീസ് ഇനത്തിൽ ആദ്യം 30,000 രൂപ ആവശ്യപ്പെട്ടു. പിന്നീട് പല തവണയായി ലക്ഷങ്ങളാണ് തട്ടിപ്പുകാരൻ വാങ്ങിയെടുത്തത്. ഏറ്റവും ഒടുവിൽ രണ്ടു ദിവസം മുൻപ് ഇയാൾ മെസഞ്ചറിൽ ബന്ധപ്പെട്ട ശേഷം പാഴ്‌സൽ വന്നിട്ടുണ്ടെന്ന് അറിയിച്ചു. പാഴ്‌സൽ ലഭിക്കുന്നതിന് മുപ്പതിനായിരം രൂപ അടയ്ക്കണമെന്ന് അറിയിച്ചു. ഇതിനുള്ളിൽ ഡോളറും, വിസയും പെട്ടിക്കുള്ളിലുണ്ടെന്നും, ഈ ഡോളർ കേരളത്തിൽ മാറ്റിയെടുക്കുന്നതിനുള്ള ഫീസ് ആയി ഒന്നര ലക്ഷം രൂപ അടയ്ക്കണമെന്നും അമേരിക്കക്കാരനിൽ നിന്നും നിർദേശം എത്തി. ഇത് അനുസരിച്ചു ഒന്നര ലക്ഷം രൂപ യുവതിയും കുടുംബവും ഇയാൾ നിർദേശിച്ച അക്കൗണ്ടിലേയ്ക്ക് ഇട്ടു നൽകി. എന്നാൽ, ഇതിനു ശേഷം ഈ അക്കൗണ്ട് പ്രവർത്തിച്ചതേയില്ല. ഇതേ തുടർന്നാണ് യുവതിയും കുടുംബവും തങ്ങൾ തട്ടിപ്പിന് ഇരയായതായി മനസിലാക്കിയത്. തുടർന്ന് ഇവർ ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന് പരാതി നൽകി. ഇദ്ദേഹത്തിന്റെ നിർദേശാനുസരണം തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.