
‘സാധാരണ പോലെ വഴക്കുണ്ടാക്കി; ദേഷ്യത്തില്‍ കുത്തി; മരിച്ചെന്ന് കരുതി കത്തിച്ചു’: പിടിയിലായ ജിത്തുവിന്റെ മൊഴി
സ്വന്തം ലേഖിക
കൊച്ചി: പറവൂര്‍ വിസ്മയ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ സഹോദരി ജിത്തു കുറ്റം സമ്മതിച്ചു.
സാധാരണ പോലെ വിസ്മയയുമായി വഴക്കുണ്ടായെന്നും ഇതിന് പിന്നാലെയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നുമാണ് മൊഴി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകത്തിന് ആരുടെയും പ്രേരണയോ സഹായമോ തനിക്ക് കിട്ടിയിട്ടില്ലെന്നും ജിത്തു പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മറുപടി നല്‍കി.
വിസ്മയയുടെ കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ജിത്തുവിനെ ഇന്ന് കാക്കനാട് വെച്ചാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് ചില മാനസിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് വിവരം.
പ്രതിക്ക് ആരെങ്കിലും ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയോ എന്നടക്കമുള്ള കാര്യങ്ങള്‍ അറിയാനുണ്ട്.
ജിത്തുവിന്റെ മൊഴി ഇങ്ങനെ
” സാധാരണ ഉണ്ടാകുന്ന പോലെ വിസ്മയയുമായി വഴക്കുണ്ടായി. വഴക്കിനിടെ ദേഷ്യത്തില്‍ കത്തി കൊണ്ട് വിസ്മയയെ കുത്തി. കുത്തേറ്റ വിസ്മയ മരിച്ചുവെന്ന് തോന്നിയപ്പോള്‍ മണ്ണെണ്ണ ഉപയോഗിച്ച് തീകൊളുത്തി. കൊലപാതകത്തിന് ആരുടെയും പ്രേരണയും സഹായവും ഇല്ല.”
ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതിന് തൊട്ടുമുമ്പ് ജിത്തു വീടിന് സമീപത്തെ സി മാധവന്‍ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ എത്തുമ്പോള്‍ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ സാഹചര്യത്തില്‍ വീടിന്‍റെ പിറക് വശത്തെ ആളൊഴിഞ്ഞ പറമ്പിലൂടെയാണ് ജിത്തു സി മാധവന്‍ റോഡിലെത്തിയതെന്ന് പൊലീസ് കരുതുന്നു.
ഇവിടെ നിന്നും ബസ്സില്‍ എറണാകുളത്തെത്തിയെന്നും കണ്ടെത്തി.
ഇതിന് ശേഷം ജിത്തുവിന് എന്ത് സംഭവിച്ചെന്ന ഒരു സൂചനയും പൊലീസിനില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.