
കൊച്ചി: സിപിഎം നേതാവ് ഷൈൻ ടീച്ചർക്കെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളെ തുടർന്ന് സോഷ്യൽമീഡിയയിലെ തന്റെ പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഞാനറിഞ്ഞ കാര്യങ്ങളിൽ ചില വസ്തുതകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്. ആ ബോധ്യം തിരുത്തപ്പെടുന്നത് വരെ ആ പോസ്റ്റ് പിൻവലിക്കുകയുമില്ല.
ഏതെങ്കിലുമൊരു വ്യക്തിയുടെ പേര് പ്രത്യേകമെടുത്ത് പരാമർശിച്ചിട്ടില്ലാത്ത ആ പോസ്റ്റ്, തന്നെക്കുറിച്ചുള്ളതാണ് എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത് സിഐഡി മൂസ സിനിമയിലെ നായയെ കുറിച്ച് പറയുമ്പോൾ ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തിന് തോന്നുന്ന ഇത് എന്നെക്കുറിച്ചാണ്. എന്നെ തന്നെയാണ്. എന്നെ മാത്രമാണ് ഉദ്ദേശിച്ചത് എന്നുള്ളത് പോലുള്ള തോന്നലാണെന്നും ജിന്റോ ജോൺ പറഞ്ഞു. ഗൂഢാലോചന ആരോപിക്കുന്നവർ തന്നെ പരാതി കൊടുത്ത് അന്വേഷണം നടത്തിച്ച് വിവരങ്ങൾ പുറത്ത് വിടണം. അതിനായി ആരോപണ വിധേയരായ നേതാക്കളുടെ മൊബൈൽ ടവർ ലൊക്കേഷനും പരിശോധിക്കാവുന്നതാണല്ലോയെന്നും ജിന്റോ ജോൺ പറഞ്ഞു.
ജിന്‍റോ ജോണിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
യാതൊരു അന്തവുമില്ലാതെ എനിക്കെതിരെ വാളുയർത്തുന്നവരോട് ചിലത് പറയാനുണ്ട്. ഇന്നലെ എറണാകുളം ജില്ലയിലെ ചില നേതാക്കളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആക്ഷേപങ്ങളിൽ എന്റെ അഭിപ്രായം പറഞ്ഞിരിക്കുന്ന പോസ്റ്റ് ഞാൻ പിൻവലിച്ചിട്ടില്ല. ഞാനറിഞ്ഞ കാര്യങ്ങളിൽ ചില വസ്തുതകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്. ആ ബോധ്യം തിരുത്തപ്പെടുന്നത് വരെ ആ പോസ്റ്റ് പിൻവലിക്കുകയുമില്ല.
ഏതെങ്കിലുമൊരു വ്യക്തിയുടെ പേര് പ്രത്യേകമെടുത്ത് പരാമർശിച്ചിട്ടില്ലാത്ത ആ പോസ്റ്റ് തന്നെക്കുറിച്ചുള്ളതാണ് എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത് സിഐഡി മൂസ സിനിമയിലെ നായയെ കുറിച്ച് പറയുമ്പോൾ ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തിന് തോന്നുന്ന “ഇത് എന്നെക്കുറിച്ചാണ്. എന്നെ തന്നെയാണ്. എന്നെ മാത്രമാണ് ഉദ്ദേശിച്ചത്” എന്നുള്ളത് പോലുള്ള തോന്നലാണ്. എന്റെ അഭിപ്രായം കുറിച്ചിരിക്കുന്ന പോസ്റ്റിൽ ഏതെങ്കിലും ഒരു വ്യക്തിയുടെ പേര് പറഞ്ഞിട്ടില്ലല്ലോ. പിന്നെ ആരെക്കുറിച്ചാണ് ഇവരൊക്കെ വേവലാതിപ്പെടുന്നത്!
വിഎസ് അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന യൂട്യൂബറിന്റെ വീഡിയോയിലൂടെ പുറത്തുവന്നതും ഇവരുടെ പാർട്ടിക്ക് ചില മുൻകാല ബന്ധങ്ങൾ ഉണ്ടായിരുന്ന കേരളത്തിലെ ഒരു പത്രത്തിൽ വന്നിരിക്കുന്നതുമായ വാർത്തയെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കപ്പെടേണ്ടതാണ്. ഗൂഡാലോചന ആരോപിക്കുന്നവർ തന്നെ പരാതി കൊടുത്ത് അന്വേഷണം നടത്തിച്ച് വിവരങ്ങൾ പുറത്ത് വിടണം. അതിനായി ആരോപണ വിധേയരായ നേതാക്കളുടെ മൊബൈൽ ടവർ ലൊക്കേഷനും പരിശോധിക്കാവുന്നതാണല്ലോ.
സ്വന്തം പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒളിക്യാമറ വച്ച് മുൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കോട്ടകൾ മുറിക്കാൻ നേതൃത്വം കൊടുത്ത സഖാക്കളുടെ ജനുസിൽ നിന്ന് ഒളിക്യാമറയുടെ അസ്കിത വിട്ടുപോയിട്ടില്ലെന്ന് വേണം ഈയവസരത്തിൽ കരുതാൻ. ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ ഇത്തരം വാർത്തകൾ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഉയർന്നു വരുമ്പോൾ ചർച്ചയാകുന്നത് സ്വാഭാവികമാണ്. പൊതുജനങ്ങൾ അത് ചർച്ച ചെയ്യാൻ പാടില്ല എന്നെങ്ങനെ പറയും. പക്ഷേ അത്തരം ചർച്ചകൾക്ക് ഉപയോഗിക്കുന്ന ഭാഷയും ഉപമകളും കുറേക്കൂടി മാന്യമായിരിക്കണമെന്ന് മാത്രം.
ഒരു വനിതാ നേതാവ് പറയുന്നത് ഇത് കോൺഗ്രസുകാരുടെ തിരക്കഥയിൽ വിരിഞ്ഞ ബോംബ് ആണെന്നാണ്. എങ്കിൽ ഏത് പ്രാദേശിക നേതാവാണ് അത്തരത്തിൽ അവരോടത് പറഞ്ഞത്. അയാളെ വിളിച്ചന്വേഷിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമല്ലോ. കേരളത്തിലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള സ്ത്രീ – പുരുഷ നേതാക്കൾക്കെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും അശ്ലീലത്തിന്റെ അതിവൈകാരികതയിലുള്ള സൈബർ ആക്രമണങ്ങൾ നടന്നപ്പോഴൊന്നും ഇപ്പോൾ വേദനിക്കുന്ന ഹൃദയങ്ങളെ നമ്മൾ കണ്ടില്ല. സൈബർ അറ്റാക്കിന്റെ വേദന പേറുന്നവർക്ക് രാഷ്ട്രീയ ചായ്‌വ് നോക്കി മാത്രമേ അഭിപ്രായം പറയാൻ പറ്റൂ എന്നുള്ളത് വല്ലാത്ത ദുര്യോഗം തന്നെയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തിയപ്പോഴും സമാനമായ രീതിയിൽ ആക്ഷേപം കേട്ട ഒരു വ്യക്തിയാണ് ഞാൻ. ഇന്ന് ന്യൂസ് മലയാളം ചാനലിലെ രണ്ട് പ്രധാന അവതാരകർ വാദിച്ചു പറയുന്നത് “അത്തരം പോസ്റ്റുകൾ കണ്ടപ്പോൾ ജിന്റോ ജോൺ ആദർശധീരനാണ് എന്ന് തെറ്റിദ്ധരിച്ചു” എന്ന്. നിങ്ങൾ അന്ന് ധരിച്ച അതേ ആദർശം ഇപ്പോഴുമുണ്ട്. പക്ഷേ ആ ആദർശത്തിന് രാഷ്ട്രീയ ചേരി കാണുന്നത് നിങ്ങൾ മാത്രമാണ്. പിന്നെ, നിങ്ങളെയൊന്നും ബോധ്യപ്പെടുത്തേണ്ടതല്ല എന്റെ ആദർശബോധം. എന്റെ ആദർശത്തിന്റെ അളവുകോൽ തീരുമാനിക്കേണ്ടത് സിപിഎമ്മോ, സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന മാധ്യമ സഖാക്കളോ, സ്വന്തം ഐഡന്റിറ്റി പോലും മറച്ചിരിക്കുന്ന സൈബർ ഒളിപ്പോരാളികളോ അല്ല. അത് എന്നെ കേൾക്കുന്നവരിൽ മേൽപ്പറഞ്ഞവരൊഴികെയുള്ള പൊതുജനങ്ങൾ തീരുമാനിക്കട്ടെ. എന്റെ വാക്കുകളുടെ ഉത്തരവാദിത്തവും ക്ലാരിറ്റിയും എനിക്കുള്ളിടത്തോളം കാലം അത്തരം ‘ആദർശ’ വിചാരണയും ‘മത്സരിക്കാൻ ഇടയുള്ള ആളെ’ന്നുള്ള ഭയപ്പെടുത്തലൊന്നും വേണ്ട.
എന്തുമായിക്കൊള്ളട്ടെ, ഞാൻ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്റെ പങ്കാളിയുടേയും മക്കളുടേയുടക്കമുള്ള ചിത്രങ്ങൾ വച്ചുകൊണ്ടുള്ള, ഉത്തരവാദിത്തപ്പെട്ടവരും യാതൊരു ഉത്തരവാദിത്തവുമില്ലാത്തവും ഇല്ലാത്തവരുമായ സിപിഎം സൈബർ ഹാൻഡിലുകളിൽ നിന്നും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന സൈബർ അറ്റാക്കിൽ പേടിക്കുമെന്നും കരുതണ്ട. ലൈക്കും ഷെയറും എന്നെ പുളകിതനാക്കാറുമില്ല, കമന്റും തെറിവിളിയും ഭയപ്പെടുത്താറുമില്ല. അഭിപ്രായങ്ങൾ പറ്റുന്നത്ര സഭ്യമായി പറഞ്ഞുകൊണ്ടേയിരിക്കും.
രാജ്മോഹൻ ഉണ്ണിത്താന്റേയും ഗോപി കോട്ടമുറിക്കലിന്റേയും തിരുവള്ളൂർ മുരളിയുടേയും അബ്ദുള്ളക്കുട്ടിയുടേയും ശോഭന ജോർജ്ജിന്റേയും ഉമ്മൻചാണ്ടിയുടേയും ആ കുടുംബത്തിന്റേയും ഉമ തോമസിന്റേയും കെകെ രമയുടേയും മറ്റനേകം പേരുടേയും, കേരളത്തിലെ വനിതാ മാധ്യമ പ്രവർത്തകരുടേയുമൊക്കെ ജീവിതത്തിൽ ഒളിഞ്ഞു നോക്കി ഇല്ലാക്കഥകളുടെ പെരുന്നുണകൾ പടച്ചുവിട്ടവർക്ക് ഇന്ന് കപട സദാചാരത്തിന്റെ സൈബർ അറ്റാക്കിൽ കണ്ണീരൊഴുക്കേണ്ടി വരുന്നുണ്ടെങ്കിൽ അതിന്റെ പ്രഥമ ഉത്തരവാദി കേരളത്തിലെ ആഭ്യന്തര വകുപ്പ് തന്നെയാണ്.
ഇത്തരത്തിലുള്ള ആക്രമണങ്ങൾ മുൻകാലങ്ങളിൽ നടന്നപ്പോൾ മിണ്ടാതെ, ഒത്താശ ചെയ്തു കൊടുത്തതിന്റെ ദുരന്തഫലമാണ് ഇതും. സൈബർ അറ്റാക്ക് നടത്തുന്നവരുടെ രാഷ്ട്രീയ വ്യത്യാസം നോക്കാതെ, വൃത്തികെട്ട ഭാഷകൾ ഉപയോഗിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് ആർജ്ജവം ഉണ്ടാകണം. കുറഞ്ഞപക്ഷം കാഫിർ സ്ക്രീൻഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചവർക്കെതിരെ എങ്കിലും ഒന്ന് നാവുയർത്താൻ ശേഷിയുള്ള ഒരാളെങ്കിലും അപ്പുറത്ത് അവശേഷിക്കുന്നുണ്ടോ?
ഇവിടെ എന്റെ വിഷയം രാഷ്ട്രീയമാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ വന്നപ്പോൾ അതിന്റെയൊക്കെ അധികബാധ്യത ആരോപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി അതിക്രമം നടത്തിയവരും ഷാഫി പറമ്പിൽ എംപിയെ വഴിയിൽ തടഞ്ഞ് ആക്ഷേപിച്ചവരുമാണ് ഈ പരിതസ്ഥിതിയുടെ നിർമ്മാതാക്കൾ. അത്രയും ഉന്നതമായ ജനാധിപത്യ ബോധത്തോടെ സ്ത്രീപക്ഷ നിലപാടെടുത്ത ഒരു പാർട്ടിയെ എന്നിട്ടും ആക്ഷേപിച്ചവരും സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരായി ഒളിക്യാമറയുമായി നടക്കുന്നവരും തന്നെ ഇതിനുള്ള മറുപടി പറയണം.
കപട സദാചാര ബോധത്തിന്റെ അതിവൈകാരികതയിൽ സ്വന്തം സഖാക്കളെ പ്രതിപക്ഷ നേതാക്കളുടെ വീട്ടിലേക്കും വഴി തടയാനുമൊക്കെ പറഞ്ഞുവിടുന്ന നേതാക്കന്മാർക്ക് കൂട്ടത്തിലെ വയോജനങ്ങളെ എങ്കിലും പറഞ്ഞു മനസ്സിലാക്കാനുള്ള മിനിമം ബോധമെങ്കിലും ഉണ്ടാകണം. സ്വന്തം വൃദ്ധ സഖാക്കന്മാരെ പൂട്ടിയിടണ്ട ഗതികേടിലേക്ക് നിങ്ങളുടെ പാർട്ടി എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദികൾ കോൺഗ്രസല്ല. പാർട്ടിയുടെ ഏരിയ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും അമീറുൽ ഇസ്ലാമും ഗോവിന്ദച്ചാമിയും ആണെന്ന് പറഞ്ഞ് വനിതാ സഖാക്കൾ ഏരിയ കമ്മിറ്റി ഓഫിസിലേക്ക് മാർച്ച് നടത്തിയത് തെക്കൻ കേരളത്തിലെ ഒരു ഏരിയ സമ്മേളനത്തിനാണ്.
മറ്റൊരു എംഎൽഎക്ക് എതിരെ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ ആയിരുന്നെങ്കിൽ അപ്പുറത്തുള്ള 99 പേരിൽ മറ്റാരെയുമല്ലാതെ ഇയാൾക്കെതിരെ മാത്രം എന്തുകൊണ്ട് ആരോപണം ഉയർന്നുവന്നു? ഭരണപക്ഷത്തുള്ള ഒരുപാട് വനിത നേതാക്കളോട് തികഞ്ഞ ബഹുമാനം നിലനിർത്തി കൊണ്ട് തന്നെ ചോദിക്കട്ടെ, എന്തുകൊണ്ട് ഇങ്ങനെ ഒരാളുടെ മാത്രം ഉയർന്നുവന്നു എന്നും പരിശോധിക്കപ്പെടേണ്ടതാണ്. ഈ ആരോപണങ്ങളുടെ ആദ്യപ്രചാരകർ സഖാക്കളുടെ സർക്കിളിൽ നിന്നാണ് എന്നുള്ളതിൽ ആർക്കും തർക്കമുണ്ടാക്കാൻ ഇടയില്ല. മറ്റു ചേരികളിലുള്ള ആളുകളും അതിന് പുറകെ അന്വേഷിച്ചറങ്ങുന്നത് സ്വാഭാവികമല്ലേ. ഈ രാഷ്ട്രീയ സാഹചര്യത്തിന്റെ സൃഷ്ടാക്കൾ സിപിഎം തന്നെയാണ്.
ഞാൻ വീണ്ടും പറയുന്നു, രണ്ടുപേരുടെ സ്വകാര്യത അവരുടെ മാത്രമാണ്. അതിൽ മറ്റൊരാൾക്കും ഇടമില്ല എന്ന് തന്നെയാണ് ബോധ്യം. പക്ഷേ, കപടസദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരുടെ റോൾ സഖാക്കൾക്ക് തന്നെയാണ്. ഇവിടെ ഒരു പരാതിയോ, പീഡനമോ, ബലാത്ക്കാരമോ, പോക്സോ വകുപ്പ് അട്രാക്റ്റ് ചെയ്യുന്ന ക്രൈമോ അല്ലാത്തതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ വ്യക്തിപരമായി യാതൊരു ആക്ഷേപവുമില്ല.
പക്ഷേ, സഖാക്കൾ ഒളിക്യാമറകൾ മാറ്റിവെക്കണമെന്ന നിലപാട് പറഞ്ഞതിന്റെ പേരിൽ ഞാൻ സ്ത്രീവിരുദ്ധൻ ആവുകയാണെങ്കിൽ ആയിക്കോട്ടെ. ഉയർന്നുവരുന്ന ആരോപണങ്ങളിൽ സ്ത്രീകൾ ഉണ്ടായിപ്പോയാൽ അക്കാര്യങ്ങൾ സംസാരിക്കുന്നത് പോലും സ്ത്രീവിരുദ്ധമാണെങ്കിൽ അത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ ദൗർബല്യമാണ്. പക്ഷേ ഓരോ വിഷയത്തിന്റേയും മെറിറ്റ് അറിഞ്ഞ് സംസാരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. സ്ത്രീപക്ഷ നിലപാടും പൊളിറ്റിക്കൽ മോറാലിറ്റിയും പുരോഗമന ചിന്താഗതിയും എന്താണെന്നൊക്കെ എനിക്കും ചില ബോധ്യങ്ങളുണ്ട്. ഒരു നേതാവിന്റേയും പേര് പറയാതെ തന്നെ ഇത്രയും പറഞ്ഞുവക്കുന്നത് മിനിമം മര്യാദയായി കണ്ടാൽ മതി. ഈ മര്യാദ പോലും മുൻപ് ഞങ്ങൾക്കാർക്കും അനുവദിച്ചു തരാത്തവരോടുള്ള അങ്ങേയറ്റത്തെ കരുതലായും കാണണം. ഇന്നും നിങ്ങൾ എനിക്കുൾപ്പെടെ അനുവദിച്ചു തരാത്തതാണ് ഈ അവകാശങ്ങളെല്ലാം.