പതിനായിരങ്ങളുടെ ഹൃദയ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ജനകീയ ഡോക്ടർ ഡോ. ജയപ്രകാശ് പടിയിറങ്ങുന്നു; കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു; ആതുരസേവനത്തോടൊപ്പം കലയ്ക്കും പ്രാധാന്യം നല്കിയ വയലിനിസ്റ്റ്; നാലു പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നത് പല പ്രമുഖരുടേയും ഹൃദയസ്പന്ദനം തൊട്ടറിഞ്ഞ ജനപ്രിയൻ പരിവേഷത്തോടെ

പതിനായിരങ്ങളുടെ ഹൃദയ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ജനകീയ ഡോക്ടർ ഡോ. ജയപ്രകാശ് പടിയിറങ്ങുന്നു; കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു; ആതുരസേവനത്തോടൊപ്പം കലയ്ക്കും പ്രാധാന്യം നല്കിയ വയലിനിസ്റ്റ്; നാലു പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നത് പല പ്രമുഖരുടേയും ഹൃദയസ്പന്ദനം തൊട്ടറിഞ്ഞ ജനപ്രിയൻ പരിവേഷത്തോടെ

സ്വന്തം ലേഖകൻ

​ഗാന്ധിനഗര്‍: ആതുരശുശ്രൂഷാരംഗത്ത് 33 വര്‍ഷത്തെ സേവനത്തിനുശേഷം കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗംമേധാവി ഡോ.വി.എല്‍. ജയപ്രകാശ് ഇന്ന് പടിയിറങ്ങുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗചികിത്സാ രംഗത്ത് നൂതനമായ വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവന്ന ഡോ. ജയപ്രകാശ്.
കിടങ്ങൂർ സ്വദേശിയായ ഇദ്ദേഹം പ്രശസ്ത വയലിനിസ്റ്റ് കൂടിയാണ് . ഹൃദയതാളം പോലെ വയലിൻ തന്ത്രികളുടെ താളവും
ഡോക്ടർക്ക് വഴങ്ങും. വി ദക്ഷിണാമൂർത്തിയടക്കമുള്ളവർക്കൊപ്പം പ്രവർത്തിക്കാനും ഡോക്ടർക്ക് കഴിഞ്ഞു

നാലു പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ പതിനായിരങ്ങളുടെ ഹൃദയ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജിനെ പ്രശസ്തിയുടെ പടവുകളില്‍ എത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന ഏഴു ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളില്‍ ഹൃദ്രോഗ ശസ്ത്രകിയാ വിഭാഗം മേധാവി ഡോ.ടി.കെ. ജയകുമാറിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 60000 ലേറെ ആന്‍ജിയോ ഗ്രാം ആഞ്ജിയോ പ്ലാസ്റ്റി ചികിത്സകള്‍ക്കും നേതൃത്വം നല്‍കി.

കോട്ടയം മെഡിക്കല്‍ കോളേജിനെ കാത്ത് ലാബ് അടക്കം ആധുനിക ചികിത്സാ സൗകര്യങ്ങളോടെ മികച്ച ഹൃദ്രോഗ കേന്ദ്രമായി വളര്‍ത്തിയതില്‍ പ്രധാനിയാണ്. . റുമാറ്റിക് ഹാര്‍ട്ട് ക്ലബ്ബ് സംസ്ഥാന കോര്‍ഡിനേറ്ററും ആരോഗ്യ വിഭാഗത്തില്‍ ഹാര്‍ട്ട് അറ്റാക്ക് ചികിത്സാ നോഡല്‍ ഓഫീസറുമാണ്. 1500 ഗവേഷണ പ്രബന്ധങ്ങള്‍ ഹൃദ്രോഗ ചികിത്സയെക്കുറിച്ച്‌ തയാറാക്കിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ 78 ബാച്ച്‌ വിദ്യാര്‍ത്ഥിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാര്‍ഡിയോളജിയില്‍ ഡി.എംബി ബിരുദവും നേടി.

മുന്‍മുഖ്യമന്ത്രിമാരായ ഇ.കെ. നായനാര്‍, കെ. കരുണാകരന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുടെ ഹൃദ്രോഗ ചികിത്സാ സംഘത്തില്‍ ഉണ്ടായിരുന്നു. എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് തുടങ്ങി വിവിധ തലങ്ങളിലെ പ്രശസ്തരും പ്രഗല്ഭരും ഹൃദ്രോഗ ചികിത്സയ്ക്കായി ഡോ. ജയപ്രകാശിനെ തേടിയെത്തിയിട്ടുണ്ട്. ഒരുദിവസം നാലോ അഞ്ചോ മണിക്കൂറുകള്‍ മാത്രമാണ് വിശ്രമത്തിനായി വീട്ടില്‍ പോകുന്നത്.

ആറാം വയസില്‍ വയലിന്‍ പഠിച്ചു തുടങ്ങിയ ജയപ്രകാശ് “കാതോട് കാതോരമടക്കം “നിരവധി പ്രശസ്ത സിനിമാ ഗാനങ്ങളുടെ റിക്കാഡിംഗില്‍ പങ്കാളിയാണ്. ദക്ഷിണാമൂര്‍ത്തിസ്വാമി, യേശുദാസ്, ജയചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു . മുന്‍ ജില്ലാ ജഡ്ജി പരേതനായ വി.യു ലംബോധരന്റെയും സി.എം.എസ് കോളേജ് മലയാളം പ്രൊഫസറായിരുന്ന രാധയുടെയും മകനാണ്. ഭാര്യ ശാന്തി മെഡിക്കല്‍ കോളേജിലെ അനസ്തീസിയ വിഭാഗം അഡീഷണല്‍ പ്രൊഫസറാണ്. ഡോ.അര്‍ജുന്‍, അരുണ്‍ എന്നിവര്‍ മക്കളാണ്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഹൃദയമാറ്റശസ്ത്രക്രിയ നടത്തിയത് കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോ. ടി. കെ. ജയകുറിന്‍റെ നേതൃത്വത്തിലായിരുന്നു. നാളിതുവരെ ഏഴ് ഹൃദയമാറ്റ ശസ്‌ത്രക്രിയ നടത്തിയിട്ടുണ്ട്. അതില്‍ ഡോ. ജയകുമാറിനൊപ്പം സഹകരിച്ചു എന്നതിനപ്പുറം കഴിഞ്ഞ തിങ്കളാഴ്ച മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥിന്‍റെ ഹൃദയം ഉള്‍പ്പെടെ ഏഴ് അവയവങ്ങള്‍ ദാനം ചെയ്തപ്പോള്‍ ഹൃദയം ശസ്ത്രക്രിയ ചെയ്ത് എടുക്കുവാനും അദ്ദേഹത്തിന്‍റെ സേവനം ലഭ്യമായിരുന്നു.