
ബാലചന്ദ്രൻ
കോട്ടയം: തിരുനക്കര ജോസ്കോ ജുവലറി ഉടമ പി.എ ജോസിനെതിരെ വിജിലൻസ് കേസ്. നഗരസഭയെ കബളിപ്പിച്ച്, തട്ടിപ്പ് നടത്തി രാജീവ് ഗാന്ധി കോംപ്ലക്‌സ് കൈവശം വച്ചിരിക്കുന്നതായാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പട്ടികജാതി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരുന്ന മുറി പോലും വ്യാജ രേഖ ചമച്ച് തട്ടിപ്പിലൂടെ സ്വന്തമാക്കുകയാണ് ജോസ്‌കോ ഗ്രൂപ്പ് ചെയ്തത്. ഇതിനെതിരെയാണ് കോട്ടയം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. എട്ട് വർഷമായി വിജിലൻസ് സംഘം കേസ് നടപടികൾ ആരംഭിച്ചിട്ട്. എന്നാൽ, സർക്കാരും രാഷ്ട്രീയക്കാരും കൈവശമുള്ള ജോസ്‌കോ ഗ്രൂപ്പ് മുതലാളി വിജിലൻസ് അന്വേഷണവുമായി സഹകരിക്കുന്നതു പോലുമില്ല.
വീഡിയോ ഇവിടെ കാണാം –
കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സ് ചട്ടങ്ങൾ ലംഘിച്ചാണ് ലേലം ചെയ്തതെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. 2013 ലാണ് കേസ് രജിസ്റ്റർ ചെയ്തത്. രാജീവ് ഗാന്ധി കോംപ്ലക്‌സിൽ 15 മുറികളാണ് ഉള്ളത്. ഈ മുറികൾ ലേലം ചെയ്തു നൽകണമെന്നാണ് ചട്ടം. എന്നാൽ, ചട്ടം ലംഘിച്ചാണ് ജോസ്‌കോ ഗ്രൂപ്പിനു വേണ്ടി കെട്ടിടം മുഴുവനായി നല്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജീവ് ഗാന്ധി കോംപ്ലക്‌സിലെ മുറികളിൽ ഒന്ന് എസ്.സി.എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുകയാണ്. എസ്.സിഎസ്ടി വിഭാഗത്തിൽ നിന്നും ഒന്നിലധികം അപേക്ഷകൾ ഉണ്ടായാൽ ഈ മുറിയുടെ കാര്യത്തിൽ ലേലം പോലും പാടില്ലെന്നാണ് ചട്ടം. അപേക്ഷകരുടെ പേര് എഴുതി നറക്കിട്ട ശേഷം, നറക്കു വീഴുന്ന ആൾക്കു മുറി നൽകണമെന്നതാണ് ചട്ടം. എന്നാൽ, ഈ ചട്ടം ജോസ്‌കോ ഗ്രൂപ്പിനു വേണ്ടി 2013 ൽ അട്ടിമറിക്കുകയായിരുന്നു.
2013 ൽ രാജീവ് ഗാന്ധി കോംപ്ലക്‌സിൽ ഒരു മുറിയ്ക്കായി മണർകാട് സ്വദേശിയും എസ്.സി എസ്ടി വിഭാഗത്തിൽപ്പെട്ടയാളുമായ യുവാവ് അപേക്ഷ നൽകി. എന്നാൽ, ഈ അപേക്ഷ പരിഗണിക്കാൻ പോലും നഗരസഭ തയ്യാറായില്ല. നഗരസഭ അധികൃതർ ഈ അപേക്ഷ ചവറ്റു കുട്ടയിൽ തള്ളിയ ശേഷം തൃശൂർ സ്വദേശിയായ ജോസ്‌കോ മുതലാളിയുടെ ബിനാമിയ്ക്കു കെട്ടിടം മറിച്ചു നൽകുകയായിരുന്നു. തുടർന്നു, മണർകാട് സ്വദേശി കോട്ടയം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോയിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ അന്നു വിജിലൻസ് യൂണിറ്റ് ഡി വൈ.എസ്.പിയായിരുന്ന നിലവിലെ കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ കേസ് അന്വേഷിച്ചു. ഈ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ആർ ശ്രീകുമാർ കണ്ടെത്തിയത്. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിലെ മുറികളുടെ ഭിത്തികൾ ജോസ്‌കോ ജുവലറി ഗ്രൂപ്പ് ഇടിച്ചു നിരത്തി ഒറ്റമുറിയാക്കി മാറ്റി. ഇതിനുള്ളിൽ പട്ടിക വിഭാഗത്തിനായി സംവരണം ചെയ്ത മുറി ഇടിച്ചു നിരത്തിയ ശേഷം, ഇതിനുള്ളിൽ ഒരു സ്വർണ്ണപ്പണിക്കാരനെ ജോലിയ്ക്കിരുത്തിയതായും കണ്ടെത്തി.
എന്നാൽ, ഈ പരാതിയിൽ യാതൊരു വിധ നടപടിയും സ്വീകരിക്കാൻ നഗരസഭ അധികൃതർ തയ്യാറായില്ല. വിജിലൻസ് സംഘം സംഭവത്തിൽ കേസെടുത്തു വിശദമായി അന്വേഷണം നടത്തി. തുടർന്നു, കേസുമായി മുന്നോട്ടു പോയതോടെ രാഷ്ട്രീയ സമ്മർദവും ഉണ്ടായി. ജോസ്‌കോ ഗ്രൂപ്പിനു വേണ്ടി ഉന്നതൻമാർ അടക്കം ഇടപെട്ടു. ഇതോടെ, രാജീവ് ഗാന്ധി കോംപ്ലക്‌സിന്റെ കേസ് അന്വേഷണവും ഇഴഞ്ഞു നീങ്ങി. ഈ കേസ് അടിയന്തിരമായി തീർപ്പാക്കണമെന്നും, 15 മുറികളും യഥാസ്ഥാനത്ത് പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ആൻറി കറപ്ഷൻ ടീം ഉടൻ ഹൈക്കോടതിയെ സമീപിക്കും
കോട്ടയം നഗരസഭയിലെ ഒരു കൗൺസിലർപോലും രാജീവ് ഗാന്ധി കോംപ്ലക്‌സിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്ക് എതിരെ ഒരക്ഷരം പോലും ഉരിയാടില്ല. കോട്ടയം നഗരസഭയിലെ ഭരണപ്രതിപക്ഷ കൗൺസിലർമാർക്ക് എല്ലാം കൃത്യമായി രാജീവ് ഗാന്ധി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ജോസ്‌കോ ഗ്രൂപ്പിന്റെ വിഹിതം ലഭിക്കുന്നുണ്ട്. രാജീവ് ഗാന്ധി കോംപ്ലക്സിലെ ജോസ്കോയുടെ തട്ടിപ്പിന് പല ഇടപാടിലൂടെയും പ്രസിദ്ധനായ മുൻ നഗരസഭാ അദ്ധ്യക്ഷനാണ് ചുക്കാൻ പിടിക്കുന്നത് .ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും .
തുടരും.