ഏറ്റുമാനൂർ ജെസി കൊലപാതകം; മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച കാര്‍ ഉപേക്ഷിച്ചത് കാനറ ബാങ്കിനടുത്തുള്ള പാര്‍ക്കിങ് സ്ഥലത്ത്;കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

Spread the love

കോട്ടയം:ഏറ്റുമാനൂർ കാണക്കാരിയിൽ 59കാരൻ ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്.

ജെസിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സാം കെ ജോർജ് മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി. കോട്ടയം ശാസ്ത്രി റോഡില്‍ കാനറ ബാങ്കിനടുത്തുള്ള പാർക്കിങ് സ്ഥലത്തു നിന്നാണ് കാർ കണ്ടെത്തിയത്. കാർ ഉപേക്ഷിച്ച നിലയിലായിരുന്നു.

കാറിന്റെ ഡിക്കിയില്‍ കയറ്റിയാണ് ജെസിയുടെ മൃതദേഹം സാം കെ ജോർജ് ചെപ്പുകുളത്തെത്തിച്ച്‌ കൊക്കയിലെറിഞ്ഞത്. സാം കെ ജോർജ് കഴിഞ്ഞ മാസം ഇരുപത്താറിനായിരുന്നു ജെസിയെ കൊലപ്പെടുത്തി മൃതദേഹം കൊക്കയിലെറിഞ്ഞത്. ഇന്നലെയാണ് ഇയാളെ മൈസുരുവില്‍ നിന്നും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാം കെ ജോർജ്ജിന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട ജെസി. ഇയാളുടെ വഴിവിട്ട ജീവിതത്തെ തുടർന്ന് ആദ്യഭാര്യ ഉപേക്ഷിച്ച്‌ പോകുകയായിരുന്നു. ജെസിയെ വിവാഹം കഴിച്ചതിന് ശേഷവും ഇയാള്‍ വഴിവിട്ട ജീവിതം തുടർന്നു. വിദേശ വനിതകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതായിരുന്നു ഇയാളുടെ ഹോബി. മുമ്പ് ജെസിയുമൊത്ത് ഗള്‍ഫിലായിരുന്നു സാം. ആ സമയത്തും അതിനു ശേഷം നാട്ടിലെത്തിയിട്ടും സാം തന്റെ അവിഹിത ബന്ധങ്ങള്‍ തുടർന്നു.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ:

1994-ലാണ് സാം ജെസിയെ വിവാഹം ചെയ്തത്. സാമിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യഭാര്യ സാമിനെ ഉപേക്ഷിച്ച്‌ പോകുകയായിരുന്നു. സാം വിദേശവനിതകള്‍ ഉള്‍പ്പെടെയുള്ളവരുമായി പരസ്യബന്ധം പുലർത്തിയിരുന്നത് ജെസി ചോദ്യംചെയ്തിരുന്നു. ഇതു സംബന്ധിച്ച വഴക്കിനെ തുടർന്ന് 15 വർഷമായി കാണക്കാരി രത്‌നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടില്‍ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്.

ഈ വീട്ടില്‍ സമാധാനപരമായി താമസിക്കാൻ നല്‍കിയ കേസില്‍ ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി 2018-ല്‍ പാല അഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സാമിന് ഇതേ വീട്ടില്‍തന്നെ താമസിക്കാൻ ജെസി അനുവാദം നല്‍കി. വീട്ടില്‍ കയറാതെ പുറത്തുനിന്ന് സ്റ്റെയർക്കെയ്സ് പണിതാണ് സാമിന് രണ്ടാംനിലയില്‍ താമസസൗകര്യമൊരുക്കിയത്.

ആറുമാസമായി എംജി യൂണിവേഴ്‌സിറ്റിയില്‍ ടൂറിസം ബിരുദാനന്തര കോഴ്‌സ് പഠിക്കുകയായിരുന്നു സാം. ഇതിനിടെ സാം, ഭാര്യയെ ഈ വീട്ടില്‍നിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാൻ കോടതിയെ സമീപിച്ചു. എന്നാല്‍, ജെസി കോടതിയില്‍ ഇതിനെ എതിർത്തു. തനിക്കെതിരായി കോടതിയില്‍നിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു.

സെപ്റ്റംബർ 26-ന് രാത്രി ജെസി താമസിക്കുന്ന താഴത്തെ നിലയിലെത്തി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി. അടുത്തദിവസം പുലർച്ചെ കാറില്‍ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തി. റോഡില്‍നിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു.

29-ന് ജെസിയെ സുഹൃത്ത് ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇവർ കുറവിലങ്ങാട് പോലീസില്‍ പരാതിപ്പെട്ടു. ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബെംഗളൂരുവിലുണ്ടെന്ന് മനസ്സിലാക്കി. പോലീസ് അവിടെയെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വൈക്കം ഡിവൈഎസ്‌പി ടി.പി. വിജയന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് എസ്‌എച്ച്‌ ഇ.അജീബ്, എസ്‌ഐ മഹേഷ് കൃഷ്ണൻ, എഎസ്‌ഐ ടി.എച്ച്‌. റിയാസ്, സിപിഒ പ്രേംകുമാർ എന്നിവർ ചേർന്നാണ് സാമിനെ അറസ്റ്റ് ചെയ്തത്