ഞാൻ മരിക്കാൻ പോകുന്നുവെന്ന് ജസ്നയുടെ അവസാന മെസേജ്, അരിച്ചുപെറുക്കി ക്രൈംബ്രാഞ്ച് ;അന്വേഷണം അവസാന ഘട്ടത്തിലേക്ക്
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന വ്യാപക അന്വേഷണം നടത്തിയിട്ടും ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്ന മരിയ ജയിംസിനെ ഒൻപതുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ വീണ്ടും ഊർജിതമായ അന്വേഷണം നടക്കുകയാണ്. ജസ്‌നയെ കാണാതായ മുക്കൂട്ടുതറ ഗ്രാമം കേന്ദ്രീകരിച്ചാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ പലവട്ടം അന്വേഷണം നടത്തിയ ലോക്കൽ പൊലീസ് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വനത്തിലുംവരെ ജസ്‌നയെ തേടി പോയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. അതീവ രഹസ്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്. നാട്ടിൽനിന്നും ജസ്‌ന പോയിട്ടില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടു പോകുന്നതത്രേ.
കഴിഞ്ഞ മാർച്ച് 22ന് രാവിലെ 10.40നാണ് പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജയിംസ് ജോസഫിന്റെ മകൾ ജസ്നയെ കാണാതാകുന്നത്. അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസിൽ കയറുന്നത് കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. പിന്നീട് ജസ്നയെക്കുറിച്ച് ആർക്കും ഒരറിവുമില്ല. മൊബൈൽ ഫോണും ആഭരണങ്ങളും എടുത്തിട്ടില്ല. അന്ന് രാത്രി ഏഴുമണിയോടെ പിതാവ് പൊലീസിൽ പരാതി നല്കി. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗോവ, പൂനെ എന്നിവിടങ്ങളിലെ കോൺവന്റുകളിൽ ജസ്‌നയുണ്ടെന്ന സന്ദേശങ്ങളെ തുടർന്ന് പൊലീസ് അവിടങ്ങളിലും എത്തിയിരുന്നു. അതിനിടെ ജസ്നയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. താൻ മരിക്കാൻ പോവുന്നു എന്നായിരുന്നു ജസ്ന അയച്ച അവസാന മെസേജ്. മുണ്ടക്കയം സ്വദേശിയായ ഒരു യുവാവിനാണ് ജസ്ന ഈ മെസേജ് അയച്ചിരുന്നത്. നേരത്തെ സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തിരുന്ന ഈ യുവാവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങളൊന്നും കിട്ടിയില്ല. കേസ് അന്വേഷണം ഒരിടത്തും എത്താതിരുന്നതിനെ തുടർന്ന് എന്തെങ്കിലും സൂചന നല്കുന്നവർക്ക് അഞ്ചുലക്ഷം രൂപ ഇനാം ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ജില്ലകളിലായി പന്ത്രണ്ട് ഇൻഫർമേഷൻ ബോക്സുകൾ സ്ഥാപിച്ച് വിവരങ്ങൾ ശേഖരിക്കാനും പൊലീസ് ശ്രമിച്ചു. ബോക്‌സിൽ നൂറിലധികം കത്തുകൾ വന്നെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
ജസ്ന വീട്ടിൽ നിന്ന് ഓട്ടോയിൽ കയറിയപ്പോൾ മുതൽ കാറിൽ ബന്ധുവായ ഒരാൾ പിറകെയുണ്ടായിരുന്നുവെന്ന് മറ്റൊരു ബന്ധു പൊലീസിൽ മൊഴി നല്കിയിരുന്നു. ആ ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്തു. ഇതിനിടയിൽ പിതാവിനെതിരെയും ആരോപണമുണ്ടായി. ഇതേതുടർന്ന് പിതാവ് കോൺട്രാക്ട് എടുത്ത് നിർമ്മിക്കുന്ന ഏന്തയാറിലെ ഒരു സ്‌കൂൾ ഗ്രൗണ്ടിനോട് ചേർന്ന് നിർദ്ധന വിദ്യാർത്ഥികൾക്കായി നിർമ്മിക്കുന്ന പൂർത്തിയാവാത്ത വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. 2017ലാണ് ഈ വീടിന്റെ നിർമ്മാണം ആരംഭിച്ചത്. കക്കൂസിനായി കുത്തിയ കുഴിയിലും സ്വീകരണ മുറിയിലും മണ്ണ് ഇളകി കിടക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ പൊലീസ് മണ്ണുമാന്തി പരിശോധന നടത്തി. എന്നാൽ, ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുണ്ടക്കയത്തുനിന്ന് ജസ്നയെന്ന തോന്നിക്കുന്ന ഒരാൾ ബസ് കയറിപ്പോകുന്നത് റോഡ് വക്കിലെ സി.സി ടി.വിയിൽ പതിഞ്ഞിരുന്നു. കഴിഞ്ഞദിവസം ഈ ദൃശ്യങ്ങൾ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ കാണിച്ച് ഉറപ്പുവരുത്താൻ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും ഒരാൾക്കുപോലും ഇത് സ്ഥിരീകരിക്കാനായില്ല.
ഇടുക്കി വെള്ളത്തൂവലിലെ വനാതിർത്തിയിൽ നിന്ന് ഒരു കാൽ കണ്ടെത്തിയിരുന്നു. ഇത് ജസ്നയുടേതാണെന്ന സംശയത്തെ തുടർന്ന് ലാബിൽ പരിശോധിച്ചെങ്കിലും അല്ലെന്ന് തെളിഞ്ഞു. ഡി.എൻ.എ ടെസ്റ്റിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്. അറ്റുപോയ നിലയിൽ കണ്ടെത്തിയ കാൽ 36 വയസുള്ള ഒരു സ്ത്രീയുടേതാണെന്നായിരുന്നു കണ്ടെത്തൽ. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിൽ ഒരു സ്ത്രീയുടെ കത്തിക്കരിഞ്ഞ ജഡം കണ്ടത് അഭ്യൂഹത്തിനിടയാക്കി. എന്നാൽ ഡി.എൻ.എ ടെസ്റ്റിൽ അതും ജസ്‌നയുടേതല്ലെന്ന് വ്യക്തമായി. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെ ജസ്‌നയെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ബന്ധുക്കളും.