
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാരെ സന്തോഷിപ്പിക്കാനായി 2 നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ആലോചനയുമായി സര്‍ക്കാര്‍. പെന്ഷന് പ്രായം 56ല്‍ നിന്ന് 60 ആക്കുക, ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങള്‍ ആറില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കുക എന്നീ തീരുമാനങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് നീക്കങ്ങള്‍ നടത്തുന്നത്.
നയപരമായ തീരുമാനങ്ങളായതിനാല്‍ എല്‍ഡിഎഫിലും സിപിഎമ്മിലും ചര്‍ച്ച വേണ്ടിവരും. മറ്റെല്ലാ വിഷയങ്ങളിലും ഭീമമായ അധികച്ചെലവുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ സര്‍ക്കാര്‍ അതിവേഗം തീരുമാനമെടുത്തെങ്കിലും ഈ 2 വിഷയങ്ങളും ജനങ്ങളുടെ എതിര്‍പ്പ് തിരഞ്ഞെടുപ്പില്‍ വിളിച്ചുവരുത്തുമോ എന്ന ആശങ്ക കാരണമാണ് ചര്‍ച്ച നീളുന്നത്.
അഞ്ചേകാല്‍ ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരില്‍ രണ്ടേകാല്‍ ലക്ഷത്തോളം പേര് ഇപ്പോള്‍ പങ്കാളിത്ത പെന്ഷന് പദ്ധതിക്കു കീഴിലായതിനാല്‍ ഇവരുടെ പെന്ഷന് പ്രായം 60 വയസ്സാണ്. ബാക്കിയുള്ള 3 ലക്ഷത്തോളം പേരുടെ പെന്ഷന് പ്രായമാണ് 56ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തേണ്ടത്. അതിനാല്‍ പെന്ഷന് പ്രായം വര്‍ധിപ്പിക്കുകയല്ല, മറിച്ച് ഏകീകരിക്കുകയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉയര്‍ത്തുന്ന വാദം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, പെന്ഷന് പ്രായം ഉയര്‍ത്തിയാല്‍ ഈ വര്‍ഷവും അടുത്ത 3 വര്‍ഷങ്ങളിലും ജീവനക്കാര്‍ വിരമിക്കില്ല. ഇത് സര്‍ക്കാര്‍ ഖജനാവിന് ആശ്വാസമാകുമെങ്കിലും പിഎസ്സി റാങ്ക് പട്ടികയില്‍ ജോലി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്കു തിരിച്ചടിയാകും.
പ്രവൃത്തിദിവസം അഞ്ചാക്കി കുറയ്ക്കുന്നതും സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടാന്‍ ഇടയാക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. സര്‍ട്ടിഫിക്കറ്റ് വിതരണം അടക്കം പല സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാണെങ്കിലും ഇതിനും ഉദ്യോഗസ്ഥ തല ഇട പെടല് ആവശ്യമാണ്. എന്നാല്‍ ഈ വിഷയത്തില്‍ എല്ലാ സര്‍വീസ് സംഘടനകള്‍ക്കും സര്‍ക്കാര്‍ നീക്കത്തോട് യോജിപ്പാണ്.



