
കാക്കനാട്: കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ കോളജ് വിദ്യാര്‍ഥി ഓടിച്ച ജീപ്പ് നിയന്ത്രണംവിട്ട് ബൈക്കിലും ഓട്ടോയിലും ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു.
കോട്ടയം സ്വദേശി മാരാട്ടുകുളത്തില്‍ വീട്ടില്‍ സെബിൻ ജോസഫ് (25) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ പെരിങ്ങാല സ്വദേശി പുത്തൻപുരക്കല്‍ അൻസില്‍ ജബ്ബാറിന്‍റെ ഇടതുകാലിന്‍റെ പെരുവിരല്‍ അറ്റുപോകുകയും ഇടതു കൈക്ക് ഒടിവുമുണ്ട്.
ബുധനാഴ്ച രാത്രി എട്ടിന് കാക്കനാട് ചിറ്റേത്തുകരയിലായിരുന്നു അപകടം. ജീപ്പ് ഓടിച്ച ബിബിഎ വിദ്യാര്‍ഥി കോട്ടയം കൊക്കപള്ളി ഹെവൻ മാത്യു പോളി(20)നെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെബിൻ ചിറ്റേത്തുകരയില്‍ നിന്നു കലൂരിലേക്ക് ബൈക്കില്‍ പോകവെ എതിര്‍ദിശയില്‍ നിന്ന് വന്ന ജീപ്പ് ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ഉണ്ടായിരുന്ന ഓട്ടോറിക്ഷയിലേക്കും ജീപ്പിടിച്ചു കയറി.
അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ സെബിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. പിതാവ്: ഷിബു. അമ്മ: ലിസി. സഹോദരങ്ങള്‍: സോണിയ, ഷാനിയ. ജീപ്പ് അമിത വേഗതയിലായിരുന്നെന്നും യുവാവ് മദ്യലഹരിയിലാണ് വാഹനം ഓടിച്ചിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.