ജെ സി ഡാനിയേല്‍ പുരസ്കാരം ഗായകന്‍ പി ജയചന്ദ്രന് സമ്മാനിച്ചു; അര്‍ഹമായ കരങ്ങളില്‍ അവാര്‍ഡ് ഏല്‍പ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി; തനിക്കായി പ്രാര്‍ഥിക്കുന്ന, തന്നെ സ്നേഹിക്കുന്ന, ശ്രോതാക്കളാണ് തന്റെ ഏറ്റവും വലിയ ശക്തിയും പുരസ്കാരവുമെന്ന് ജയചന്ദ്രന്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജെ സി ഡാനിയേല്‍ പുരസ്കാരം ഗായകന്‍ പി ജയചന്ദ്രന് സമ്മാനിച്ചു. സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം സമ്മാനിച്ചത്.
വരേണ്യ വര്‍ഗത്തിനുമാത്രം പ്രാപ്യമായ സംഗീതത്തെ ചലച്ചിത്ര ഗാനങ്ങളിലൂടെ ഏവര്‍ക്കും പ്രിയപ്പെട്ട കലയാക്കി മാറ്റിയ മലയാളികളുടെ മുഴുവന്‍ സൗഭാഗ്യമാണ് ഗായകന്‍ പി ജയചന്ദ്രനെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹമായ കരങ്ങളില്‍ അവാര്‍ഡ് ഏല്‍പ്പിക്കുന്നതില്‍ സന്തോഷമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഗീതത്തെ ജനകീയവല്‍ക്കരിച്ച സിനിമയെന്ന കലയുടെ ഭാഗമായ ജയചന്ദ്രന്‍ അനശ്വരങ്ങളായ നിരവധി ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. ഗാനങ്ങളുടെ വൈകാരിക ഭാവം ഉള്‍ക്കൊണ്ട് അതിസൂക്ഷ്മമായി പാടുന്നതിനാലാണ് ഭാവഗായകനെന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷയിലും അദ്ദേഹം തന്റെ സ്വര മാധുര്യം എത്തിച്ചു. സംഗീത ലോകത്തിന് ഇനിയും കൂടുതല്‍ സംഭാവനങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
തനിക്കായി പ്രാര്‍ഥിക്കുന്ന, തന്നെ സ്നേഹിക്കുന്ന, നല്ലത് പറയുന്ന ശ്രോതാക്കളാണ് തന്റെ ഏറ്റവും വലിയ ശക്തിയും പുരസ്കാരവുമെന്ന് ജയചന്ദ്രന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സംഗീത ലോകത്ത് പാട്ടുകള്‍ പാടുന്നു എന്നതില്‍ കവിഞ്ഞ് ഈ മേഖലയിലെ കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് അറിയില്ല.
മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. അടുത്ത മാസം നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോഗോ മന്ത്രി ആന്റണി രാജു കെഎസ്‌എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കി പ്രകാശിപ്പിച്ചു. മന്ത്രി ജി ആര്‍ അനില്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, സെക്രട്ടറി സി അജോയ്, രവിമേനോന്‍ എന്നിവര്‍ സംസാരിച്ചു. പുരസ്കാര സമര്‍പ്പണത്തെ തുടര്‍ന്ന് ജയചന്ദ്രന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ‘ഭാവഗാന സാഗരം’ എന്ന സംഗീതപരിപാടി അരങ്ങേറി.