‘വീട്ടിലെത്തിയാൽ ഭാര്യ എന്നും പണം ചോദിക്കും, ശല്യപ്പെടുത്തും’; ബിബിഎക്കാരൻ സഹികെട്ട് ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങി; ഒടുവിൽ അറസ്റ്റ്

Spread the love

ജയ്പൂർ: ഭാര്യയുടെ ആഡംബര ജീവിതം എന്ന ആവശ്യം നിറവേറ്റാൻ കഴിയാതെ വന്നപ്പോൾ, ബിരുദധാരിയായ യുവാവ് ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ പ്രതിയായ തരുൺ പരീക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഇയാൾ മോഷണത്തിന്‍റെ പാത തിരഞ്ഞെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ജാംവാരംഘഡ് സ്വദേശിയായ തരുൺ മോഷണങ്ങൾക്കായി ജയ്പൂരിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. സംശയം ഒഴിവാക്കാൻ ഇയാൾ കുറ്റകൃത്യങ്ങൾ സൂക്ഷ്മമായി ആസൂത്രണം ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ, ഭാര്യ എന്നും പണം ചോദിക്കുമെന്നും ആഡംബര ജീവിതത്തിന് വേണ്ടി ഇയാളെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നതായും കണ്ടെത്തി. ഈ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ബിബിഎ ഡിഗ്രിയുള്ള യുവാവ് ഒരു സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടീവ് സ്ഥാനം രാജിവെച്ച് ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റാൻ തരുൺ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു.

ജയ്പൂരിലെ ട്രാൻസ്പോർട്ട് നഗർ പ്രദേശത്ത് പകൽ വെളിച്ചത്തിൽ ഒരു വയോധികയുടെ സ്വർണ്ണ മാല പൊട്ടിച്ച സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ട്. ഈ സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, തരുണിന്‍റെ ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ പൊലീസ് നിരീക്ഷിച്ച് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തരുൺ എത്ര കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇയാൾക്ക് കൂട്ടാളികളുണ്ടോയെന്നും പൊലീസ് ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ഭാര്യക്ക് അറിവുണ്ടായിരുന്നോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.