ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഒടിയൻ ബിജുവിന് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്വന്തംലേഖകൻ
പെരുമ്പാവൂർ: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് മാസം ജയിലിൽ കിടന്ന് പുറത്തിറങ്ങിയ ഒടിയൻ ബിജുവിന് വെട്ടേറ്റു. ഈസ്റ്റ് ഒക്കൽ മൈലാച്ചാൽ ചോരനാട്ട് വീട്ടിൽ ബിജു (ഒടിയൻ ബിജു – 35)നാണ് വെട്ടേറ്റത്. ടൂവീലറിൽ പോകവെ ഐമുറി കൂടാലപ്പാട് വച്ചായിരുന്നു ബിജുവിനെ സംഘം ചേർന്ന് വെട്ടിവീഴ്ത്തിയത്. കാലിനും കൈക്കുമാണ് പരിക്ക്. രാത്രിയായതിനാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാത്രിയിൽ അയൽവാസികളുടെ വീടുകളിൽ കയറി ഒളിഞ്ഞുനോട്ടവും അടിവസ്ത്ര മോഷണവും പതിവാക്കി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന ഇയാൾ വീട്ടമ്മയെ അടിച്ചുവീഴ്ത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിനാണ് പിടിയിലായത്. ജയിലിൽ നിന്ന് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നിരവധി കേസുകളിൽ പ്രതിയായ ബിജുവിന് ധാരാളം ശത്രുക്കളുണ്ട്. ഇവരിൽ ആരെങ്കിലുമായിരിക്കാം ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.