ജയിലറകളിൽ തിങ്ങിനിറഞ്ഞ് തടവുകാർ ; അന്വേഷണം വേണമെന്ന് മനുഷ്യവകാശ കമ്മീഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉൾക്കൊള്ളാവുന്നതിലധികം തടവുകാരെ പാർപ്പിക്കുന്നതിനെകുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ജയിൽ ഡിജിപിക്ക് നിർദേശം നൽകി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ 727 തടവുകാർക്കാണ് സൗകര്യം. എന്നാൽ ഇപ്പോൾ അവിടെ തടവുകാരായി 1350 പേരുണ്ട്. തടവുകാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ല. ജയിലിൽ പകുതിയിലേറെ ക്യാമറകൾ തകരാറിലാണ്. ജയിലിലുള്ള മറ്റു സംസ്ഥാന തൊഴിലാളികളുടെ എണ്ണം പൂജപ്പുര സെൻട്രൽ ജയിലിൽ ലഭ്യമല്ല.
പൂജപ്പുര ജയിൽ വളപ്പിൽ പുതിയ കെട്ടിടം നിർമിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ പി.കെ രാജു പരാതിയിൽ ആവശ്യപ്പെട്ടു. 675 പേരെ ഉൾക്കൊള്ളാനാവുന്ന വിയ്യൂർ സെൻട്രൽ ജയിലിൽ 200ലധികം തടവുകാർ കൂടുതലാണ്. പത്തനം തിട്ടജയിൽ പൊളിച്ചു പണിയുന്നതിനാൽ ഇവിടുത്തെ 300 ഓളം തടവുകാരെ തിരുവനന്തപുരം സെൻട്രൽ ജയിൽ, കൊട്ടാരക്കര സബ് ജയിൽ എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 60 പേർക്ക് കഴിയാവുന്ന കൊട്ടാരക്കര ജയിലിൽ തടവുകാർ ഇതോടെ 150 ആയി. നിർമാണം പുരോഗമിക്കുന്ന ആലപ്പുഴ ജില്ലാ ജയിലിലെ തടവുകാരെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group