തെളിവില്ല, ഏക സാക്ഷിയും മൊഴിമാറ്റി: ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ കേസ് അവസാനിപ്പിക്കാൻ പൊലീസ്

Spread the love

തിരുവനന്തപുരം: ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ നിയമനടപടികള്‍ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് നിയമനടപടികള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നത്.

നടന്മാർക്കെതിരെ കേസുകളില്‍ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നു. ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് പ്രത്യേക അന്വേഷണസംഘം ഉടൻ തീരുമാനിക്കും.

2008ല്‍ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയോ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുകേഷും മണിയൻപിള്ള രാജുവുമടക്കം ഏഴ് പേർക്കെതിരെ പരാതി നല്‍കിയ നടിയായിരുന്നു പരാതിക്കാരി. സെക്രട്ടേറിയേറ്റിലെ ടോയ്‌ലറ്റിലേക്ക് പോകുമ്ബോള്‍ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പരാതിയില്‍ പറയുന്ന ദിവസം സെക്രട്ടറിയേറ്റ് വളപ്പില്‍ ഷൂട്ടിംഗ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാൻ അനുവാദം നല്‍കിയിട്ടില്ലെന്നാണ് സർക്കാർ രേഖ.

പീഡനം നടന്നതായി പറയുന്ന ടോയ്ലറ്റ് ഇടിച്ച്‌ പൊളിച്ച്‌ അവിടെ വനംമന്ത്രിയുടെ ഓഫീസാക്കി മാറ്റി. അതിനാല്‍ പരാതിക്കാരി പോലും കൃത്യമായ സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല. ദൃക്സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന സാക്ഷിമൊഴിയോ ഇല്ല. പരാതിക്കാരിയുടെ രഹസ്യമൊഴിയും ജയസൂര്യയും പരാതിക്കാരിയും ആ സിനിമയില്‍ ഒരുമിച്ച്‌ അഭിനയിച്ചുവെന്നതും മാത്രമാണ് അനുകൂല തെളിവുകള്‍. കേസില്‍ മറ്റുസാക്ഷികള്‍ ഇല്ലാത്തതുകൊണ്ട് ഇതവസാനിപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വഞ്ചിയൂരിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് ബാലചന്ദ്രമേനോനെതിരായ പരാതി. ബാലചന്ദ്ര മേനോൻ ആ ഹോട്ടലില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. എന്നാല്‍ പരാതിക്കാരി അവിടെ വന്നതിന് തെളിവില്ല.

വർഷങ്ങള്‍ കഴിഞ്ഞതിനാല്‍ സിസിടിവി ദൃശ്യം, മൊബെെല്‍ ലൊക്കേഷൻ പോലുള്ള തെളിവുകളില്ല. ഉപദ്രവത്തിന്റെ സാക്ഷിയെന്ന് പരാതിക്കാരി പറഞ്ഞ മറ്റൊരു ജൂനിയർ ആർടിസ്റ്റ് താനൊന്നും കണ്ടില്ലെന്ന് മൊഴിമാറ്റിയതും കേസിന് തിരിച്ചടിയായി. ഇക്കാരണങ്ങളാലാണ് ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ നടപടികള്‍ അവസാനിപ്പിക്കാൻ അന്വേഷണസംഘം ആലോചിക്കുന്നത്.