വി. പി സത്യന് ശേഷം അനശ്വര നടന്‍ സത്യന്റെ വേഷത്തിൽ ജയസൂര്യ

വി. പി സത്യന് ശേഷം അനശ്വര നടന്‍ സത്യന്റെ വേഷത്തിൽ ജയസൂര്യ

സ്വന്തംലേഖകൻ

കോട്ടയം : അനശ്വര നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കാനൊരുങ്ങി ജയസൂര്യ. ഫുട്ബോള്‍ താരം വി.പി സത്യന്റെ ക്യാപ്റ്റന് ശേഷം ജയസൂര്യ അഭിനയിക്കുന്ന രണ്ടാമത്തെ ബയോപിക് ആയിരിക്കും ഈ ചിത്രം. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. 20 വര്‍ഷക്കാലം മലയാള സിനിമയുടെ അഭിമാനമായി വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന നടനാണ് സത്യന്‍. മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ സത്യന്റെ ‘ഓടയില്‍ നിന്നി’ലെ പപ്പുവും ‘മുടിയനായ പുത്രനി’ലെ രാജനും ‘ചെമ്മീനി’ലെ പളനിയും നീലക്കുയിലി’ലെ ശ്രീധരന്‍ മാസ്റ്ററും ‘വാഴ്വേമായ’ത്തിലെ സുധീന്ദ്രനും ‘കുട്ട്യേടത്തി’യിലെ അപ്പുക്കുട്ടനുമെല്ലാം മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച കഥാപാത്രങ്ങളാണ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികവു പുലര്‍ത്തിയ സത്യന്‍ രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.ചിത്രത്തില്‍ ജയസൂര്യക്കു പുറമെ ആരൊക്കെയായിരിക്കും അഭിനയിക്കുക എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വലിയ ക്യാന്‍വാസിലായിരിക്കും ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.