പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി : എന്നാലും കാലൻ പിന്മാറിയില്ല ;രാത്രി കെട്ടിത്തൂങ്ങി ജീവനൊടുക്കി

പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി : എന്നാലും കാലൻ പിന്മാറിയില്ല ;രാത്രി കെട്ടിത്തൂങ്ങി ജീവനൊടുക്കി

സ്വന്തം ലേഖിക

കുറ്റിപ്പുറം: തുടർച്ചയായി ആത്മഹത്യാ ശ്രമങ്ങൾ നടത്തിയ 40-കാരൻ തൂങ്ങി മരിച്ച നിലയിൽ. തവനൂർ മദിരശ്ശേരി ചീരക്കുഴി വിണ്ണൻചാത്ത് ജയൻ ആണ് മരിച്ചത്. ഇയാൾ കഴിഞ്ഞ ദിവസം പുഴയിൽ ചാടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. എന്നാൽ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച ഉച്ചയ്ക്കാണ് ജയൻ കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് പുഴയിൽ ചാടി ആത്മഹത്യക്കു ശ്രമിച്ചത്. തുടർന്ന് പമ്പയിലെ ലൈഫ് ഗാർഡുമാരായ ഇബ്രാഹിമും ഹരിദാസും ഇയാളെ രക്ഷിക്കുകയായിരുന്നു. വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദംകേട്ട് നടത്തിയ പരിശോധനയിലാണ് ഒരാൾ മുങ്ങിത്താഴുന്നത് കണ്ടത്. തുടർന്ന് മുങ്ങിപ്പോയ ജയനെ ഇരുവരും രക്ഷപ്പെടുത്തുകയായിരുന്നു.പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ജയൻ പിന്നീട് വീട്ടിലേയ്ക്ക് തിരിച്ചു പോയി. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ വീണ്ടും വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. പിന്നീടാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജയൻ മുമ്പ് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ രക്ഷപ്പെടുത്തുകയായിരുന്നു.
ജയൻ തെങ്ങുകയറ്റത്തൊഴിലാളിയാണ്. ഭാര്യ: സുനിത. മക്കൾ: സ്വാതി, നിവിഷ്ണ.