ആശുപത്രിയിലെ ‘അജ്ഞാതവാസം’; ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം തടഞ്ഞത് ആരെന്ന ചോദ്യം ഉയര്‍ത്തി അന്നത്തെ നിയമമന്ത്രി; ജയയുടെ ആശുപത്രി വാസത്തിനിടെ 1.17 കോടിയുടെ ഇഡലിയും ദോശയും കഴിച്ചതാര്…?  ചൂണ്ടുവിരല്‍ ശശികലയ്‌ക്കെതിരെ;  ജുഡിഷ്യല്‍ അന്വേഷണം യാഥാര്‍ത്ഥ്യമാക്കി ഒപിഎസ്-ഇപിഎസ് കൂട്ടുകെട്ട്; ഒടുവില്‍ റിപ്പോര്‍ട്ട് സ്റ്റാലിന്റെ കൈകളിലേക്ക്

ആശുപത്രിയിലെ ‘അജ്ഞാതവാസം’; ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം തടഞ്ഞത് ആരെന്ന ചോദ്യം ഉയര്‍ത്തി അന്നത്തെ നിയമമന്ത്രി; ജയയുടെ ആശുപത്രി വാസത്തിനിടെ 1.17 കോടിയുടെ ഇഡലിയും ദോശയും കഴിച്ചതാര്…? ചൂണ്ടുവിരല്‍ ശശികലയ്‌ക്കെതിരെ; ജുഡിഷ്യല്‍ അന്വേഷണം യാഥാര്‍ത്ഥ്യമാക്കി ഒപിഎസ്-ഇപിഎസ് കൂട്ടുകെട്ട്; ഒടുവില്‍ റിപ്പോര്‍ട്ട് സ്റ്റാലിന്റെ കൈകളിലേക്ക്

സ്വന്തം ലേഖകൻ

ചെന്നൈ: അഭിനേത്രിയില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകയായി, ആറ് തവണ തമിഴ് നാടിന്റെ മുഖ്യമന്ത്രിയായ ജെ.ജയലളിത മരിച്ചിട്ട് ആറ് വര്‍ഷമാകുന്നു.

ചെന്നൈയെന്ന ദക്ഷിണേന്ത്യന്‍ നഗരത്തിലിരുന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ഉരുക്കുവനിതയായി ചരിത്രം രേഖപ്പെടുത്തുമ്പോഴും ആ മരണത്തിന്റെ പേരിലുള്ള ഊഹാപോഹങ്ങളുടെ ചുരുള്‍ ഇനിയും അഴിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയോടെയായിരുന്നു അപ്പോളോ ആശുപത്രിയില്‍ ജയലളിതയുടെ മരണം. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു അന്ത്യം. 2016 സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതലുള്ള പല അഭ്യൂഹങ്ങളും ഇപ്പോഴും തമിഴകത്തെ വിട്ടുമാറിയിട്ടില്ല.

വലിയ മാര്‍ജിനില്‍ കഴിഞ്ഞ തവണ അധികാരത്തിലെത്തിയ അണ്ണാഡിഎംകെയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൈവിട്ടത് പോലും ജയ ഉയിരു നല്‍കി വളര്‍ത്തിയ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് എതിരെ ഉയര്‍ന്ന സംശയങ്ങളാണ്.

ഇത്തരം ദുരൂഹതകള്‍ക്കെല്ലാം വൈകാതെ വിരാമമാകുമെന്ന സൂചനയാണ് ജയയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖ സ്വാമി കമ്മിഷന്റെ ഭാഗത്തു നിന്നുമുള്ള നീക്കങ്ങള്‍ നല്‍കുന്ന സൂചന. ഡല്‍ഹി എയ്സില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കമ്മിഷനെ സഹായിക്കാനായെത്തിയതോടെ അന്വേഷണം ടോപ് ഗിയറിലാണ്.

ഏതാനും ചിലരില്‍ നിന്നു കൂടി മൊഴിയെടുക്കുന്നതോടെ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കയ്യിലെത്തുമെന്നാണ് സൂചന. ജയലളിതയുടെ മരണം ദുരൂഹമാണെന്ന് ആരോപിച്ച്‌ രംഗത്തെത്തിയവരില്‍ അന്നത്തെ നിയമമന്ത്രി സി.വി.ഷണ്‍മുഖവുമുണ്ടായിരുന്നു. അദ്ദേഹം ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ ഏറെ കോളിളക്കമുണ്ടാക്കി.

മൂന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം ചെയ്യണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. ഇത് ആരാണ് തടഞ്ഞത്? ആരുടെ നിര്‍ദ്ദേശപ്രകാരമാണു തടഞ്ഞത്? ജയ ആശുപത്രിയില്‍ കിടന്ന 75 ദിവസം അന്നത്തെ മുഖ്യമന്ത്രി പനീര്‍സെല്‍വത്തെയോ മന്ത്രിമാരെയോ പാര്‍ട്ടി നേതാക്കളെയോ കാണാന്‍ അനുവദിച്ചില്ല. ജയയെ വിദേശത്തു ചികില്‍സയ്ക്കു കൊണ്ടുപോകേണ്ടതില്ലെന്നു സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചുവെന്ന അന്നത്തെ ചീഫ് സെക്രട്ടറി രാമമോഹനറാവുവിന്റെ വാദം പച്ചക്കള്ളം.

ജയ ആശുപത്രിയിലിരിക്കെ മന്ത്രിസഭാ യോഗം ചേര്‍ന്നിട്ടില്ല. ജയയെ വിദേശത്തു ചികില്‍സയില്‍ കൊണ്ടുപോകുന്നതു ഇന്ത്യന്‍ ഡോക്ടര്‍മാരുടെ കഴിവിനെക്കുറിച്ച്‌ ചോദ്യമുയര്‍ത്തുമെന്നാണ് ആരോഗ്യ സെക്രട്ടറി പറഞ്ഞത്. ഇത് എവിടുത്തെ ന്യായമാണ്? ആരോഗ്യ സെക്രട്ടറിയുടെ പിന്നിലാരെന്ന് അന്വേഷിക്കണം.

ശശികല കുടുംബം അപ്പോളോ ആശുപത്രിയെ സുഖവാസ കേന്ദ്രമാക്കി. ജയയുടെ ആശുപത്രി വാസത്തിനിടെ 1.17 കോടിയുടെ ഇഡലിയും ദോശയും കഴിച്ചതാരെന്നു കണ്ടെത്തണം എന്നിങ്ങനെ ചോദ്യരൂപത്തില്‍ സി.വി.ഷണ്‍മുഖന്‍ ഉയര്‍ത്തിവിട്ട സംശയങ്ങളാണ് ജുഡീഷ്യല്‍ കമ്മീഷന്റെ രൂപീകരണത്തിലേക്ക് വഴിതെളിച്ചത്.

ആരോഗ്യ നില മോശമായതിനെത്തുടര്‍ന്നാണ് 2016 സെപ്റ്റംബര്‍ 22ന് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ അഞ്ചിന് ജയലളിത അന്തരിച്ചു. ഇതിനിടെ, അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ പല അഭ്യൂഹങ്ങളും പരന്നു. ഹൃദയസ്തംഭനമാണു മരണ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍, അവസാനകാലത്തെ ആശുപത്രിവാസത്തിനിടെ ജയലളിതയെ ആരും കണ്ടിട്ടില്ലെന്നും തോഴി വി.കെ.ശശികലയും കുടുംബവുമാണ് ജയലളിതയുടെ മരണത്തിന് ഉത്തരവാദികളെന്നും ആരോപിച്ച്‌ അന്നത്തെ അണ്ണാഡിഎംകെ മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍ തുറന്നടിച്ചു.

ശശികലയെ പേടിച്ചു താനുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ജയയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു കള്ളം പറഞ്ഞതായും ശ്രീനിവാസന്‍ വെളിപ്പെടുത്തി. ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ വിവിധ കോണുകളില്‍ നിന്ന് അഭിപ്രായ പ്രകടനങ്ങളുയര്‍ന്നിരുന്നു. എല്ലാ ആരോപണങ്ങളും വിരല്‍ ചൂണ്ടിയതു ശശികല കുടുംബത്തിനു നേരെയാണ്. എന്നാല്‍, അപ്പോളോ ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനം വിളിച്ച്‌ ആരോപണങ്ങളെല്ലാം നിഷേധിച്ചു.

ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയതില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി വിട്ട ഒ.പനീര്‍സെല്‍വത്തിന്റെ (ഒപിഎസ്) പ്രധാന ആവശ്യം ജയലളിതയുടെ മരണത്തെക്കുറിച്ച്‌ ജുഡിഷ്യല്‍ അന്വേഷണമായിരുന്നു. ഒപിഎസ്-ഇപിഎസ് (എടപ്പാടി പളനിസാമി) ലയനത്തിനു വഴിയൊരുക്കി പിന്നീട് സര്‍ക്കാര്‍ മരണത്തെക്കുറിച്ച്‌ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അങ്ങനെയാണ് ജസ്റ്റിസ് ആറുമുഖസ്വാമി കമ്മിഷന്‍ ജയയുടെ മരണത്തിനു പിന്നിലെ ചുരുളഴിക്കാനെത്തിയത്.