
പത്തനംതിട്ട ജില്ലയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തില്‍ വർധനവ്. രണ്ടാഴ്ചക്കിടെ രോഗം പിടിപെട്ടത് 25 പേർക്ക് എന്നാണ് കണക്ക്. സ്കൂള്‍ കുട്ടികളിലും യുവാക്കളിലുമാണ് രോഗം കൂടുതലായി കണ്ടെത്തിയത്. ശീതളപാനീയങ്ങളില്‍നിന്നും രോഗം കൂടുതലായി പടരുന്നതായി അധികൃതർ പറയുന്നു. ശീതള പാനീയ നിർമാണത്തിന് നിർബന്ധമായും ശുചീകരിച്ച വെള്ളം ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
ചില വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സമീപത്തുള്ള കൈത്തോടുകളില്‍ നിന്ന് മലിനജലം ജലസ്രോതസുകളിലേക്ക് എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് ബോധവത്കരണം തുടങ്ങി.
മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസർ ഡോഎല്‍. അനിതകുമാരി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടിവെള്ളം നന്നായി തിളപ്പിച്ച് ഉപയോഗിക്കുക, തണുത്തതും തുറന്നുവച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കാതിരിക്കുക, ഭക്ഷണത്തിന് മുമ്ബും ശുചിമുറി ഉപയോഗിച്ചതിനു ശേഷവും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക എന്നിവ നിർബന്ധമാക്കണം. ശുദ്ധജല സ്രോതസുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. മലമൂത്ര വിസർജനം കക്കൂസുകളില്‍ മാത്രമാക്കുക, കുഞ്ഞുങ്ങളുടെ വിസർജ്യവും കക്കൂസുകളില്‍ നിക്ഷേപിക്കുക.
പനി, ഓക്കാനം , ഛർദി, ശരീര വേദന , വയറുവേദന , മൂത്രത്തിനോ കണ്ണിനോ , ത്വക്കിനോ മഞ്ഞ നിറം എന്നിവയില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മൂന്നാഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി വിശ്രമിക്കണം.



