play-sharp-fill
ജസ്‌നയുടെ തിരോധാനം: ദൃശ്യം സിനിമ മോഡൽ പരിശോധന

ജസ്‌നയുടെ തിരോധാനം: ദൃശ്യം സിനിമ മോഡൽ പരിശോധന

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നും കാണാതായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് പിതാവ് ജയിംസ് മുണ്ടക്കയം ഏന്തയാറിൽ നിർമിക്കുന്ന കെട്ടിടവും പരിസരവും പോലീസ് പരിശോധിക്കും. ദൃശ്യം സിനിമ മോഡലിലാണ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കെട്ടിടം കുഴിച്ച് പരിശോധിക്കുന്നതിനു പകരം ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിക്കുമെന്നാണു വിവരം. നേരത്തേ, മുക്കൂട്ടുതറയിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ജെസ്‌നയുടെ വീട്ടിൽനിന്ന് രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഇതിന്മേലും അന്വേഷണം നടക്കുകയാണ്. ചെന്നൈ, ബെംഗളൂരു, പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പോലീസ് പോയിരുന്നു. മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തേ തന്നെ പോലീസ് തുടങ്ങിയിരുന്നു. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ടു നിർണായക വിവരം ലഭിച്ചെന്നും എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം നടത്തുമെന്നും പത്തനംതിട്ട എസ്പി ടി. നാരായണൻ ബുധനാഴ്ച അറിയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്ന സൂചനയാണ് ഡിജിപിയും മുഖ്യമന്ത്രിയും ഭാരവാഹികൾക്കു നൽകിയ വിവരം. അടുത്ത ബന്ധുക്കൾക്കു ജെസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന ആരോപണം പോലീസ്  കാര്യമായി അന്വേഷിച്ചില്ലെന്ന പരാതിയാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രിയോടു പറഞ്ഞത്. കാണാതായ ദിവസം മുക്കൂട്ടുതറയിൽനിന്ന് ജെസ്‌ന ബസ് കയറുമ്പോൾ അടുത്ത ബന്ധു ആ ബസിനു പിന്നാലെ കാറിൽ യാത്രചെയ്തിരുന്നുവെന്നു ജെസ്‌നയുടെ മറ്റൊരു ബന്ധു പൊലീസ് സംഘത്തിനു മൊഴികൊടുത്തുവെന്നും എന്നാൽ, ഇതിലും തുടരന്വേഷണം നടന്നില്ലെന്നുമാണു മറ്റൊരു പരാതി.