video
play-sharp-fill
ജസ്‌നയെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരിക്കുന്നു:  പിന്നിൽ ഓട്ടോ ടാക്‌സി ഡ്രൈവർമാരോ: വഴിതെറ്റിയെത്തിയ ജസ്‌നയെ കുടുക്കിയവരാര്

ജസ്‌നയെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരിക്കുന്നു: പിന്നിൽ ഓട്ടോ ടാക്‌സി ഡ്രൈവർമാരോ: വഴിതെറ്റിയെത്തിയ ജസ്‌നയെ കുടുക്കിയവരാര്

തേർഡ് ഐ ബ്യൂറോ

കോട്ടയം: വഴിതെറ്റിയെത്തിയ ജെസ്‌നയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആരെങ്കിലും തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരിക്കാമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. പത്തുമാസമായിട്ടും ജസ്‌നയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് പത്തനംതിട്ട ക്രൈംബ്രാഞ്ച് സംഘം ഇത്തരം ഒരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ രണ്ടാംവർഷ ബി.കോം വിദ്യാർഥിനിയായിരുന്ന മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജയിംസ് ജോസഫിന്റെ മകൾ ജെസ്‌ന മരിയ ജയിംസിനെ (20) 2018 മാർച്ച് 22ന് രാവിലെ 9.30 ന് എരുമേലിയിൽ വച്ചാണ് കാണാതാകുന്നത്. വീട്ടിൽ നിന്നും മുക്കൂട്ടുതറയിലെ ബന്ധുവിന്റെ വീട്ടിലേയ്ക്കു പോകുന്നു എന്നു പറഞ്ഞാണ് ജെസ്‌ന പോയത്. എന്നാൽ, പിന്നീട് നാളിതുവരെയായിട്ടും ജസ്‌നയെപ്പറ്റി യാതൊരു വിവരവും പൊലീസിനു ലഭിച്ചിട്ടില്ല.
പ്ലസ്ടുവരെ വീടിനു സമീപത്തെ സ്‌കൂളിലാണ് ജസ്‌ന പഠിച്ചിരുന്നത്. ഇതിനു ശേഷമാണ് കാഞ്ഞിരപ്പള്ളിയിലെ കോളേജിലേയ്ക്ക് ജസ്‌നയുടെ വിദ്യാഭ്യാസം പറിച്ചു നടപ്പെടുന്നത്. വീട്ടിൽ കോളേജിലേയ്ക്ക് ബസിൽ പോകാൻ പോലും അറിയാത്ത പെൺകുട്ടിയായിരുന്നു ജെസ്‌ന. അതുകൊണ്ടു തന്നെ ആദ്യ വർഷം ജെസ്‌ന ഹോസ്റ്റലിൽ നിന്നാണ് പഠിച്ചിരുന്നത്. രണ്ടാം വർഷം മുതലാണ് ജെസ്‌ന കോളേജിലേയ്ക്ക് ബസിൽ പോകാൻ തുടങ്ങിയത്. മറ്റു പെൺകുട്ടികളെ അപേക്ഷിച്ച് എല്ലാക്കാര്യത്തിലും അൽപം പിന്നോക്കം നിൽക്കുന്ന സ്വഭാവക്കാരിയായിരുന്നു ജെസ്‌നയെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ആരോടും മിണ്ടാൻ തയ്യാറാകാതെ, എല്ലാത്തിനോടും ഒരു അകലം പാലിച്ചാണ് ജെസ്‌ന നിന്നിരുന്നത്. അതുകൊണ്ടു തന്നെ കോളേജിലേയ്‌ക്കോ മറ്റുള്ള സ്ഥലങ്ങളിലേയ്‌ക്കോ തനിച്ച് ജെസ്‌നയ്ക്ക് പോകാൻ അറിയില്ലായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുക്കൂട്ടുതറയിലെ അമ്മായിയുടെ വീട്ടിലേയ്ക്ക പോകാനായി എരുമേലിയിൽ വന്നിറങ്ങിയ ജെസ്‌ന ആരുടെയെങ്കിലും കെണിയിൽപ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഓട്ടോറിക്ഷയിലോ, മറ്റേതെങ്കിലും വാഹനത്തിലോ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ആരെങ്കിലും ജെസ്‌നയെ കയറ്റിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇതേ തുടർന്ന് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീർ റാവുത്തറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരെയും, ടാക്‌സി ഡ്രൈവർമാരെയും കണ്ട് ചോദ്യം ചെയ്യുന്നുണ്ട്. സംഭവ ദിവസം ഇതുവഴി കടന്നു പോയ എല്ലാ വാഹനങ്ങളുടെയും പട്ടികയും ക്രൈംബ്രാഞ്ച് സംഘം അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്.
ഇത്തരത്തിൽ ആരെങ്കിലും തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചതിനാലാവാം ജെസ്‌നയ്ക്കു പുറത്തിറങ്ങാനാവാത്തതും പുറം ലോകവുമായി ബന്ധമില്ലാതെ പോയതും. ഈ സാഹചര്യത്തിൽ പ്രദേശത്തെ ആളൊഴിഞ്ഞ വീടുകൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രണയബന്ധമോ, അതിരുവിട്ടുള്ള സുഹൃദമോ ആരോടും ഇല്ലാതിരുന്ന ജെസ്‌ന നാട്ടു വിട്ടുപോകാനുള്ള സാധ്യതകളെല്ലാം പൊലീസും തള്ളിക്കളയുന്നു. സ്മാർട്ട് ഫോൺ അല്ലാത്ത സാധാരണ ഫോൺ മാത്രമാണ് ജെസ്‌ന ഉപയോഗിച്ചിരുന്നത്. ഈ ഫോൺ വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. വസ്ത്രങ്ങളോ പണമോ മറ്റൊന്നുമോ വീട്ടിൽ നിന്നും എടുത്തിട്ടുമില്ല. അക്കൗണ്ടിൽ നിന്നും ഇതിനിടയിൽ പണം പിൻവലിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഒളിച്ചോട്ടമെന്നുള്ള സാധ്യത പൂർണമായും ക്രൈംബ്രാഞ്ച് സംഘം തള്ളിക്കളയുന്നത്.