മുഖ്യമന്ത്രിയെ അപമാനിച്ചുകൊണ്ടുള്ള കാർട്ടൂൺ; ജന്മഭൂമി ഖേദം പ്രകടിപ്പിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ജാതീയമായി അപമാനിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ജന്മഭൂമി ദിനപത്രം. അധിക്ഷേപകരമായ വിവാദ കാർട്ടൂൺ വരച്ച ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയിൽ വരക്കില്ലെന്ന് ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ജന്മഭൂമിയിൽ ദൃക്സാക്ഷി എന്ന പോക്കറ്റ് കാർട്ടൂൺ വരച്ചിരുന്ന ശ്രീ ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയിൽ വരയ്ക്കില്ല. കഴിഞ്ഞ ദിവസം അദ്ദേഹം വരച്ച കാർട്ടൂണും അതിലെ എഴുത്തും അപകീർത്തികരമായെന്ന വിമർശനങ്ങളെത്തുടർന്ന് ഇത് സംബന്ധിച്ച് അദ്ദേഹം നൽകിയ വിശദീകരണം, അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ്.
എന്നാൽ, ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും ആ കർട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തെങ്കിൽ ജന്മഭൂമിക്ക് ആ കാർട്ടൂണിനൊപ്പം നിൽക്കാനാവില്ല. ഈ സാഹചര്യത്തിൽ ശ്രീ ഗിരീഷിനോട് തുടർന്ന് ആ പംക്തിയിൽ വരയ്ക്കേണ്ടെന്ന് നിർദ്ദേശിയ്ക്കുകയായിരുന്നു. ഇങ്ങനെയൊരു വിവാദത്തിനിടയായതിൽ ഖേദം രേഖപ്പെടുത്തുന്നു എന്ന് കാവാലം ശശികുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
അതേസമയം, മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കാർട്ടൂൺ വരച്ചുവെന്ന ആക്ഷേപത്തിൽ ജന്മഭൂമി പത്രത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് അനൂപ് വിആർ ജന്മഭൂമിക്കെതിരെ കേസ് കൊടുത്തെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഡിസംബർ 22നാണ് സംഘപരിവാറിന്റെ കേരളത്തിലെ മുഖപത്രമായ ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിനെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുന്നത്. കാർട്ടൂണിസ്റ്റുകൾ അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിൽ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നൽകിയിരുന്നു. ഇത് പ്രമേയമാക്കിയാണ് ജന്മഭൂമി കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫേയ്‌സ് ബുക്ക് പോസ്റ്റ്;
ദൃക്‌സാക്ഷി: ഗിരീഷ് മൂഴിപ്പാടം ഇനി വരയ്ക്കില്ല
ജന്മഭൂമിയിൽ ദൃക്സാക്ഷി എന്ന പോക്കറ്റ് കാർട്ടൂൺ വരച്ചിരുന്ന ശ്രീ ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയിൽ വരയ്ക്കില്ല. കഴിഞ്ഞ ദിവസം അദ്ദേഹം വരച്ച കാർട്ടൂണും അതിലെ എഴുത്തും അപകീർത്തികരമായെന്ന വിമർശനങ്ങളെത്തുടർന്ന് ഇത് സംബന്ധിച്ച് അദ്ദേഹം നൽകിയ വിശദീകരണം, അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ്. എന്നാൽ, ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും ആ കർട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തെങ്കിൽ ജന്മഭൂമിക്ക് ആ കാർട്ടൂണിനൊപ്പം നിൽക്കാനാവില്ല. ഈ സാഹചര്യത്തിൽ ശ്രീ ഗിരീഷിനോട് തുടർന്ന് ആ പംക്തിയിൽ വരയ്ക്കേണ്ടെന്ന് നിർദ്ദേശിയ്ക്കുകയായിരുന്നു. ഇങ്ങനെയൊരു വിവാദത്തിനിടയായതിൽ ഖേദം രേഖപ്പെടുത്തുന്നു. ആ കാർട്ടൂൺ മുൻനിർത്തി ഉയർന്ന വിവാദങ്ങൾ ഇതോടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.’