
തേർഡ് ഐ ബ്യൂറോ
കോട്ടയം: ആരോഗ്യ രംഗത്ത് സാധാരണക്കാരെ സഹായിക്കാൻ, ജൻ ധന്നിനെയും കാരുണ്യയും പിടിമുറുക്കിയതോടെ ഇവരെ തകർക്കാൻ ഡിസ്ക്കൗണ്ടിന്റെ പേരിൽ തട്ടിപ്പുമായി മെഡിക്കൽ സ്റ്റോർ രംഗത്ത്.
ബോർഡിൽ മാത്രം ഡിസ്ക്കൗണ്ട് എഴുതിവച്ച്, കടയിലെത്തുമ്പോൾ ഡിസ്ക്കൗണ്ട് ഉപേക്ഷിക്കുന്ന തട്ടിപ്പാണ് പുതുപ്പള്ളിയിൽ നടക്കുന്നത്. പുതുപ്പള്ളി തോട്ടയ്ക്കാട് റോഡിൽ പ്രവർത്തിക്കുന്ന സൂപ്പർ ഫാർമസി മെഡിക്കൽസാണ് ആളെപ്പറ്റിക്കുന്ന ഡിസ്ക്കൗണ്ട് ഓഫർ ബോർഡിൽ ഏഴുതിച്ചേർത്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇംഗ്ലീഷ് മരുന്നുകൾക്ക് പതിമൂന്ന് ശതമാനം മുതൽ നാല്പത് ശതമാനം വരെ ഡിസ്ക്കൗണ്ട് നല്കും എന്നാണ് ബോർഡിൽ ഏഴുതി വെച്ചിരിക്കുന്നത്. എന്നാൽ, കടയിലെത്തി മരുന്നുവാങ്ങിക്കഴിയുമ്പോൾ നയാ പൈസാ ഡിസ്കൗണ്ട് നല്കില്ല. ചോദിക്കുന്നവരോട് ആ മരുന്നിന് ഡിസ്കൗണ്ടില്ല എന്ന മറുപടിയാണ് നല്കുന്നത്. മെഡിക്കൽ സ്റ്റോറിലെത്തുന്ന സാധാരണക്കാരായ രോഗികളെ ഞെക്കിപ്പിഴിഞ്ഞ് പണമുണ്ടാക്കുകയാണ് സൂപ്പർ ഫാർമസി മെഡിക്കൽ ഷോപ്പുകാർ.
കഴിഞ്ഞ ദിവസം മെഡിക്കൽ സ്റ്റോറി ലെത്തിയ പുതുപ്പള്ളിക്കാരനായ യുവാവ് 359.60 രൂപയുടെ മരുന്ന് സൂപ്പർ ഫാർമയിൽ നിന്ന് വാങ്ങി.ഇംഗ്ലീഷ് മരുന്നുകളായ മെഫ്ത്താൽ ഫോർട്ട് ഗുളികയും, വോലിനി സ്പ്രേയുമാണ് യുവാവ് വാങ്ങിയത്. തുക റൗണ്ട് ചെയ്ത് 360 രൂപയ്ക്കും ബില്ല് നല്കി പണവും വാങ്ങി. ബോർഡിൽ പറയും പ്രകാരം ഏറ്റവും കുറഞ്ഞ ഡിസ്കൗണ്ടായ 13% നല്കിയാലും യുവാവിന് 46.80 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കേണ്ടിടത്താണ് 40 പൈസ കൂട്ടി 360 രൂപ വാങ്ങിയത്.
കേന്ദ്ര സർക്കാർ പദ്ധതിയായ ധൻജൻ മെഡിക്കൽ സ്റ്റോറുകളിൽ 10 മുതൽ 60 ശതമാനം വരെ വിലക്കുറവുണ്ട്. കാരുണ്യ ഫാർമസികളിലും ഇത്തരത്തിൽ വിലക്കുറവുണ്ട്.
എന്നാൽ, ഈ രണ്ട് ഫാർമസികളുടെയും മാതൃകയിൽ ബോർഡ് സ്ഥാപിച്ചാണ് പുതുപ്പള്ളിയിലെ സൂപ്പർ ഫാർമസി മെഡിക്കൽ സ്റ്റോർ തട്ടിപ്പ് നടത്തുന്നത്. സാധാരണക്കാരായ രോഗികളാണ് ഇവിടെ മരുന്ന് വാങ്ങാൻ എത്തുന്നത്. ഒരു രൂപയെങ്കിലും മരുന്നു വിലയിൽ ലാഭം പ്രതീക്ഷിച്ചാണ് ഇവർ ഡിസ്ക്കൗണ്ട് എന്ന ബോർഡ് കാണുന്ന മെഡിക്കൽ സ്റ്റോറുകളിൽ കയറിയിറങ്ങുന്നത്.
എന്നാൽ, ഡിസ്ക്കൗണ്ട് ബോർഡ് വെയ്ക്കുകയും ഡിസ്കൗണ്ട് കൃത്യമായി നല്കുകയും ചെയ്യുന്ന നിരവധി മെഡിക്കൽ സ്റ്റോറുകൾ ജില്ലയിലുണ്ട്.
സൂപ്പർ ഫാർമസിയുടെ തട്ടിപ്പ് ഡ്രഗ്സ് ഇൻസ്പെക്ടറുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ സംഭവം നിസാരവൽക്കരിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥ സ്വീകരിച്ചത്. സൂപ്പർ ഫാർമസി മെഡിക്കൽസിനും, ഡ്രഗ്സ് ഇൻപെക്ടർക്കുമെതിരെ ആരോഗ്യമന്ത്രി, ഡ്രഗ്സ് കൺട്രോളർ, കൺസ്യൂമർ കോടതി എന്നിവർക്ക് യുവാവ് പരാതി നല്കിയിട്ടുണ്ട്



