
തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്സിപ്പാലിറ്റികൾ, കോർപറേഷനുകൾ തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെയാണ്
ഈ തെരഞ്ഞെടുപ്പിലൂടെ നമ്മൾ തെരഞ്ഞെടുക്കുന്നത്.
ഇതിനോടകം പലയിടങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. തെരഞ്ഞെടുപ്പൊന്ന് ജയിച്ചുകിട്ടാനുള്ള കഠിനപ്രയത്നത്തിലാണ് സ്ഥാനാർഥികളും. എന്നാൽ ഇത്രയും കഷ്ടപ്പെട്ട് ജനങ്ങളെ സേവിക്കാനായി തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക് ലഭിക്കുന്ന മാസ പ്രതിഫലം എത്രയായിരിക്കുമെന്ന് ധാരണയുണ്ടോ?
ശമ്പളമല്ല, പകരം ഓണറേറിയം എന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ലഭിക്കുന്ന പ്രതിഫലത്തെ വിശേഷിപ്പിക്കുന്നത്. പ്രതിമാസ ഓണറേറിയത്തിന് പുറമെ തദ്ദേശ സ്ഥാപനങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് അംഗങ്ങൾക്ക് ബത്തയും നല്കുന്നുണ്ട്. 2016 ലാണ് അവസാനമായി കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം പരിഷ്കരിച്ചത്.
ഗ്രാമപഞ്ചായത്ത്
തദ്ദേശ സ്ഥാപനങ്ങളിലെ ഏറ്റവും താഴെത്തട്ടിലെ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്ഡുകളിലെ ജനപ്രതിനിധികളെയാണ് നമ്മൾ തെരഞ്ഞെടുക്കുന്നത്.
ജനപ്രതിനിധികൾക്ക് ലഭിക്കുന്ന ഓണറേറിയം:
പ്രസിഡന്റ് ………………………………………………..13,200
വൈസ് പ്രസിഡന്റ്…………………………….10600
സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്………,.8,200
മെംബർമാർ……………………………………………………7,000

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്ലോക്ക് പഞ്ചായത്ത്
സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. 2,080 വാർഡുകളും ഉണ്ട്.
ജനപ്രതിനിധികൾക്ക് ലഭിക്കുന്ന ഓണറേറിയം:
പ്രസിഡന്റ് ………………………………………………14,600
വൈസ് പ്രസിഡന്റ്……………………………12,000
സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്………8,800
മെംബർമാർ………………………………………………..7,600
ജില്ലാ പഞ്ചായത്ത്
കേരളത്തിൽ പതിനാലു ജില്ലകളുണ്ട്. പതിനാലു ജില്ലാ പഞ്ചായത്തുകളും. തദ്ദേശ സ്ഥാപനങ്ങളിലെ ഉയർന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും കോർപ്പറേഷനുകൾക്കുമാണ്.
ജനപ്രതിനിധികൾക്ക് ലഭിക്കുന്ന ഓണറേറിയം:
പ്രസിഡന്റ് ………………………………………………15,800
വൈസ് പ്രസിഡന്റ്……………………………13,200
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്………9,400
മെംബര്മാർ…………………………………………………8,800
മുൻസിപ്പാലിറ്റി
സംസ്ഥാനത്ത് 86 മുൻസിപ്പാലിറ്റികളും അതിൽ ആകെ 3,078 വാര്ഡുകളുമാണ് ഉള്ളത്. മുന്സിപ്പാലിറ്റികളിലും കോര്പ്പറേഷനുകളിലും വാർഡ് മെമ്ബർമാരെ കൗൺസിലര് എന്നാണ് വിളിക്കുന്നത്. മുൻസിപ്പാലിറ്റിയിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ല, പകരം ചെയർമാനും വൈസ് ചെയര്മാനുമാണ് ഉള്ളത്.
ജനപ്രതിനിധികള്ക്ക് ലഭിക്കുന്ന ഓണറേറിയം:
ചെയര്മാന്………………………………………………14,600
വൈസ് ചെയര്മാന്………………………..12,000
സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന്………..9,400
കൗണ്സിലർ………………………………………….7,600
കോർപ്പറേഷന്
സംസ്ഥാനത്ത് ആറു കോർപ്പറേഷനുകളുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കൊല്ലം, തൃശൂര്, കണ്ണൂര് എന്നിവയാണ് അവ. കോർപ്പറേഷന് മേയർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ഒരേ ഓണറേറിയമാണ് നല്കുന്നത്.
മേയർ……………………………………………………..15,800
ഡെപ്യൂട്ടി മേയര്………………………………….13,200
സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്………9,400
കൗണ്സിലര്……………………………………………..8,200
ഹാജര് ബത്ത
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്ക്കും മുന്സിപാലിറ്റികളിലെ ചെയര്മാന്, വൈസ് ചെയര്മാന് എന്നിവര്ക്കും കോര്പ്പേറേനുകളിലെ മേയര്മാര്ക്കും ഡെപ്യൂട്ടി മേയര്മാര്ക്കും സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്മാര്ക്കും ഒരു യോഗത്തിന് 250 രൂപ ഹാജര് ബത്ത ലഭിക്കും. ഒരുമാസം പരമാവധി 1,250 രൂപയാണ് ഹാജര് ബത്തയായി എഴുതിയെടുക്കാനാവുക.
ഗ്രാമപഞ്ചായത്ത് മുതല് കോര്പ്പറേഷന് വരെയുള്ള സമിതികളിലെ മെമ്ബര്മാര്ക്ക് 200 രൂപയാണ് ഒരു യോഗത്തിന് ഹാജര് ബത്ത. ഇവര്ക്ക് പ്രതിമാസം പരമാവധി 1,000 രൂപ എഴുതിയെടുക്കാം.




