പേര് ജനമൈത്രി പോലീസ്;ഭരിക്കുന്ന സർക്കാരിന്റെ വിശേഷണമോ ജനകീയ സർക്കാർ,ആഭ്യന്തരം കൈകാര്യം ചെയ്യുന്നതോ സാക്ഷാൽ പിണറായി വിജയൻ…പക്ഷെ സംസ്ഥാനത്ത പോലീസ് അതിക്രമങ്ങൾ നാൾക്കുനാൾ വർധിക്കുന്നു.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്നത് 10 കസ്റ്റഡി മരണങ്ങൾ…
നമ്മുടെ നമ്പർ വൺ കേരളത്തിലെ നമ്പർ വൺ പോലീസിനെതിരെയുള്ള പരാതികൾ നാൾക്കുനാൾ വർദ്ധിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്നെ ഒരു കണക്ക് പുറത്ത് വിടുന്നത്;കസ്റ്റഡിയിൽ പോലീസ് യമപുരിക്കയച്ചവരുടെ കണക്ക്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചത് 10 പേരാണ്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട 25 പൊലീസ് ഉദ്യോസ്ഥരിൽ 22 പേർക്കെതിരെയാണ് നടപടി സ്വികരിച്ചത്. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞതോടെ ഇവരെയെല്ലാം തിരികെ സർവിസിൽ തിരിച്ചെടുത്തു. മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതിന്റെ വിശദാംശങ്ങൾ.
ഇനിയാണ് ട്വിസ്റ്റ്,കസ്റ്റഡി മരണത്തിൽ ആരോപണ വിധേയരായ,അല്ലെങ്കിൽ മറ്റേതെങ്കിലും സർവീസ് ചട്ട ലംഘനങ്ങൾക്ക് വിധേയരായ പൊലീസുകാരെ സാധാരണ ഗതിയിൽ സസ്പെന്ഷൻ എന്ന പേരിൽ കുറച്ച് ദിവസം മാറ്റി നിർത്തുകയാണ് പതിവ്.ഇതാകട്ടെ അവരുടെ ചാകരക്കാലവും.മേലനങ്ങി പണിയെടുക്കാനോ അത് വേണ്ട ശമ്പളം,അത് ഉപജീവന ബത്ത എന്ന പേരിൽ കൃത്യമായി കിട്ടുകയും ചെയ്യും.സുപ്രീം കോടതി ഉത്തരവു പ്രകാരം സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് 3 മാസത്തിനുള്ളിൽ കുററപത്രം നൽകണം. അല്ലങ്കിൽ തിരിച്ചെടുക്കണം. 3 മാസത്തിനിടെ കുറ്റപത്രം നൽകൽ ഒരിക്കലും സംഭവിക്കില്ല. അതോടെ തിരിച്ചെടുക്കും. മിക്കവാറും കേസുകളിൽ അതിനു മുൻപെ തിരിച്ചെടുക്കും.
സസ് പെൻഷൻ കാലം പൊലീസുകാർക്ക് സുഖവാസകാലമാണ്. വീട്ടുകാർക്കും സന്തോഷം. മിക്കവാറും പൊലീസുകാർ കുടുംബ സമേതം വിനോദയാത്ര പോകുന്നത് സസ്‌പെൻഷൻ കാലത്താണ്. പൊലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നത് യഥാർഥത്തിൽ സർക്കാർ തന്നെയാണ്.
താനൊരു ലോക്കപ്പ് മർദ്ദനത്തിന്റെ ഇരയാണെന്ന് സ്ഥിരം പറയാറുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 1977 മാർച്ച് 30ന് അദ്ദേഹം നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ തനിക്ക് ലോക്കപ്പിൽ നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. രക്തം പുരണ്ട വസ്ത്രങ്ങളൊക്കെ സഭയിൽ കൊണ്ട് വന്ന് പ്രദർശിപ്പിച്ച പിണറായി ഭരിക്കുമ്പോഴാണ് ലോക്കപ്പുകൾ മുമ്പെങ്ങുമില്ലാത്ത വിധം കൊലയറകളായി മാറുന്നത്.പൊലീസിന് മേൽ യാതൊരു നിയന്ത്രണവുമില്ലാത്ത കഴിവുകെട്ട ഒരു ആഭ്യന്തര മന്ത്രിയാണെന്ന് നിത്യവും തെളിയിച്ചു കൊണ്ടിരിക്കയാണ് പിണറായി . പൗരന്റ ജീവനും സ്വത്തിനും ഒരു സുരക്ഷയും നൽകാത്ത പൊലീസാണിവിടെയുള്ളത് .
കിളികൊല്ലൂർ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പോലീസ് നരനായാട്ട് ചർച്ചയാകുന്നത്,എന്നാൽ അതിന് സമാനമായ എന്തെല്ലാം മനുഷ്യത്വ രഹിതമായ ഉപദ്രവങ്ങൾ.എത്ര നിരപരാധികൾക്കെതിരെയുള്ള നടപടികൾ….പോലീസിന്റെ വീര സാഹസ കഥകൾ തുടരുകയാണ്…ആരാലും നിയന്ത്രിക്കാനില്ലാത്ത ഒരു കൂട്ടമായി…അതിനാൽ തന്നെ ഈ ചോദ്യം പ്രസക്തമാകുകയാണ്…പൂച്ചയ്ക്ക് ആര് മണികെട്ടും…