കരിങ്കുന്നം-നീലൂര്‍ റൂട്ടിലെ ഏക ബസായിരുന്ന ജനകീയന്‍ സർവീസ് നിർത്തി: സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം കിട്ടാത്തതിനാൽ അറ്റകുറ്റപ്പണി മുടങ്ങി

Spread the love

മറ്റത്തിപ്പാറ: കഴിഞ്ഞ പതിനേഴു വര്‍ഷമായി നാട്ടുകാരുടെ ഏക ആശ്രമമായിരുന്ന “ജനകീയന്‍’ ബസ് സര്‍വീസ് നിലച്ചു.
കരിങ്കുന്നം-നീലൂര്‍ റൂട്ടിലെ ഏക ബസായിരുന്നു ജനകീയന്‍.

മറ്റത്തിപ്പാറ ഗ്രാമത്തിലെ 76 പേര്‍ ചേര്‍ന്ന് വാങ്ങിയ ജനകീയന്‍ ബസിന് ഓട്ടം ഇപ്പോള്‍ നിര്‍ത്തേണ്ടി വന്നു. സഹകരണബാങ്ക് ചതിച്ചതോടെയാണിത്. ബസിന്‍റെ ലാഭവിഹിതം നിക്ഷേപിച്ച സഹകരണ ബാങ്ക് കൈവിട്ടപ്പോഴാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനാവാതെ സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലെത്തിയത്.

പതിനേഴു വർഷം മുന്പ് മറ്റത്തിപ്പാറ എന്ന കൊച്ചുഗ്രാമത്തിലെ യാത്രാക്ലേശത്തിനു പരിഹാരമായി മറ്റത്തിപ്പാറ ഹോളിക്രോസ് പള്ളി അങ്കണത്തില്‍ നാട്ടുകാര്‍ ഒത്തുകൂടി സ്വന്തമായി ഒരു ബസ് വാങ്ങാന്‍ തീരുമാനിച്ചു. അതിനായി ജനകീയ ബസ് ഐക്യവേദി രൂപീകരിച്ചു. നാട്ടുകാരായ 76 പേര്‍ 10,000 രൂപ വീതം നല്‍കി ഒരു സെക്കന്‍ഡ് ഹാന്‍ഡ് ബസ് വാങ്ങി. ജനങ്ങളുടെ വണ്ടിക്ക് ജനകീയന്‍ എന്ന് പേരുമിട്ടു. 2008 മാര്‍ച്ച്‌ 17ന് ബസ് കരിങ്കുന്നത്തുനിന്ന് നീലൂരിലേക്ക് ഓടിത്തുടങ്ങി. അങ്ങോട്ടുമിങ്ങോട്ടുമായി 18 ട്രിപ്പുകളാണ് ബസ് ഒരു ദിവസം ഓടിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാഭകരമായി ഓടിയിരുന്ന സമയത്ത് ചെലവ് കഴിഞ്ഞുള്ള തുക കടനാട് സഹകരണബാങ്കിന്‍റെ മറ്റത്തിപ്പാറ ബ്രാഞ്ചില്‍ നിക്ഷേപിച്ചിരുന്നു. മൂന്നു ലക്ഷം രൂപയോളം നിക്ഷേപമുണ്ടായിരുന്നു. ബാങ്ക് പ്രതിസന്ധിയിലായതിനാല്‍ ഈ തുക തിരികെ കിട്ടിയില്ല. അതാണ് ബസ് നിര്‍ത്താനുള്ള പ്രധാന കാരണം. സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ കിട്ടിയാല്‍ ബസ് പണിത് ഇറക്കാം. ഓഗസ്റ്റ് രണ്ടിനാണ് ഒടുവില്‍ സര്‍വീസ് നടത്തിയത്.

ജനകീയന്‍ ഓട്ടം നിര്‍ത്തുമ്പോള്‍ വലയുന്നത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ്. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമാണ് മറ്റത്തിപ്പാറ. പല ബസ് സര്‍വീസുകളും ഓടി നിര്‍ത്തിയ ഈ നാട്ടില്‍ ജനകീയന്‍ ബസ് ഒരു വലിയ ആശ്വാസമായിരുന്നു. കടനാട് സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണമന്ത്രിക്കും മറ്റത്തിപ്പാറ നിവാസികള്‍ നിവേദനം നല്‍കി കാത്തിരിക്കുകയാണ്.