കാശ്മീരിൽ രക്തം വീഴ്ത്തി മലയാളിയും: രാജ്യത്തിന്റെ അഭിമാനമായി വയനാട് സ്വദേശി; രക്തസാക്ഷിത്വം വഹിച്ചത് 44 സൈനികർ; തിരിച്ചടിയ്‌ക്കൊരുങ്ങി രാജ്യം
സ്വന്തം ലേഖകൻ
ശ്രീനഗർ: കാശ്മീരിൽ രാജ്യത്തിന്റെ അഖണ്ഡതയും സാഹോദര്യത്തിനും വേണ്ടി രക്തം വീഴ്ത്തിയവരിൽ മലയാളി സൈനികനും. വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാർ അടക്കം 44 സൈനികരാണ് വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പതിനെട്ട് വർഷത്തെ സൈനീക സേവനം പൂർത്തയാക്കിയ ശേഷം തിരികെ വരാൻ രണ്ടു വർഷം ബാക്കി നിൽക്കെയാണ് വസന്തകുമാറിന്റെ ധീരരക്തസാക്ഷിത്വം. അഞ്ചു ദിവസത്തെ അവധിയ്ക്ക് നാട്ടിലെത്തിയ വസന്തകുമാർ, തിരികെ ബറ്റാലിയനിൽ എത്തിയ ശേഷം പുതിയ ഡ്യൂട്ടിയിൽ ജോയിൻ ചെയ്തപ്പോഴാണ് ആക്രമണമുണ്ടാകുന്നതും കൊല്ലപ്പെടുന്നതും.
വസന്തകുമാറിന്റെ അച്ഛൻ മരിച്ച് ഏതാണ്ട് എട്ട് മാസങ്ങൾക്ക് ശേഷമാണ് വസന്തകുമാറിന്റെ മരണം. വ്യാഴാഴ്ച വൈകീട്ടോടെയാണ് വസന്തകുമാർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട വിവരം വസന്തകുമാറിന്റെ ഭാര്യാ സഹോദരൻ വിളിച്ചു പറയുന്നത്.
ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ മരിച്ച ജവാന്മാരുടെ എണ്ണം 44 ആയി. ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണത്തെ ശക്തമായി അപലപിച്ചു.
തീവ്രവാദികൾക്ക് ഒരിക്കലും മറക്കാനാവാത്ത തിരിച്ചടി നൽകണമെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റലി ആവശ്യപ്പെട്ടു. 2016 ൽ പാക് അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് സമാനമായ ശക്തമായ തിരിച്ചടി നൽകണമെന്ന ആവശ്യം ഉയർന്നു. പരിശീലനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന സൈന്യത്തിനെതിരെ നടത്തിയ തീവ്രവാദി ആക്രമണം നരേന്ദ്രമോദി സർക്കാറിൻറെ സുരക്ഷാ വീഴ്ചയാണെന്ന വാദവും ഉയർന്നു. ഇതുകൊണ്ട് തന്നെ തീവ്രവാദി ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകണമെന്ന ആവശ്യവും ശക്തമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആക്രമണത്തെ അപലപിച്ചു. ജവാൻമാരുടെ കുടുംബത്തിനൊപ്പമെന്ന് പറഞ്ഞ പ്രിയങ്ക രാഷ്ട്രീയം പറയേണ്ട സമയമല്ല ഇതെന്ന് വ്യക്തമാക്കി. പ്രിയങ്ക ലക്‌നൗവിൽ നിശ്ചയിച്ചിരുന്ന വാർത്താ സമ്മേളനം ആക്രമണത്തെ തുടർന്ന് ഒഴിവാക്കി. അതേ സമയം രാജ്യസുരക്ഷയുടെ കാര്യത്തിൽ മോദി സർക്കാർ വീഴ്ച വരുത്തിയെന്ന് പാർട്ടി വക്താവ് രൺദീപ് സിങ്ങ് സുർജേവാല വിമർശിച്ചു.
വൈകീട്ട് 3.25 നാണ് ജമ്മു – ശ്രീനഗർ ദേശീയ പാതയിൽ അവന്തിപ്പൊരയിൽ ജമ്മുകശ്മീരിൻറെ ചരിത്രത്തിൽ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ 200 കിലോഗ്രാം സ്‌ഫോടക വസ്തുവുമായി വാഹനം ഓടിച്ചുകയറ്റിയാണ് തീവ്രവാദി സ്‌ഫോടനം നടത്തിയത്. വാഹന വ്യൂഹത്തിൻറെ മധ്യഭാഗത്തായി 42 പേർ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാൾ വാഹനം ഇടിച്ചു കയറ്റിയത്. ജയ്‌ഷെ മുഹമ്മദ് അംഗം ആദിൽ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. പുൽവാമ സ്വദേശിയായ ഇയാൾ 2018 ലാണ് ജയ്‌ഷെ മുഹമ്മദിൽ ചേർന്നതെന്നും ജമ്മു പൊലീസ് അറിയിച്ചു.
ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോയ വാഹനവ്യൂഹത്തിൽ 78 ബസുകളുണ്ടായിരുന്നു. 2500 ലധികം ജവാന്മാരാണ് വാഹനങ്ങളിലുണ്ടായിരുന്നത്. അന്വേഷണത്തിനായി 12 അംഗ എൻഐഎ സംഘം നാളെ ജമ്മു കശ്മീരിലെത്തും. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു.