ജമ്മു-കാശ്മീരും ലഡാക്കും ഇന്ന് മുതൽ കേന്ദ്രഭരണ പ്രദേശമാകും
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജമ്മു-കാശ്മീരിൽ മൂന്ന് മാസമായി തുടരുന്ന ജനജീവിതം സ്തംഭനത്തിനും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കുമിടയിൽ സംസ്ഥാനം ബുധനാഴ്ച അർധരാത്രി ഔപചാരികമായി പിളർന്നു. ഇതോടെ ജമ്മു-കാശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വന്നു.പ്രത്യേക പദവിക്കൊപ്പം പൂർണ സംസ്ഥാന പദവിയും സ്വയംഭരണാവകാശവും നഷ്ടപ്പെട്ട ജമ്മു-കാശ്മീർ ഇനി കേന്ദ്രത്തിെന്റ നേരിട്ടുള്ള നിയന്ത്രണത്തിലാകും. ജമ്മുകശ്മീർ പുനഃസംഘടന നിയമം 2019 പ്രകാരമാണ് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഒക്ടോബർ 31ന് നിലവിൽ വന്നത്. ഔദ്യോഗികമായി ബുധൻ അർധരാത്രി മുതൽ ജമ്മുകാശ്മീർ എന്ന സംസ്ഥാനം ഇല്ലാതായി.
ഇതിന്മുമ്പ് പലതവണ വിവിധ കേന്ദ്രഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കുകയും വലിയ സംസ്ഥാനങ്ങളെ രണ്ടു സംസ്ഥാനങ്ങളായും വിഭജിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നത്. ഇതോടെ രാജ്യത്ത് ആകെ 28 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങൾ ഏഴും ആയിമാറി. ഐ.എ.എസ് ഉദ്യോഗസ്ഥരായ ഗിരീഷ് ചന്ദ്ര മർമു ജമ്മുകശ്മീരിെന്റയും ആർ.കെ. മാഥുർ ലഡാക്കിെന്റയും ലഫ്റ്റനന്റ് ഗവർണർമാരായി ഇന്ന് സ്ഥാനമേൽക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയും 560ലേറെ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ യത്നിക്കുകയും ചെയ്ത സർദാർ വല്ലഭ ഭായ് പട്ടേലിെന്റ ജന്മവാർഷിക ദിനത്തിലാണ് രണ്ടു േകന്ദ്രഭരണപ്രദേശങ്ങളും നിലവിൽവരുന്നത്.
ജമ്മുവും കശ്മീരും ഉൾപ്പെട്ട കേന്ദ്രഭരണപ്രദേശത്തിെന്റ ജനസംഖ്യ 1.20 കോടി. ലഡാക്കിൽ മൂന്നു ലക്ഷം ജനങ്ങൾ മാത്രം. ജനസംഖ്യ പരിമിതമാണെങ്കിലും വിഭജനത്തിനിടയിൽ ലോകത്തിലെ ഏറ്റവും പട്ടാളസാന്നിധ്യമുള്ള പ്രദേശമായി ജമ്മുകശ്മീർ തുടരുന്നു.
ആഗസ്റ്റ് അഞ്ചിനാണ് 370-ാം ഭരണഘടനാ വകുപ്പുപ്രകാരം ജമ്മുകശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയത്. ഒപ്പം രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുന്ന നിയമനിർമാണം പാർലമെന്റിൽ കൊണ്ടുവന്ന് പാസാക്കി. അമ്ബരപ്പിക്കുന്ന നടപടികൾക്കിടയിൽ സംസ്ഥാനത്തെ നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കി. ജനജീവിതം അപ്പാടെ സ്തംഭിപ്പിച്ച് ഗതാഗത, വാർത്താവിനിമയ ബന്ധങ്ങൾ മുറിച്ചു. മൂന്നുമാസം കഴിഞ്ഞിട്ടും ആ സ്ഥിതി ഏതാണ്ട് അങ്ങനെതന്നെ തുടരുന്നു.
സംസ്ഥാന വിഭജനത്തിന്, അന്നാട്ടിലെ ജനങ്ങളുമായോ നിയമസഭയുമായോ ചർച്ചകളൊന്നും നടന്നില്ല. ഏകപക്ഷീയമായിരുന്നു കേന്ദ്രത്തിെന്റ നടപടി. അത്തരത്തിലൊന്ന് ആദ്യത്തേതുമാണ്. എന്നാൽ ഭീകരത ഇല്ലാതാക്കി സുരക്ഷ പ്രദാനംചെയ്ത് സംസ്ഥാനത്തെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് വികസിപ്പിക്കുന്നതിനാണെന്ന് സർക്കാർ വിശദീകരിച്ചു. എന്നാൽ, മനുഷ്യാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവുമെല്ലാം താഴ്വരയിൽ ഇന്നും മരവിച്ചുനിൽക്കുന്നു. വിഷയം സുപ്രീംകോടതിയിൽ എത്തിയെങ്കിലും, ഇടപെടാൻ പരമോന്നത നീതിപീഠം തയാറായില്ല. കേന്ദ്രഭരണപ്രദേശമായി മാറുന്ന ജമ്മുകശ്മീരിന് ഭാവിയിൽ അഞ്ചുവർഷ കാലാവധിയുള്ള നിയമസഭ ഉണ്ടാകുമെന്നാണ് സർക്കാർ വാഗ്ദാനം. മന്ത്രിസഭയും ഉണ്ടാകും. ഡൽഹിയും പുതുച്ചേരിയുംപോലെ, പൂർണാധികാരങ്ങളില്ല. മന്ത്രിസഭയും നിയമസഭയും കൈക്കൊള്ളുന്ന തീരുമാനങ്ങൾ കേന്ദ്രത്തിെന്റ അംഗീകാരത്തിന് വിധേയം. ലഫ്. ഗവർണർക്കാണ് പരമാധികാരം. പൊലീസും ക്രമസമാധാനവുമെല്ലാം കേന്ദ്രത്തിെന്റ നിയന്ത്രണത്തിൽ. ലഡാക്കിലാകട്ടെ, നിയമസഭയില്ല. ജമ്മുകശ്മീരിന് അഞ്ചും ലഡാക്കിന് ഒരു ലോക്സഭ സീറ്റുകളാണ് ഉണ്ടാവുക