play-sharp-fill
ജലന്ധർ ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യും :അന്വേഷണ സംഘത്തിന്റെ യോഗം തുടങ്ങി; അറസ്റ്റിന് സാധ്യത

ജലന്ധർ ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യും :അന്വേഷണ സംഘത്തിന്റെ യോഗം തുടങ്ങി; അറസ്റ്റിന് സാധ്യത

സ്വന്തം ലേഖകൻ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ചോദ്യം ചെയ്യലിനു എത്രയും വേഗം ഹാജരാകണമെന്നു കാട്ടി അന്വേഷണ സംഘം വ്യാഴാഴ്ച ബിഷപ്പിന് നോട്ടീസ് നൽകും. ജില്ലാ പൊലീസിന്റെ ഏറ്റുമാനൂരിലെ അത്യാധുനിക സൗകര്യങ്ങളുള്ള ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ വച്ചാവും ബിഷപ്പിനെ രണ്ടാം തവണയും ചോദ്യം ചെയ്യുക. നേരത്തെ പൊലീസ് സംഘം ജലന്ധറിൽ എത്തി ബിഷപ്പിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴികളും അന്വേഷണ സംഘം വീണ്ടും പരിശോധിക്കും. കൊച്ചിയിൽ ബുധനാഴ്ച നടക്കുന്ന ഐജിയുടെ അവലോകന യോഗത്തിന് ശേഷം ബിഷപ്പിനെ എന്ന് വിളിച്ചു വരുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
ഒരാഴ്ച മുൻപ് ഐജി വിജയ് സാഖറയുടെ നേതൃത്വത്തിൽ കൊച്ചിയിൽ അന്വേഷണത്തിന്റെ പുരോഗതി പരിശോധിക്കുന്നതിനായി, അന്വേഷണ സംഘത്തിന്റെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ കേസ് അന്വേഷണത്തിലെ ആറ് വീഴ്ചകൾ അടക്കം, ഇരുപതിലേറെ പോരായ്മകൾ ഐജി ചൂണ്ടാക്കാട്ടിയിരുന്നു. ഈ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള അന്വേഷണം കൂടി പൂർത്തിയാക്കിയതോടെയാണ് ബിഷപ്പിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. വ്യാഴാഴ്ച പഞ്ചാബ് പൊലീസ് മുഖേന ബിഷപ്പിന് നോട്ടീസ് നൽകും. ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാകാനാണ് നിർദ്ദേശം നൽകുക.
കഴിഞ്ഞ ദിവസം കോട്ടയത്ത് എസ്. പിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. തെളിവുകളും മൊഴിയിലെ പൊരുത്തക്കേടുകളും പരിശോധിച്ച ശേഷമാണ് ഇപ്പോൾ ബിഷപ്പിനെ വിളിച്ച് വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. വീണ്ടും ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടായാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
ജലന്തർ ബിഷപ്പിന്റെ മൊഴികളിൽ പൊരുത്തക്കേടുകളുള്ളതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. പരാതിയിൽ പറയുന്ന ദിവസം താൻ കുറവില്ലങ്ങാട് മഠത്തിൽ ഉണ്ടായിരുന്നില്ലെന്നായിരുന്ന ബിഷപ്പിന്റെ മൊഴി. തൊടുപുഴ മഠത്തിൽ ആയിരുന്നു എന്നായിരുന്നു ബിഷപ്പ് പറഞ്ഞിരുന്നത്. എന്നാൽ തൊടുപുഴ മഠത്തിലെ രേഖകൾ പ്രകാരം ആ ദിവസം ബിഷപ്പ് അവിടെ എത്തിയിരുന്നില്ല. കന്യാസ്ത്രീയുടെ മൊഴി അനുസരിച്ച് ആറു സ്ഥലങ്ങളിൽ വച്ച്, 13 തവണ ബിഷപ്പ് പീഡപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിനു തെളിവ് ലഭിച്ചിരിക്കുന്നത്. എന്നാൽ, ഈ സ്ഥലങ്ങളിലൊന്നും താൻ സംഭവ ദിവസം പോയിട്ടേയില്ലെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആദ്യ തവണ അന്വേഷണ സംഘത്തിനു നൽകിയ മൊഴി. എന്നാൽ, മറ്റു സാക്ഷികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിന്റെ ഫ്രാങ്കോ മുളയ്ക്കലിന്റെ ഈ മൊഴി തെറ്റാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റല്ലാതെ മറ്റു പോംവഴികളൊന്നും നിലവിൽ അന്വേഷണ സംഘത്തിനു മുന്നിലില്ലെന്നു അന്വേഷണ സംഘത്തിലെ ഉന്നതൻ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
ഇതിനിടെ ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ നടക്കുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാർഢ്യവുമായി വിവിധ സംഘടനകളും പ്രമുഖ വ്യക്തികളും അടക്കം നിരവധിപ്പേരാണ് സമരപ്പന്തലിലേയ്ക്ക് എത്തുന്നത്. വിവിധ മഹിളാ സംഘടനകളും സാംസ്‌കാരിക പ്രവർത്തകരും ബുധനാഴ്ച ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമര പന്തലിൽ എത്തും. ആദ്യ ദിവസം മുതൽ അഞ്ചു കന്യാസ്ത്രീകളും സമരരംഗത്ത് സജീവമായി ഉണ്ട്. ആദ്യ ദിവസം അൻപതിൽ താഴെ ആളുകൾ മാത്രമാണ് സമരത്തിനുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ സമരത്തിനു പിൻതുണയുമായി എത്തുന്ന പ്രവർത്തകരുടെ പിൻതുണയും വർധിച്ചിട്ടുണ്ട്.