ക്രൈം സിനിമകളെ വെല്ലുന്ന കൊലപാതകം; പ്രതി പൊലീസിന്റെ മുൻപിലൂടെ വിലസി നടന്നത് രണ്ട് വര്‍ഷം; ഒടുവില്‍ തന്ത്രപൂർവ്വം വിദേശത്ത് നിന്ന് വിളിച്ചു വരുത്തിയപ്പോഴും അറിഞ്ഞിരുന്നില്ല കാത്തിരിക്കുന്നത് വിലങ്ങാണെന്ന്; കോളിളക്കം സൃഷ്ടിച്ച ജലജ വധക്കേസ് സജിത്തിന്റെ ആത്മഹത്യയോടെ വീണ്ടും ചര്‍ച്ചയാകുമ്പോള്‍..!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കോളിളക്കം സൃഷ്ടിച്ച കേസാണ് ആലപ്പുഴ നങ്ങ്യാര്‍ക്കുളങ്ങര ജലജ സുരന്‍ വധക്കേസ്.

ഹരിപ്പാട് മുട്ടം സ്വദേശിയായ ജലജയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ക്രൈം സിനിമകളെ വെല്ലുന്ന തരത്തില്‍ അരങ്ങേറിയ കൊലപാതകമായിരുന്നു. ലൈംഗിക പീഡനത്തിന് ശേഷമാണ് കൊലപാതകമെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചിന്റെ ആലപ്പുഴ സംഘവും അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്നെത്തിയ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ നടന്ന കൊലപാതകമായതു കൊണ്ട് തന്നെ അന്വേഷണത്തിനിടെ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നുവന്നു. അന്വേഷണത്തിന്റെ പേരില്‍ പ്രദേശവാസികളായ ഒട്ടേറെ യുവാക്കള്‍ പൊലീസ് പീഡനത്തിന് ഇരയായി എന്ന ആരോപണവും ഉയര്‍ന്നു. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യം ശക്തമായി നിലനില്‍ക്കെയാണ് ഒടുവില്‍ പ്രതി പിടിയിലായത്.

നങ്ങ്യാര്‍കുളങ്ങര ഭാരതിയില്‍ സുരന്റെ ഭാര്യ ജലജ സുരന്‍ (46) കൊല്ലപ്പെട്ട കേസില്‍ മുട്ടം സ്വദേശി സജിത്താ(37)യിരുന്നു പ്രതി. ഇയാളെയാണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ഹൗസിംഗ് ബോര്‍ഡിലെ ഒരു ലോഡ്ജിലാണ് പ്രതി സജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ വിചാരണക്കായി ഹാജരാകേണ്ടിയിരുന്ന സമയത്താണ് പ്രതിയുടെ ആത്മഹത്യ.

ക്രൂരകൊലപാതകത്തിന് ശേഷം രണ്ടുവര്‍ഷം പൊലീസിന്റെ മുൻപിലൂടെ വിലസിയ കൊലപാതകിയെ ക്രൈംബ്രാഞ്ചിന്റെ തന്ത്രപരമായ നീക്കത്തിലൂടെ വലയിലാക്കുകയായിരുന്നു. ഖത്തറിലായിരുന്ന സജിത്തിനെ തന്ത്രപരമായി വിളിച്ചുവരുത്തിയാണ് അന്ന് അറസ്റ്റ് ചെയ്തത്.

2015 ഓഗസ്റ്റ് 13നാണ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഹരിപ്പാട് മുട്ടം സ്വദേശി ജലജയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൈംഗിക പീഡനത്തിന് ശേഷമാണ് കൊലപാതകമെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ജലജയുടെ ഭര്‍ത്താവ് സുരന്റെ അമ്മാവന്റെ മകനായ രാജുവിന്റെ സുഹൃത്താണ് സജിത് ലാല്‍. സുരന്റെ നിര്‍ദ്ദേശ പ്രകാരം വീട്ടിലെ മാരുതി കാര്‍ സര്‍വീസിന് കൊണ്ടുപോകാന്‍ രാജു സംഭവ ദിവസം ജലജയുടെ വീട്ടിലെത്തി.

കുവൈറ്റില്‍ ജോലിയുള്ള രാജുവിന് നാട്ടില്‍ വലിയ പരിചയം ഇല്ലാത്തതിനാല്‍ കാര്‍ കൊണ്ട് പോകാന്‍ സജിത്തിന്റെ സഹായം തേടി. സജിത് എത്താന്‍ വൈകിയതിനാല്‍ രാജു കാറുമായി പോയി. രാജുവിനെ അന്വേഷിച്ച്‌ എത്തിയ സജിത്തിനെ ജലജ വീട്ടില്‍ കയറ്റിയിരുത്തി. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ സജിത് ജലജയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്നു സജിത്.

വെള്ളം കൊടുക്കുന്നതിനിടെ ജലജയോട് സഭ്യമല്ലാതെ സംസാരിക്കുകയും കടന്നുപിടിക്കുകയും ചെയ്തു. എതിര്‍ത്ത ജലജയെ നിലവിളക്കിന്റെ കാലു കൊണ്ട് തലയ്ക്ക് പിന്നിലടിച്ചു വീഴ്ത്തി. മോഷണശ്രമത്തിനിടെ സംഭവിച്ച കൊലപാതകമാണെന്നു തോന്നിപ്പിക്കാനായി ജലജയുടെ താലിമാല അടക്കമുള്ള സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നെടുത്തിരുന്നു.

കൊലപാതകത്തിനുശേഷം പ്രതി വീടിന്റെ മുകള്‍നിലയിലെ ശൗചാലയത്തില്‍ കുളിച്ചതായി കണ്ടെത്തിയിരുന്നു. വീടുമായി ഏറെ അടുപ്പമുള്ളയാളാണു കൊലയാളിയെന്നു പൊലീസ് നിഗമനത്തിലെത്തിയിരുന്നു. പ്രതി വീട്ടിലെത്തിയപ്പോള്‍ വളര്‍ത്തുനായ കുരച്ചില്ലെന്ന് അറിഞ്ഞതാണ് ഈ നിഗമനത്തിനു കാരണം. മോഷണശ്രമമെന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണു നടന്നതെന്നു പൊലീസ് സംശയിച്ചിരുന്നു.

മാലയും പണവും നഷ്ടപ്പെട്ടെങ്കിലും ജലജ ധരിച്ചിരുന്ന കമ്മല്‍ നഷ്ടപ്പെടാതിരുന്നതാണ് പൊലീസിനു സംശയം തോന്നിപ്പിച്ചത്. കൊലപാതകം നടന്ന വീട്ടില്‍നിന്നു മോഷണം പോയ മൊബൈല്‍ ഫോണ്‍ പിന്നീട് ഒരു പ്രാവശ്യം ഓണാക്കിയിരുന്നു. എന്നാല്‍, ഫോണ്‍ ഉപയോഗിച്ച ആളിനെപ്പറ്റി സൂചന ലഭിച്ചില്ല.പള്ളിപ്പാട് മുക്കില്‍ സ്റ്റുഡിയോ നടത്തിവന്ന സജിത് സ്റ്റുഡിയോ മറ്റൊരാളിനു കൈമാറുകയും 2016നവംബര്‍ 10ന് ഖത്തറിലേക്ക് ജോലിക്ക് പോകുകയും ചെയ്തു. പിന്നീട് നാട്ടിലേക്ക് വന്നില്ല. അന്വേഷണ സംഘം ഇയാളെ കേന്ദ്രീകരിച്ച്‌ കൂടുതല്‍ തെളിവിലേക്ക് എത്തിച്ചേര്‍ന്നു. ഒടുവില്‍ ബന്ധുവിന്റെ സഹായത്തോടെ നാട്ടിലേക്ക് വിളിച്ചു വരുത്തി. കാത്തിരിക്കുന്നത് വിലങ്ങാണെന്ന് അപ്പോഴും സജിത് കരുതിയില്ല. വിവരം ഭാര്യയില്‍ നിന്നു പോലും ഇയാള്‍ മറച്ചുവച്ചു.

ഒരു മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതി കുടുങ്ങാന്‍ ഇടയാക്കിയത്. ഈ മൊബൈല്‍ ഫോണ്‍ നമ്പര്‍ ക്രൈംബ്രാഞ്ചില്‍ നിന്നു സജിത്ത് സമര്‍ഥമായി ഒളിച്ചുവച്ചിരിക്കുകയായിരുന്നു. 2015 ഓഗസ്റ്റ് 13-നാണ് ജലജയെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുരന്‍ വിദേശത്തായിരുന്നു. മക്കള്‍ ചെന്നൈയില്‍ വിദ്യാര്‍ത്ഥികളും.