
ആലപ്പുഴ: ജെയ്നമ്മ കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഏറ്റുമാനൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ കണ്ടെത്തിയ അസ്ഥികള്‍ ജെയ്നമ്മയുടേത് തന്നെയെന്ന് സ്ഥീരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
കേസില്‍ ചേർത്തല സ്വദേശി സെബാസ്റ്റ്യൻ മാത്രമാണ് പ്രതി. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ നിന്ന് അസ്ഥികളടക്കം കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ലൊക്കേഷനുമാണ് കേസില്‍ നിർണായകമായത്. തെളിവെടുപ്പില്‍ അസ്ഥികഷ്ണങ്ങളും ലഭിച്ചിരുന്നു.
ചേർത്തലയിലെ സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇത് ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നത്.
ജെയ്നമ്മയുടെ ഫോണ്‍ സെബാസ്റ്റ്യൻ കൈവശംവച്ച് ഉപയോഗിച്ചതാണ് കുറ്റകൃത്യം തെളിയുന്നതിലേക്ക് എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോണിന്റെ സ്ഥാനം പിന്തുടർന്നുള്ള അന്വേഷണമാണ് നിർണായക വഴിത്തിരിവായത്. 2024 ഡിസംബറിലാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായത്.



