
മലപ്പുറം: വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയില്‍ മോഷണ പരമ്പര നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് ‘സ്പൈഡർ സുനി’ എന്നറിയപ്പെടുന്ന സുനില്‍ പി (47), സഹായി ജിതേഷ് (39) എന്നിവരെ പോലീസ് പിടികൂടി.
കൃഷ്ണപുരം കാപ്പില്‍ അശ്വിൻ ഭവനത്തില്‍ നിന്നുമാണ് സുനിലിനെ പിടികൂടിയത്. കായംകുളം പുള്ളിക്കണക്ക് വെളുത്തേരില്‍ വീട്ടില്‍ നിന്നുമാണ് ജിതേഷ് പിടിയിലായത്.
ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെയും വള്ളികുന്നം ഇൻസ്പെക്ടർ സുരേഷ് കുമാർ ആറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നാമ്പുകുളങ്ങര, മങ്ങാരം, കട്ടച്ചിറ, തെക്കേമങ്കുഴി, വട്ടയ്ക്കാട്, കിണറുമുക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ അടച്ചിട്ടിരിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം. ശാസ്ത്രീയ തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിവന്ന മോഷണങ്ങളില്‍ മുൻ കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. 40-ഓളം വാഹന മോഷണക്കേസുകളില്‍ പ്രതിയായിരുന്ന സുനില്‍ ജയിലില്‍ വെച്ച് തമിഴ് കുറുവ സംഘത്തില്‍ നിന്ന് പഠിച്ച തന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവധി ദിവസങ്ങളില്‍ ബുള്ളറ്റിലെത്തി അടച്ചിട്ട വീടുകള്‍ കണ്ടെത്തുന്ന സുനില്‍, രാത്രിയില്‍ റോഡുകള്‍ ഒഴിവാക്കി വയലുകളിലൂടെ സഞ്ചരിച്ചാണ് മോഷണത്തിനെത്തുന്നത്. സിസിടിവിയില്‍ പെടാതിരിക്കാനും ആളുകളെ ഭയപ്പെടുത്താനും ലുങ്കി തലയിലൂടെ പുതച്ച് അടിവസ്ത്രം മാത്രം ധരിച്ചാണ് ഇയാള്‍ എത്തിയിരുന്നത്.
ജിതേഷാണ് ഇയാളെ പലപ്പോഴും മോഷണ സ്ഥലങ്ങളില്‍ എത്തിച്ചിരുന്നത്. 30-ഓളം മോഷണങ്ങള്‍ നടത്തിയതായി സുനില്‍ സമ്മതിച്ചു. മോഷ്ടിച്ച മുതലുകള്‍ കണ്ടെത്താൻ മെറ്റല്‍ ഡിറ്റക്ടറും ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറും ഉപയോഗിച്ച് പരിശോധന നടത്തും. പ്രതികളെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.



