സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദേശത്തെ ജയിലുകളിൽ നൂറുകണക്കിന് മലയാളികൾ വിവിധ കുറ്റങ്ങൾക്കായി തടവിൽ കഴിയുമ്പോഴാണ് കേരള സമൂഹത്തിന് യാതൊരു വിധ സംഭാവനകളും നൽകാത്ത വെറുമൊരു കുറ്റവാളി മാത്രമായി ജയിലിൽ കഴിഞ്ഞ തുഷാർ വെള്ളാപ്പള്ളിയ്ക്ക് വേണ്ടി സംസ്ഥാന സർക്കാരിന്റെ വഴി വിട്ട ഇടപെടൽ. ചില്ലറ നാണയത്തുട്ടുകൾ അടയ്ക്കാനില്ലാത്തതിന്റെ പേരിലാണ് പല കേസുകളിലും പെട്ട് നൂറുകണക്കിന് മലയാളികൾ ജയിലിൽ കിടക്കുന്നത്. ഇവിടെയാണ വെള്ളാപ്പള്ളിയുടെ പുത്രൻ എന്ന വിലാസത്തിന്റെ മാത്രം അടിസ്ഥാനത്തിൽ തുഷാർ വെള്ളാപ്പള്ളിയ്ക്ക് വേണ്ടി സംസ്ഥാന സർക്കാരും, വമ്പൻ വ്യവസായികളും രംഗത്തെത്തുകയായിരുന്നു.
20 കോടി രൂപയുടെ വണ്ടിച്ചെക്ക് കേസിൽ കുടുങ്ങിയാണ് തുഷാർ വെള്ളാപ്പള്ളി അജ്മാനിലെ ജയിലിൽ കഴിഞ്ഞത്. ഈ കേസിൽ തുഷാർ വെള്ളാപ്പള്ളിയ്ക്ക് പക്ഷേ 24 മണിക്കൂർ പോലും തികച്ച് ജയിലിൽ കഴിയേണ്ടി വന്നില്ല. പത്തും 24 ഉം വർഷങ്ങളോളമായി പണമില്ലാത്തതിന്റെ പേരിൽ മാത്രം നിരവധി മലയാളികൾ ജയിലിൽ കഴിയുമ്പോഴാണ് സ്വാധീനവും പിടിപാടും പണവുമുള്ളതിന്റെ പേരിൽ വണ്ടിച്ചെക്ക് കേസിൽ കുടുങ്ങിയിട്ടും തുഷാർ വെള്ളപ്പള്ളിയ്ക്ക് 24 മണിക്കൂർ തിരച്ച് ജയിലിൽ കിടക്കേണ്ടാത്ത സാഹചര്യമുണ്ടായത്.
ഇതിലും ഏറെ നാണക്കേടായയത് വിദേശ രാജ്യത്ത് കള്ളത്തരം കാണിച്ച് ജയിലിൽ ആയ പ്രതിയ്ക്ക് വേണ്ടി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ഇടപെട്ടു എന്നതാണ്. തുഷാറിന്റെ ജയിൽ വാസത്തിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് പ്രശ്‌നത്തിൽ എം.എ യൂസഫലി ഇടപെട്ടതും ഇരുപത് കോടി രൂപ അടയ്ക്കാൻ തീരുമാനമായതും.
വിദേശ രാജ്യത്ത് ജയിലിൽ കഴിയുന്ന ഒരു സാധാരണക്കാരന് ലഭിക്കാത്ത ആനുകൂല്യങ്ങളുടെ പെരുമഴ തന്നെയാണ് തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇത് ഏത് ആധികാരത്തിന്റെ പുറത്താണെന്നാണ് വ്യക്തമല്ലാത്തത്. വെറുമൊരു സാധാരണക്കാരനായ കുറ്റവാളിയായ തുഷാറിന് ലഭിച്ച ആനുകൂല്യം അർഹിക്കുന്നതാണോ എന്നതാണ് പ്രധാന സംശയം.