video
play-sharp-fill
കുവൈറ്റിലെ തടവുകാർക്ക് ഇനി ഹാപ്പി ഡെയ്‌സ് : കൊറോണ ബാധയെ തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തടവുകാരെ വിട്ടയക്കുന്നു

കുവൈറ്റിലെ തടവുകാർക്ക് ഇനി ഹാപ്പി ഡെയ്‌സ് : കൊറോണ ബാധയെ തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തടവുകാരെ വിട്ടയക്കുന്നു

സ്വന്തം ലേഖകൻ

കുവൈറ്റ്:കുവൈറ്റിലെ തടവുകാർക്ക് ഇനി ഹാപ്പിഡെയ്‌സ്. വർഷങ്ങളായി തടവറയിൽ കഴിഞ്ഞുവന്ന 300 പേരെ വിട്ടയയ്ക്കാൻ കുവൈറ്റ് അപ്പീൽ കോടതി ഉത്തരവ് ഇറക്കി. കൊറോണ ബാധയുടെ പശ്ചാത്തലത്തിലാണിത്.പ്രവാസികളും സ്വദേശികളുമായ തടവുകാരിൽ മലയാളികളെയും ഇതിൽ വിട്ടയക്കുമെന്നാണ് സൂചന.

 

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജയിലുകളിൽ തടവുകാരുടെ എണ്ണം കുറയ്ക്കുന്നതിനായാണ് തീരുമാനം. പലരാജ്യങ്ങളും തടവുകാരെ വിട്ടയയ്ക്കുകയോ ജാമ്യത്തിൽ വിടുകയയോ ചെയ്യുന്നുണ്ട്. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് തടവുകാരെ വിട്ടയയ്ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ 11,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. 71 ജയിലുകളിലായി കഴിയുന്ന 11,000പേർക്കാണ് പരോൾ അനുവദിക്കുക. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജയിലുകളിലെ തിരക്ക് വളരെ ആശങ്കാജനകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.

 

 

ഏഴ് വർഷം വരെ തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് ഇടക്കാലം ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല സമിതികൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നേരത്തെ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.

 

 

സുപ്രീകോടതി നിർദേശമനുസരിച്ച് ഉത്തർപ്രദേശ് സർക്കാർ കമ്മിറ്റി രൂപീകരിച്ചിരുന്നു. 71 ജയിലുകളിൽ പാർപ്പിച്ചിരിക്കുന്ന 11,000 കുറ്റവാളികളെ വ്യക്തിഗത ബോണ്ടിന് എട്ട് ആഴ്ച ഇടക്കാല ജാമ്യം നൽകണമെന്നും ജയിലിൽ നിന്ന് ഉടൻ മോചിപ്പിക്കണമെന്നും സമിതി നിർദേശം നൽകി. നാൽപതിലധികം പേർക്കാണ് ഉത്തർപ്രദേശിൽ കൊറോണ സ്ഥിരീകരിച്ചത്.

 

 

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാനായി തടവുകാർക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സുപ്രീംകോടതി നിർദേശിച്ചു.

 

തടവുകാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. പരോൾ – ജാമ്യ കാലാവധി നാല് മുതൽ ആറ് ആഴ്ച വരെയാകാമെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, സൂര്യകാന്ത് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

 

ഏഴ് വർഷം വരെയുള്ള തടവ് ശിക്ഷ അനുഭവിക്കുന്നവർക്കും വിചാരണ തടവുകാർക്കുമാണ് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കുക.
ആർക്കൊക്കെ പരോൾ നൽകാമെന്നത് സംബന്ധിച്ച് മാനദണ്ഡങ്ങളും പട്ടികയും തയാറാക്കാൻ ഉന്നതതല സമിതി രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ലീഗൽ സർവീസ് അതോറിറ്റി ചെയർമാനായിരിക്കണം സമിതിയുടെ അദ്ധ്യക്ഷൻ.

 

സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജയിലുകളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ എന്നിവരാകും സമിതിയിലെ മറ്റ് അംഗങ്ങൾ. കൊറോണ പടരുന്ന പശ്ചാത്തലത്തിൽ തടവുകാരുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു. തടവുകാർക്ക് സാനിറ്റൈസർ, മാസ്‌ക് എന്നിവ

 

ലഭ്യമാക്കുകയും, ജയിലിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുകയും വേണം.. രാജ്യത്ത് 1,339 ജയിലുകളിലായി 4,66,084 തടവുകാരാണുള്ളത്. ഉത്തർപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ ജയിലുകളിലാണ് തടവുകാർ കൂടുതലുള്ളത്.

 

ജയിലുകളിൽ സന്ദർശകരുടെ തിരക്ക് കുറയ്ക്കുന്നതിന് ജയിൽപ്പുള്ളികൾക്ക് വീഡിയോ കോൺഫറൻസിലൂടെ കുടുംബാംഗങ്ങളുമായി സംസാരിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. തടവുകാരുടെ അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, കുട്ടികൾ എന്നിവർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തുക.

 

ജയിലുകളിൽ തടവുകാരുടെ ഞെരുക്കം കുറയ്ക്കുന്നതിന് പ്രത്യേക പരോൾ, താത്കാലിക വിടുതൽ എന്നിവ അനുവദിക്കുമെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി ജയിൽ ചട്ടത്തിൽ ഭേദഗതി വരുത്തി. രണ്ടു ദിവസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കും.