സംസ്ഥാന സർക്കാരിന് തിരിച്ചടി; ജേക്കബ് തോമസിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ ഉത്തരവ്
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. ഡിജിപി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ നിർദ്ദേശം. കാരണം വ്യക്തമാക്കാതെ തന്നെ സർവീസിൽ നിന്നും മാറ്റി നിർത്തിയത് ചോദ്യം ചെയ്ത് ജേക്കബ് തോമസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ജേക്കബ് തോമസിനെ അടിയന്തിരമായി സർവ്വീസിൽ തിരിച്ചെടുക്കണമെന്നും യോഗ്യതയ്ക്ക് തുല്യമായ പദവി നൽകണമെന്നുമാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
ജേക്കബ് തോമസിന്റെ വാദങ്ങൾ പൂർണമായും അംഗീകരിച്ചാണ് ഉത്തരവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ അകാരണമായി സർവീസിൽ നിന്നും എങ്ങനെ മാറ്റി നിർത്താൻ സാധിക്കും എന്ന ചോദ്യമാണ് അഭിഭാഷകൻ പ്രധാനമായും ട്രൈബ്യൂണലിൽ ഉന്നയിച്ചത്. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ സർവ്വീസുമായി ബന്ധപ്പെട്ട് പ്രത്യേക ചട്ടങ്ങളുണ്ടെന്നിരിക്കെ തുടർച്ചയായ സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്ന് ട്രൈബ്യൂണൽ കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് വർഷത്തോളമായി ജേക്കബ് തോമസ് സസ്‌പെൻഷനിലായിരുന്നു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ സർക്കാർ വിരുദ്ധ പരാമർശത്തിന്റെ പേരിലായിരുന്നു ആദ്യം നടപടിയെടുത്തത്. തുടർന്ന് വിവാദ പരാമർശങ്ങൾ ഉൾപ്പെടുത്തി പുസ്തകം ഇറക്കിയതിനും അഴിമതി ആരോപണത്തെ തുടർന്നും സസ്‌പെൻഷൻ കാലാവധി നീട്ടുകയായിരുന്നു, അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ല എന്നാണ് വിധി വ്യക്തമാക്കിുന്നത് എന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.