
എല്ലാം മനസിൽ മായാതെയുണ്ട്, വീണ്ടും കേരളത്തിലേക്ക് വരും : ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞ് രോഗം ഭേദമായ ഇറ്റാലിയൻ പൗരൻ മടങ്ങി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആരോഗ്യപ്രവർത്തകരുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനും നന്ദി പറഞ്ഞ് വൈറസ് ബാധ ഭേദമായ ഇറ്റാലിയൻ പൗരൻ റോബർട്ടോ ടൊണാസോക്ക് നാട്ടിലേക്ക് മടങ്ങി.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിനിടെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി റോബർട്ടോ സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിൽ ബാംഗ്ലൂരിൽ എത്തി അവിടെ നിന്ന് ചൊവ്വാഴ്ച കുലർച്ചെയുള്ള വിമാനത്തിൽ സ്വദേശത്തേക്കു പോവുകയാണ് ലക്ഷ്യം. മേയർ കെ.ശ്രീകുമാർ, വി.കെ.പ്രശാന്ത് എംഎൽഎ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
57 കാരനാണ് ഇറ്റാലിയൻ പൗരനായ റോബർട്ടോ ടൊണാസോക്ക്. വിനോദ സഞ്ചാരത്തിനുവേണ്ടിയാണ് അദ്ദേഹം വർക്കലയിൽ എത്തിയത്. സ്വന്തം നാടായ ഇറ്റലിയിൽ രോഗവ്യാപനം ശക്തമായതിനെ തുടർന്ന് വർക്കലയിൽ നടത്തിയ സ്‌ക്രീനിംഗിലാണ് രോഗം റോബർട്ടോയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
എല്ലാ വർഷവും പ്രകൃതിഭംഗി ആശ്വദിക്കാൻ കേരളത്തിൽ എത്താറുണ്ട്. ഇവിടത്തെ പ്രകൃതിഭംഗി ആസ്വദിക്കാനായിരുന്നു ആ വരവെല്ലാം. ഇത്തവണ തികച്ചും അപ്രതീക്ഷിതമായി കേരളത്തിന്റെ മികവുറ്റ ആരോഗ്യരംഗത്തെ അറിയാനും അനുഭവിക്കാനും ഇടയായി. എല്ലാം മനസിൽ മായാതെയുണ്ടെന്നും ഇനിയും കേരളത്തിലേക്ക് വരുമെന്നും റോബർട്ടോ പറഞ്ഞു.