ഇത് ചരിത്രവിധി ; ഒരു ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യത്തിനായി ഒന്നിച്ച് നിൽക്കാം : അമിത് ഷാ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അയോധ്യകേസിലേത് ചരിത്ര വിധിയെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇതോടെ കൂടുതൽ ശക്തിപ്പെടുമെന്നും അഭിപ്രായപ്പെട്ടു.
അയോധ്യ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനത്തെ പൂർണമായി അംഗീകരിക്കുന്നു. കോടതി വിധി എല്ലാ മതത്തിലും സമുദായത്തിലും ഉൾപ്പെട്ടവർ അംഗീകരിക്കണമെന്നും ഒരു ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അമിത് ഷാ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാൽപ്പത് ദിവസം തുടർച്ചയായി വാദം കേട്ടതിന് ശേഷം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ചാണ് നിർണ്ണായക വിധി പ്രസ്താവിച്ചത്. അയോധ്യഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകാനും മുസ്ലീങ്ങൾക്ക് പകരം ഭൂമി നൽകാനും സുപ്രീംകോടതി വിധിച്ചു.
മുസ്ലീംങ്ങൾക്ക് പള്ളിപണിയാൻ തർക്കഭൂമിക്ക് പുറത്ത് അഞ്ചേക്കർ ഭൂമി നൽകണം. ക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റ് ഉണ്ടാക്കണം. ട്രസ്റ്റിൽ നിർമോഹി അഖാഡെയ്ക്ക് അർഹമായ സ്ഥാനം കൊടുക്കണം. മൂന്ന് മുതൽ നാല് മാസത്തിനകം കേന്ദ്രം കർമ്മ പദ്ധതി തയ്യാറാക്കണമെന്നും കോടതി പറഞ്ഞു.ഭൂമിയിൽ രാംലല്ലയുടെ അവകാശം സമാധാനം നിലനിർത്തിയാൽ മാത്രമെന്നും കോടതി വ്യക്തമാക്കി.
അതേസമയം തർക്കഭൂമി ഏതെങ്കിലും കക്ഷികൾക്ക് വിട്ടുകൊടുക്കില്ലെന്നും കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി.
തർക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി പൂർണമായും തള്ളിയ കോടതി ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്നും വ്യക്തമാക്കി.