
തെൽ അവീവ്: ഇറാനുമായുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്റാഈലിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. ഏപ്രിൽ 14 വരെ അടിയന്തരാവസ്ഥ തുടരാനുള്ള സർക്കാരിന്റെ ശുപാർശയ്ക്ക് ഇസ്റാഈൽ പാർലമെന്റായ നെസെറ്റിന്റെ വിദേശകാര്യ-പ്രതിരോധ സമിതി അംഗീകാരം നൽകി.
ഫെബ്രുവരി 28-ന് യുഎസ്-ഇസ്റാഈൽ സഖ്യം ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്.
25 ദിവസമായി തുടരുന്ന യുദ്ധത്തിൽ ഇസ്റാഈലിന്റെ പ്രതിരോധ കവചങ്ങൾ ഭേദിച്ച് ഇറാന്റെ മിസൈലുകൾ പലയിടത്തും പതിച്ചത് ഭരണകൂടത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പശ്ചാത്തലത്തിലാണ് അടിയന്തര നടപടികളുമായി മുന്നോട്ട് പോകാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സും തീരുമാനിച്ചത്.
ആഗോള രാഷ്ട്രീയ ഭൂപടത്തിൽ അമേരിക്കയെക്കാൾ കരുത്ത് ഇപ്പോൾ ഇറാന്റേതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ MI6 മുൻ മേധാവി സർ അലക്സ് യങ്ങർ രംഗത്തെത്തി. ‘ദി ഇക്കണോമിസ്റ്റിന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാടുകൾ വ്യക്തമാക്കിയത്.
ഡൊണാൾഡ് ട്രംപിന്റെ നയതന്ത്ര പാളിച്ചകൾ ഇറാൻ കൃത്യമായി മുതലെടുത്തു. രണ്ടാഴ്ച മുമ്പ് തന്നെ പശ്ചിമേഷ്യയിലെ നിയന്ത്രണം അമേരിക്കയ്ക്ക് നഷ്ടമായിക്കഴിഞ്ഞു.
ഇന്ധന വിപണിയിലെ സ്വാധീനം ഉപയോഗിച്ച് യുദ്ധത്തെ ആഗോളവൽക്കരിക്കാനും അമേരിക്കയ്ക്ക് മേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്താനും ഇറാന് സാധിച്ചു.
ഇറാന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടമാണ്, എന്നാൽ ട്രംപിന് ഇതൊരു താൽക്കാലികമായ യുദ്ധം മാത്രമാണ്. ഈ തിരിച്ചറിവാണ് ഇറാന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത് എന്നും സർ അലക്സ് യങ്ങർ പറഞ്ഞു.
ഇറാന്റെ കരുത്ത് വർധിക്കുന്നത് ബ്രിട്ടന്റെ പ്രതിരോധ മേഖലയ്ക്കും ഭീഷണിയാണെന്ന് പാർലമെന്ററി സമിതി മുന്നറിയിപ്പ് നൽകി.
നിലവിൽ ബ്രിട്ടീഷ് അന്തർവാഹിനികളുടെ അറ്റകുറ്റപ്പണികൾ പോലും കൃത്യമായി നടക്കുന്നില്ലെന്നും, പ്രതിരോധത്തിനായി ജിഡിപിയുടെ 3.5% തുക നീക്കിവെക്കണമെന്നും പ്രതിരോധ സെലക്ട് കമ്മിറ്റി ചെയർമാൻ തൻ ധേസി ആവശ്യപ്പെട്ടു.
അമേരിക്കൻ സൈനിക വിന്യാസത്തിനൊപ്പം ഒരു കപ്പൽ പോലും വിട്ടുനൽകാൻ ബ്രിട്ടന് സാധിക്കാത്തത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



