
‘ബഹിരാകാശത്ത് ഒരു പരീക്ഷണശാല’; ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-55 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു
സ്വന്തം ലേഖിക
ശ്രീഹരിക്കോട്ട: ഐ എസ് ആര്‍ ഒയുടെ പി.എസ്.എല്‍.വി സി-55 റോക്കറ്റ് വിക്ഷേപിച്ചു.
സിംഗപ്പൂര്‍ ഉപഗ്രഹങ്ങളായ ടെലിയോസ്-II, ലൂംലൈറ്റ് -IV എന്നിവയുമായാണ് പി.എസ്.എല്‍.വി സി-55 സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പറന്നുയര്‍ന്നത്.
ഇവ കൃത്യമായി ഭ്രമണപഥത്തില്‍ എത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും കരുത്തുതെളിയിക്കാന്‍ കഴിഞ്ഞെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് പ്രതികരിച്ചു. പി എസ് എല്‍ വി വാണിജ്യ വിക്ഷേപണ വാഹനമാക്കി മാറ്റുമെന്നും സോമനാഥ് വ്യക്തമാക്കി.
പി എ എഫ് എന്ന പുതിയ അസംബ്ളി കേന്ദ്രത്തില്‍ നിന്ന് വിക്ഷേപണത്തിന് തയ്യാറാക്കുന്ന ആദ്യ റോക്കറ്റ് ആണിത്. വിക്ഷേപണം കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ടായിരുന്നു.
ബഹിരാകാശത്ത് ഒരു കുഞ്ഞു പരീക്ഷണശാല ഒരുക്കുകയാണ് ഐ.എസ്.ആര്‍.ഒയുടെ ലക്ഷ്യം. ഉപഗ്രഹവിക്ഷേപണ ശേഷം ബഹിരാകാശത്ത് ഉപേക്ഷിക്കാറുള്ള റോക്കറ്റിന്റെ നാലാം ഭാഗത്തെയാണ് (പി.എസ്- 4) എക്സ്പെരിമെന്റല്‍ പ്ളാറ്റ്ഫോമാക്കുന്നത്.
പി.എസ്.എല്‍.വി ഓര്‍ബിറ്റര്‍ എക്സ്പെരിമെന്റര്‍ മൊഡ്യൂള്‍ അഥവാ പോയം-2 എന്നു പേരിട്ടിരിക്കുന്ന സംവിധാനത്തില്‍ ബഹിരാകാശ വിക്ഷേപണവുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകളുടെ പരീക്ഷണ നിരീക്ഷണങ്ങളാണ് നടത്തുക. ഇതെല്ലാം നിയന്ത്രിക്കുക ഐ.എസ്.ആര്‍.ഒയുടെ ബംഗളൂരിലെ കേന്ദ്രമായിരിക്കും. സ്പെയ്സ് സ്റ്റേഷന്‍ പോലെ പോയം-2വില്‍ ആളുകളില്ലെന്നേയുള്ളു. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തന ശേഷിയാണ് പ്രതീക്ഷിക്കുന്നത്.