play-sharp-fill
സിഐ വിജയൻ ലൈംഗിക താത്പര്യത്തോടെ മറിയം റഷീദയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു ; എതിര്‍ത്തതിന്റെ വൈരാഗ്യത്തിൽ അനധികൃത അറസ്റ്റ് ; പൂർണ്ണ നഗ്നയാക്കി കൈകള്‍ പിന്നിലാക്കി ജനലിനോട് ചേർത്ത് കെട്ടി തടിക്കസേര കൊണ്ട് കാലിന്റെ മുട്ടില്‍ അടിച്ചു ; നമ്പി നാരായണന് ക്രൂരമർദനം ; സിബിഐ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സിഐ വിജയൻ ലൈംഗിക താത്പര്യത്തോടെ മറിയം റഷീദയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു ; എതിര്‍ത്തതിന്റെ വൈരാഗ്യത്തിൽ അനധികൃത അറസ്റ്റ് ; പൂർണ്ണ നഗ്നയാക്കി കൈകള്‍ പിന്നിലാക്കി ജനലിനോട് ചേർത്ത് കെട്ടി തടിക്കസേര കൊണ്ട് കാലിന്റെ മുട്ടില്‍ അടിച്ചു ; നമ്പി നാരായണന് ക്രൂരമർദനം ; സിബിഐ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സ്പെഷ്യല്‍ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന എസ്. വിജയന് വഴങ്ങാത്തതിലെ നീരസമാണ് ഐ.എസ്.ആർ.ഒ ചാരക്കേസിന് ഇടയാക്കിയതെന്ന സിബിഐ കണ്ടെത്തലിന് പിന്നാലെ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മറിയം റഷീദയെ അനധികൃതമായി അറസ്റ്റ് ചെയ്തെന്നും പിന്നീട് അത് മറയ്ക്കാനായി കൂടുതല്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുകയുമായിരുന്നുവെന്ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിബി മാത്യൂസ്, കെ കെ ജോഷ്വാ, ആർ.ബി. ശ്രീകുമാർ, എസ്. വിജയൻ, പി.എസ്. ജയപ്രകാശ് എന്നിവർ ഗൂഢാലോചന നടത്തുകയും വ്യാജരേഖകള്‍ തയ്യാറാക്കി അനധികൃത അറസ്റ്റുകള്‍ നടത്തി ഇരകളെ പീഡിപ്പിക്കുകയായിരുന്നുവെന്നും സി.ബി.ഐ കുറ്റപ്പെടുത്തുന്നു. മറിയം റഷീദയെ ലൈംഗികമായി പീഡിപ്പിക്കാനും എസ്. വിജയൻ ശ്രമിച്ചു. ഈ നാലുപേരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.

മാലിദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും തിരുവനന്തപുരത്ത് ഹോട്ടല്‍ സാമ്രാട്ടില്‍ 1994 സെപ്തംബർ മുതല്‍ താമസിച്ചിരുന്നതായി കണ്ടെത്തി. ഒക്ടോബർ പത്തിന് വിസ കാലാവധി നീട്ടാൻ മറിയം റഷീദയും ഫൗസിയഹസനും സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെത്തിയപ്പോള്‍, തന്റെ ഓഫീസിലെത്താൻ വിജയൻ ആവശ്യപ്പെട്ടു. മറിയം റഷീദയുടെ വിമാന ടിക്കറ്റും പാസ്‌പോർട്ടും വാങ്ങിവച്ചശേഷം ഒക്ടോബർ13ന് വിജയൻ അവർ താമസിച്ചിരുന്ന ഹോട്ടലിലെ മുറിയിലെത്തിയ വിജയൻ ഫൗസിയയോട് പുറത്ത് പോകാൻ പറഞ്ഞു, തുടർന്ന് മുറിയടച്ച വിജയൻ ലൈംഗിക താത്പര്യത്തോടെ മറിയം റഷീദയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. എന്നാല്‍ അവർ ചെറുത്തതോടെ പുറത്തുപോയി.

ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് മറിയം ആരെയൊക്കെ ഫോണില്‍ വിളിക്കുന്നെന്ന് വിജയൻ ഹോട്ടല്‍ ജീവനക്കാരോട് അന്വേഷിച്ചു. ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനെ വിളിക്കുന്നെന്ന് മനസിലാക്കി. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ആർ. രാജീവനെയും ഐ.ബി. അസി.ഡയറക്ടറായിരുന്ന ആർ. ബി. ശ്രീകുമാറിനെയും അറിയിച്ചു.

മറിയത്തിന്റെ പാസ്‌പോർട്ടും ടിക്കറ്റും ഒക്ടോബർ17ന് വിസ കാലാവധി കഴിയുന്നത് വരെ വിജയൻ പിടിച്ചുവച്ചു. കാലാവധി കഴിഞ്ഞും തങ്ങിയതിന് കേസെടുത്തു. ഒക്ടോബർ20ന് മറിയത്തെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. പിറ്റേന്നുമുതല്‍ ചാരക്കേസ് കഥകള്‍ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചു.പക്ഷേ, അറസ്റ്റ് ചെയ്ത് 23 ദിവസം കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്.

ശാസ്ത്രജ്ഞനായ ശശികുമാറും മറിയംറഷീദയും നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും പി.എസ്.എല്‍.വി ക്രയോജനിക് സാങ്കേതികവിദ്യ അടങ്ങിയ രേഖകള്‍ പുറത്തുപോയെന്നും ആരോപിച്ച്‌ രാജീവനും ശ്രീകുമാറും വിജയനും ചേർന്ന് മറിയം റഷീദയെയും ശശികുമാറിനെയും പ്രതിയാക്കി കേസെടുക്കാൻ തീരുമാനിച്ചു. നവംബർ 14ന് സിബിമാത്യൂസിനെ തലവനാക്കി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

സിബിമാത്യൂസിന്റെ നിർദ്ദേശ പ്രകാരമാണ് ഡി.ശശികുമാർ, കെ.ചന്ദ്രശേഖർ, നമ്ബിനാരായണൻ, എസ്.കെ.ശർമ്മ എന്നിവരെ അറസ്റ്റ് ചെയ്തത്. വിജയനും എസ്.ഐ ആയിരുന്ന തമ്ബി.എസ്. ദുർഗ്ഗാദത്തും ക്രൂരമായി മർദ്ദിച്ചെന്ന് ജയിലില്‍ സന്ദർശിച്ച മുതിർന്ന മാദ്ധ്യമപ്രവർത്തകനോട് മറിയംറഷീദ പറഞ്ഞിരുന്നു.ഇതും മൊഴിയായി. പൂർണ്ണ നഗ്നയാക്കി കൈകള്‍ പിന്നിലാക്കി ജനലിനോട് ചേർത്ത് കെട്ടി തടിക്കസേര കൊണ്ട് കാലിന്റെ മുട്ടില്‍ അടിച്ചു. കസേര ഒടിഞ്ഞു പോയി.കാലുകള്‍ മറിയം കാട്ടിത്തന്നെന്നും ഹൃദയഭേദകമായിരുന്നു അതെന്ന് മാദ്ധ്യമപ്രവർത്തകന്റെ മൊഴിയിലുണ്ട്.

1994 നവംബർ 30ന് അറസ്റ്റ് ചെയ്ത നമ്ബിനാരായണനെ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഗസ്റ്റ് ഹൗസില്‍ വച്ച്‌ പോലീസ് കസ്റ്റഡിയിലിരിക്കെ ഐ. ബി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. മർദ്ദനത്തില്‍ കുഴഞ്ഞുവീണ് അവശനായ നമ്ബിനാരായണനെ ചികിത്സിക്കാൻ ഡോക്ടറെ കൊണ്ടുവന്നത് താനാണെന്ന് റിട്ട. എസ്.പി ബേബി ചാള്‍സ് മൊഴി നല്‍കി. ഗുരുതരമായ അവസ്ഥയിലാണെന്നും ഇനി മർദ്ദിച്ചാല്‍ മരിച്ചു പോകുമെന്നും ഡോക്ടർ മുന്നറിയിപ്പ് നല്‍കി. കാല്‍മുട്ടിന് താഴെ നീരും രക്തം കട്ടപിടിച്ച പാടുകളുമുണ്ടായിരുന്നു. രണ്ട് ദിവസമായി പോലീസ് ഉറങ്ങാനോ ഇരിക്കാനോ അനുവദിച്ചില്ലെന്ന് നമ്ബിനാരായണൻ പരാതി പറഞ്ഞതായി ഡോക്ടർ മൊഴിനല്‍കി.

1994ലാണ് പൊലീസ് ചാരക്കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റർ ചെയ്തത്. നമ്ബിനാരായണനെ അടക്കം പ്രതികളാക്കി. 2018ല്‍ നമ്ബി നാരായണൻ ഇതുചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ 2021 ഏപ്രില്‍15ന് അനുകൂലമായ വിധിയുണ്ടായി. സുപ്രീംകോടതി നിർദ്ദേശപ്രകാരം നിയമിതമായ ജസ്റ്റിസ് ജെയിൻ കമ്മിഷനാണ് ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ ശുപാർശ ചെയ്തത്. സി. ബി.ഐ ഡല്‍ഹി യൂണിറ്റാണ് അന്വേഷിച്ചത്.