play-sharp-fill
വെല്ലുവിളി നിറഞ്ഞ ദിവസങ്ങള്‍ ഞങ്ങളെ കാത്തിരിക്കുന്നു: എന്തിനും തയാറാണ് : ഭീകരവാദ സംഘടനകളെയും അവരുടെ സ്വാധീനത്തെയും ഇല്ലാതാക്കലും ബന്ധികളാക്കിയവരെ മോചിപ്പിക്കലുമാണ് തങ്ങളുടെ ലക്ഷ്യം: ഇസ്രായേല്‍ സൈനിക മേധാവി

വെല്ലുവിളി നിറഞ്ഞ ദിവസങ്ങള്‍ ഞങ്ങളെ കാത്തിരിക്കുന്നു: എന്തിനും തയാറാണ് : ഭീകരവാദ സംഘടനകളെയും അവരുടെ സ്വാധീനത്തെയും ഇല്ലാതാക്കലും ബന്ധികളാക്കിയവരെ മോചിപ്പിക്കലുമാണ് തങ്ങളുടെ ലക്ഷ്യം: ഇസ്രായേല്‍ സൈനിക മേധാവി

തെല്‍ അവിവ്: വെല്ലുവിളി നിറഞ്ഞ ദിവസങ്ങളാണ് കാത്തിരിക്കുന്നതെന്നും, എന്നാല്‍ എന്തിനെയും നേരിടാൻ തയാറാണെന്നും ഇസ്രായേല്‍ സൈനിക മേധാവി ഹെർസി ഹാലേവി.
ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയെ വധിച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ സൈനിക മേധാവിയുടെ വാക്കുകള്‍.

ഇസ്രായേല്‍ സൈന്യത്തിന്‍റെ നോർത്തേണ്‍ കമാൻഡിലെത്തിയ ഹെർസി ഹാലേവി സാഹചര്യം വിലയിരുത്തി. ‘വെല്ലുവിളികള്‍ നിറഞ്ഞ ദിവസങ്ങളാണ് കാത്തിരിക്കുന്നത്. ആക്രമണത്തിനായാലും പ്രതിരോധത്തിനായാലും ഏത് സാഹചര്യത്തിലും പ്രവർത്തിക്കാൻ സൈന്യം അങ്ങേയറ്റം തയാറാണ്. പോരാട്ടം തുടരാനും ഹിസ്ബുല്ലയെ ഇല്ലാതാക്കാനും ഞങ്ങള്‍ ഉറച്ച തീരുമാനമെടുത്തവരാണ്.

ഭീകരവാദ സംഘടനകളെയും അവരുടെ സ്വാധീനത്തെയും ഇല്ലാതാക്കലും ബന്ധികളാക്കിയവരെ മോചിപ്പിക്കലുമാണ് ഞങ്ങളുടെ ദൗത്യലക്ഷ്യം’ -ഇസ്രായേല്‍ സൈനിക മേധാവി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയുടെ വധത്തിന് ശേഷവും ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ബൈറൂത്തിനു തെക്ക് ദഹിയ മേഖല കേന്ദ്രീകരിച്ചാണ് ആക്രമണം. ദഹിയയില്‍ വെള്ളിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റുല്ല കൊല്ലപ്പെട്ടത്.

ഇക്കാര്യം ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുടെ ദക്ഷിണ മേഖല കമാൻഡർ അലി കരാക്കെയാണ് കൊല്ലപ്പെട്ട മറ്റൊരു പ്രധാനി. എന്നാല്‍, കരാക്കെയുടെ മരണം ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച, ഹിസ്ബുല്ലയുടെ മിസൈല്‍ വിഭാഗം മേധാവി ഇബ്രാഹീം ഖുബൈസിയെയും ഇസ്രായേല്‍ വധിച്ചിരുന്നു. നസ്റുല്ലയുടെ മരണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്.

1992 മുതല്‍ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാണ് ഹസൻ നസ്റുല്ല. സംഘടനയെ സൈനികമായും രാഷ്ട്രീയമായും ശക്തമാക്കിയ നസ്റുല്ലയെ ലക്ഷ്യമിട്ട് മുമ്പും ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്.

2006ല്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തിലും നസ്റുല്ല കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം നസ്റുല്ല പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾ നടത്തി നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം ഞെട്ടിച്ചതായും തിരിച്ചടിക്കുമെന്നും ഹസൻ നസ്റുല്ല വ്യക്തമാക്കിയിരുന്നു.

പിന്നാലെ തെക്കൻ ലബനാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒറ്റദിവസം അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിസ്ബുല്ല തലവനെ തന്നെ ലക്ഷ്യമിട്ട് ഇസ്രായേല്‍ കനത്ത മിസൈല്‍ ആക്രമണം നടത്തിയത്.