ഇറാൻ – ഇസ്രായേൽ സംഘർഷം; ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാരുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ആശങ്കയിൽ; നിലവിലുള്ള സ്ഥലത്തുതന്നെ തുടരണം; എല്ലാ വിവരങ്ങളും എംബസിയെ അറിയിക്കണം; അതീവ ജാഗ്രതാ നിർദ്ദേശം; സംഘർഷം യുദ്ധമായി മാറിയാൽ വരാനിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി

Spread the love

ടെഹ്‌റാൻ: ലോകത്തെയാകെ മുള്‍മുനയില്‍ നിർത്തിക്കൊണ്ട് പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങി.

video
play-sharp-fill

മാസങ്ങളായി തുടരുന്ന പ്രകോപനങ്ങള്‍ക്കൊടുവില്‍ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ പ്രതിരോധ സേന (IDF) അപ്രതീക്ഷിതവും ശക്തവുമായ ആക്രമണം നടത്തി. ഇതോടെ മേഖലയില്‍ ഒരു വൻകിട യുദ്ധത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.

യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തതോടെ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാരുടെ കാര്യത്തില്‍ കേന്ദ്രസർക്കാർ വലിയ ആശങ്കയിലാണ്. ഏകദേശം 32,000 ഇന്ത്യക്കാർ ഇസ്രയേലില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ഭൂരിഭാഗവും കെയർ ഗിവർമാരും ഐടി പ്രൊഫഷണലുകളുമാണ്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും എംബസിയും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനായിരത്തോളം ഇത്യക്കാരനാണ് ഇറാനിലുള്ളത്. ഇതില്‍ കൂടുതലും മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി എത്തിയ വിദ്യാർത്ഥികളാണ്.

പൗരന്മാർ നിലവില്‍ എവിടെയാണോ ഉള്ളത് അവിടെത്തന്നെ തുടരാനും അനാവശ്യ യാത്രകള്‍ പൂർണ്ണമായും ഒഴിവാക്കാനും നിർദ്ദേശം. ഔദ്യോഗിക മാധ്യമങ്ങളിലൂടെയും എംബസി വെബ്‌സൈറ്റിലൂടെയും പുറത്തുവരുന്ന സുരക്ഷാ നിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക. ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും തങ്ങളുടെ വിവരങ്ങള്‍ എംബസിയില്‍ അറിയിക്കണമെന്നും ഒഴിഞ്ഞുപോവാനുള്ള സന്നദ്ധത പ്രകടിപ്പിക്കണമെന്നും നേരത്തെ തന്നെ അറിയിച്ചിരുന്നു. വിദ്യാർത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാൻ പ്രത്യേക പോർട്ടല്‍ ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി എംബസി പ്രത്യേക ഹെല്‍പ്പ്‌ലൈൻ നമ്ബറുകളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

ഇസ്രയേല്‍ സർക്കാർ തങ്ങളുടെ പൗരന്മാർക്ക് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിക്കഴിഞ്ഞു. ഇസ്രയേലിൽ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുകയാണ്. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബങ്കറുകളിലേക്കോ മാറാൻ ഐ.ഡി.എഫ് നിർദ്ദേശിച്ചു.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പൊതുസമ്മേളനങ്ങള്‍ക്കും അനിവാര്യമല്ലാത്ത തൊഴിലിടങ്ങള്‍ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യുദ്ധഭീഷണി നിലനില്‍ക്കുന്നതിനാല്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീടിന് പുറത്തിറങ്ങരുതെന്നും എപ്പോഴും ബങ്കറുകള്‍ക്ക് സമീപം തന്നെ തുടരണമെന്നും ഹോം ഫ്രണ്ട് കമാൻഡ് മുന്നറിയിപ്പ് നല്‍കി.

ഇസ്രയേല്‍-ഇറാൻ സംഘർഷം ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അത് ആഗോള തലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ലോകത്തെ പ്രധാന എണ്ണ ഉല്പാദന മേഖലയായ പശ്ചിമേഷ്യയിലെ അസ്ഥിരത ക്രൂഡ് ഓയില്‍ വില കുതിച്ചുയരാൻ കാരണമാകും. ഇത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.

ഇറാൻ, ഇസ്രയേല്‍ ആകാശപാതകള്‍ അടയ്ക്കുന്നത് അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കും. വിമാന ടിക്കറ്റ് നിരക്കുകള്‍ വർദ്ധിക്കാനും യാത്രകള്‍ വൈകാനും ഇത് ഇടയാക്കും. ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ജോലി ചെയ്യുന്ന മേഖലയായതിനാല്‍ പശ്ചിമേഷ്യയിലെ ഓരോ ചലനവും കേരളത്തിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇന്ത്യ സമാധാന ചർച്ചകള്‍ക്ക് ഊന്നല്‍ നല്‍കണമെന്നാണ് അന്താരാഷ്ട്ര വേദികളില്‍ ആവശ്യപ്പെടുന്നത്.എങ്കിലും, സ്ഥിതിഗതികള്‍ വഷളായാല്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ‘ഓപ്പറേഷൻ അജയ്’ പോലുള്ള രക്ഷാദൗത്യങ്ങള്‍ക്ക് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നുണ്ടെന്നാണ് സൂചനകള്‍.

ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇതിന് മറുപടിയായി ഇറാൻ മിസൈല്‍ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേല്‍ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ മിസൈല്‍ ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതല്‍ എന്ന നിലയില്‍ ഹോം ഫ്രണ്ട് കമാൻഡ് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.