സൗമ്യ പിടഞ്ഞു വീണ ഇസ്രാ മൻസിൽ ഇപ്പോഴും അടഞ്ഞുകിടക്കുന്നു. നടുക്കം മാറാതെ വീട്ടുകാർ ബന്ധുവീടുകളിൽ
സ്വന്തം ലേഖിക
ചാരുംമൂട്: പോലീസുകാരന്റെ കൊലക്കത്തിക്കിരയായ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യ പിടഞ്ഞുവീണ അയൽവീട് ഇപ്പോഴും അടഞ്ഞു കിടക്കുന്നു. പ്രാണരക്ഷാർത്ഥം സൗമ്യ ഓടിക്കയറാൻ ശ്രമിച്ചത് അയൽപക്കമായ ഇസ്രാ മൻസിലിൽ തസ്നിയുടെ വീട്ടിലേക്കാണ്. തസ്നിയും ഭർതൃമാതാവായ അദവിയക്കുഞ്ഞുമാണ് ഇവിടെ താമസം. ദൃക്സാക്ഷികളായിരുന്ന ഇവരിൽ നിന്നും നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല.സൗമ്യയുടെ ശരീരത്തിൽ നിന്നുവീണ രക്തത്തിന്റെയും ശരീരം വെന്തുരുകിയതിന്റെയും അവശിഷ്ടങ്ങൾ ഇപ്പോഴും മുറ്റത്ത് അവശേഷിക്കുന്നു. തീപിടിച്ച ശരീരവുമായി അജാസ് ഓടി നടന്നതിനിടെ ഇറ്റുവീണ രക്തക്കറകളൂം ഇപ്പോഴും മാഞ്ഞിട്ടില്ല.സൗമ്യയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഉൾപ്പെടെ ധാരാളം പേർ എത്തുന്നുണ്ട്. ഇവരിൽ പലരും സൗമ്യ മരിച്ചു കിടന്ന ഇസ്രാ മൻസിലിലും എത്തുന്നുണ്ട്. സംഭവത്തിന് ശേഷം വീട്ടുകാർ അടുത്തുള്ള ബന്ധു വീട്ടിലേക്ക് മാറിയിരിക്കുകയാണ്.