ദൈവലോകം തേടി ഐ.എസിൽ ചേർന്നു: കണ്ണൂരിൽ രണ്ടു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ നാലു പേർ കൊല്ലപ്പെട്ടു; മലയാളി സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമകളാക്കിയതായും റിപ്പോർട്ട്

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കണ്ണൂർ: ദൈവലോകം തേടി ഐ.എസിൽ ചേർന്ന ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ അടക്കം നാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമയാക്കിയതായും റിപ്പോർട്ടിൽ സൂചനയുണ്ട്. രഹസ്യാന്വേഷണ വിഭാഗമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് കണ്ണൂർ സിറ്റി പൊലീസിനു കൈമാറിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ടി.വി ഷെമീർ, അൻവർ ഷെമീറിന്റെ മക്കളായ സഫ് വാൻ, സൽമാൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന ലഭിക്കുന്നത്. ഇരുവരുടെയും ഭാര്യമാരായ സഹോദരിമാരെ ഐ.എസ് ലൈംഗിക അടിമയാക്കിയതായും റിപ്പോർട്ടുണ്ട്. ഷെമീറും, അൻവറും ഭാര്യമാരും മക്കളും അടക്കം പത്തു പേരാണ് കണ്ണൂരിൽ നിന്നും ഐ.എസിൽ ചേരാൻ പുറപ്പെട്ടത്. ഇവരുടെ മരണമാണ് ഇപ്പോൾ പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബർ 19 ന് ശേഷമാണ് ഇവരെ കാണാതായതെന്നാണ് റിപ്പോർട്ടുകൾ. വീട്ടിൽ നിന്നും വിനോദ യാത്രയ്്‌ക്കെന്ന പേരിൽ ടി.വി ഷമീറും കുടുംബവുമാണ് ആദ്യം ഐ.എസിൽ ചേരാനായി പോയത്. ബംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ വിനോദ യാത്രയ്ക്കായി പോകുകയാണെന്ന് അറിയിച്ചാണ് ഇവർ വീട്ടിൽ നിന്നും പോയത്. അൻവറും ഭാര്യയും മൂന്നു കുട്ടികളും പിന്നാലെ വീട്ടിൽ നിന്നുംം പോകുകയും ചെയ്തു. വീട്ടിൽ നിന്നും ഇവർ പോകുന്ന സമയത്ത് അൻവറിന്റെ ഭാര്യ ഗർഭിണിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അൻവറിന്റെയും, ഷമീറിന്റെയും ഭാര്യമാർ സഹോദരിമാരാണ്. ഭർത്താക്കൻമാരുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഇരുവരും കുട്ടികളെയുമായി ഐ.എസിൽ ചേരാൻ പോയതൈന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഇവരെ കാണാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറാൻ വഴി ഇവർ സിറിയയിൽ എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് ഇതു സംബന്ധിച്ചു ഇന്റർ പോളിനും മറ്റ് വിദേശ ഏജൻസികൾക്കും വിവരങ്ങളും കൈമാറിയിരുന്നു. കാണാതായവരുടെ ചിത്രങ്ങൾ സഹിതമാണ് വിവരങ്ങൾ കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിലുണ്ടായിരുന്ന രണ്ട് പുരുഷൻമാരും രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്. ഷമീറിന്റെയും അൻവറിന്റെയും ഭാര്യമാരെ ഐഎസ് ലൈംഗിക അടിമകളാക്കിയിരിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂരിൽ നിന്നു മാത്രം ഇതുവരെ 35 പേരാണ് സിറിയയിലേയ്ക്ക് കടന്ന് ഐഎസിൽ ചേർന്നിരിക്കുന്നത്. ഇതേ കുടുംബത്തിലെ മറ്റൊരു മകളും ഭർത്താവും മൂന്നു കുട്ടികളും നേരത്തെ തന്നെ ഐഎസിൽ എത്തിയിരുന്നു. ഇവർ ഇപ്പോൾ എവിടെയാണെന്നത് സംബന്ധിച്ചു നിലവിൽ കൃത്യമായ വിവരവുമില്ല.